കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ്: നെല്‍കൃഷി നശിച്ചവര്‍ക്ക് ആനുകൂല്യം കിട്ടില്ല
ആലത്തൂര്‍: കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നവരില്‍ അധികമഴമൂലം കൃഷി നശിച്ചവര്‍ക്ക് ആനുകൂല്യം കിട്ടില്ല. പ്രളയം പരിരക്ഷയായി ഉള്‍പ്പെടുത്താത്തതാണ് കാരണം.
മഴക്കുറവ്, ഉണക്ക്,കൂടിയ താപനില എന്നീ കാരണങ്ങളാല്‍ നെല്‍കൃഷി നശിച്ചാല്‍ മാത്രമേ ആനുകൂല്യം ലഭിക്കൂ. മഴക്കൂടുതല്‍ മൂലം നെല്‍കൃഷി നശിച്ചാല്‍ പരിരക്ഷ നല്‍കുന്നത് നിലവിലെ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കരിമ്പ്, വാഴ എന്നീ വിളകള്‍ക്ക് അധിവര്‍ഷവും കാലം തെറ്റിയുള്ള മഴയുംമൂലമുള്ള കൃഷി നാശത്തിന് ആനുകൂല്യം ലഭിക്കുന്നതിന് ഇതേ പദ്ധതിയില്‍ വ്യവസ്ഥയുള്ളപ്പോഴാണിത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യയാണ് പ്രീമിയം സ്വീകരിക്കുന്നത്. നെല്ലിന് കൃഷിനാശം സംഭവിച്ചാല്‍ ഏക്കറിന് 20,000 രൂപയാണ് ആനുകൂല്യം. 400 രൂപയാണ് പ്രീമിയം. പ്രീമിയം തുകയുടെനാല് ശതമാനം വീതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമാണ്. രണ്ട് ശതമാനം മാത്രമാണ് കര്‍ഷകവിഹിതം.
ഒമ്പത് വര്‍ഷം മുമ്പാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ആനുകൂല്യ വിതരണം മന്ദഗതിയിലാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രിമീയം വിഹിതം കിട്ടാത്തത് ആനുകൂല്യ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നതായി ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ പറയുന്നു.
പ്രാദേശികമായി സ്ഥാപിച്ചിട്ടുള്ള കാലാവസ്ഥ നിരീക്ഷണ നിലയങ്ങളുടെ സാറ്റലെറ്റ് മുഖേനെയുള്ള വിവരങ്ങള്‍ കേന്ദ്രീകൃതമായി ക്രോഡീകരിച്ചാണ് ഓരോ പ്രദേശത്തെയും കാലാവസ്ഥ വ്യതിയാനം വിലയിരുത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രദേശം മഴക്കുറവോ, ഉണക്കോ, കൂടിയ താപനിലയോ ബാധിതമായി കണ്ടെത്തിയാല്‍ ആ പ്രദേശത്ത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്ന എല്ലാ കര്‍ഷകര്‍ക്കും ആനുകൂല്യം കിട്ടും. കൃഷി ഇറക്കിയില്ലെങ്കിലും കൃഷി നശിച്ചില്ലെങ്കിലും കര്‍ഷകന്റെ അക്കൗണ്ടിലേക്ക് ഇന്‍ഷുറന്‍സ് തുക എത്തും.
ഓരോ വര്‍ഷവും കൃഷിവകുപ്പ് നല്‍കുന്ന കാലാവസ്ഥവ്യതിയാനം സംബന്ധിച്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിളഇന്‍ഷുറന്‍സ് പോളിസിയിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയെന്ന് അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. മഴക്കൂടുതല്‍ മൂലമുള്ള കൃഷിനാശം ഇത്തവണ പ്രതീക്ഷിച്ചിരുന്നില്ല എന്നതിനാല്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഈ വ്യവസ്ഥ പറഞ്ഞ് കര്‍ഷകര്‍ക്ക് ആനുകൂലം നിഷേധിക്കരുതെന്ന് ഐക്യ നെല്‍കര്‍ഷക യൂണിയന്‍ സംസ്ഥാന ചെയര്‍മാന്‍ ജോബ് ജെ.നെടുങ്കാടന്‍ ആവശ്യപ്പെട്ടു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് ഇതു സംബന്ധിച്ച് നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."