പി.ജെ കുര്യനെ സൂര്യനെല്ലി കേസില്‍ കുടുക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചെന്ന് സിബി മാത്യൂസ്
തിരുവനന്തപുരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യനെ സൂര്യനെല്ലി കേസില്‍ കുടുക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചെന്ന് മുന്‍ ഡി.ജി.പി സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍.
അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച 'നിര്‍ഭയം' എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തലുള്ളത്. 2013 ജനുവരിയില്‍ നടന്ന ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സിബി മാത്യൂസ് ഇക്കാര്യങ്ങളൊക്കെ വിവരിക്കുന്നത്.
തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഇത്തരം ശ്രമങ്ങള്‍ നടത്തിയതെന്ന് പുസ്തകം പറയുന്നു. സൂര്യനെല്ലി കേസില്‍ കുര്യനെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ വന്നിരുന്ന കാലമായിരുന്നു അത്.
ഇതേത്തുടര്‍ന്ന് സഭയ്ക്കകത്ത് പ്രതിപക്ഷമായ എല്‍.ഡി.എഫും പുറത്ത് ബി.ജെ.പിയും മുഖ്യവിവരാവകാശ കമ്മിഷന്‍ സ്ഥാനത്തുനിന്ന് സിബി മാത്യൂസിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കിയിരുന്നു. കുര്യന്‍ ക്രിസ്ത്യാനിയായതിനാല്‍ സിബി മാത്യൂസ് രക്ഷിച്ചുവെന്ന തരത്തിലും പ്രചാരണമുണ്ടായതായി പുസ്തകം പറയുന്നു.
പുസ്തകത്തിലെ വിവാദ പരാമര്‍ശമിങ്ങനെ: 'സൂര്യനെല്ലി കേസിലെ പ്രതികള്‍ക്ക് ജില്ലാ കോടതി ശിക്ഷ ഉറപ്പാക്കിയപ്പോള്‍ സര്‍ക്കാരില്‍നിന്ന് അനുമോദനങ്ങളും പാരിതോഷികവും വാങ്ങിയ അതേ വ്യക്തി 12 വര്‍ഷം കഴിഞ്ഞപ്പോഴാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. അയാളെ ചാനല്‍ മുറിയിലേക്ക് എത്തിച്ചത് ഒരു മന്ത്രിയായിരുന്നു.
ആഭ്യന്തര വകുപ്പ് ഹരിപ്പാട്ടുകാരന്‍ തട്ടിയെടുക്കുമോയെന്ന് ഭയന്നിരുന്ന മന്ത്രി വകുപ്പ് മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന പി.ജെ കുര്യനെ അടിച്ചൊതുക്കാന്‍ സൂര്യനെല്ലിയുടെ വടി ഉപയോഗിക്കാന്‍ അണിയറയില്‍ പലരും പ്രവര്‍ത്തിച്ചു.
ഒരു മലയാളം ചാനല്‍ നിയന്ത്രിച്ചിരുന്ന പാര്‍ലമെന്റ് മെമ്പറും ഡല്‍ഹിയിലിരുന്ന് 2ജി അന്വേഷണം നിയന്ത്രിച്ചിരുന്ന മറ്റൊരു നേതാവും ചേര്‍ന്ന് നടത്തിയ നീക്കങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു'.
2ജി ഇടപാടിന്റെ അന്വേഷണം നിയന്ത്രിച്ചിരുന്നത് ജോയിന്റ് പാര്‍ലമെന്ററി സമിതി ചെയര്‍മാനായിരുന്ന പി.സി ചാക്കോ ആയിരുന്നു. ഏഷ്യാനെറ്റ് ഉടമയായ രാജീവ് ചന്ദ്രശേഖറിനും കുര്യനെ കുടുക്കാന്‍ ശ്രമിച്ചതില്‍ പങ്കുണ്ടെന്നാണ് സിബി മാത്യൂസിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."