വിഴിഞ്ഞം പദ്ധതിയിലെ സി.എ.ജി റിപ്പോര്‍ട്ടില്‍ അപാകത ഉമ്മന്‍ ചാണ്ടി കത്തയച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറിലെ വീഴ്ചകള്‍ പരാമര്‍ശിച്ച് സി.എ.ജി നിയസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചു. ഡല്‍ഹിയിലെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മയ്ക്കാണ് പരാതി നല്‍കിയത്.
വസ്തുതകള്‍ക്ക് നിരക്കാത്ത റിപ്പോര്‍ട്ടാണിതെന്നാണ് പ്രധാനപരാതി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തന്റെ സര്‍ക്കാര്‍ കരാറിന് അനുമതി നല്‍കിയത്. കേന്ദ്ര പ്ലാനിങ് ബോര്‍ഡിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചായിരുന്നു ഇത്. അങ്ങനെയുള്ള കരാറിനെതിരേ സി.എ.ജി നടത്തിയ പരാമര്‍ശം വസ്തുതാവിരുദ്ധമാണ്.
പദ്ധതിയെ എതിര്‍ക്കുന്ന ചില ബാഹ്യശക്തികളുടെ ഇടപെടലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ടിനു പിന്നില്‍. അതിനാല്‍ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടിലെ വീഴ്ചകള്‍ ഓരോന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴായി നല്‍കിയ വിശദീകരണങ്ങളൊന്നും ഇതില്‍ ചേര്‍ത്തിട്ടില്ല. പദ്ധതി ഓഡിറ്റില്‍ പുറത്ത്‌നിന്നുള്ള സഹായിയായി പ്രവര്‍ത്തിച്ച ആര്‍. തുളസീധരന്‍ പിള്ള രണ്ടുവര്‍ഷം മുന്‍പ് ഒരു വാരികയില്‍ മുന്‍വിധിയോടെ എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങളെല്ലാം റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിരിക്കുന്നു. ഇക്കാര്യം പരിശോധിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നു.
വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടുമായി താരതമ്യം നടത്താന്‍ സി.എ.ജി തയാറായില്ല. കണ്‍സഷന്‍ കാലാവധി 30ല്‍നിന്ന് 40 വര്‍ഷമായി ഉയര്‍ത്തിയത് സംസ്ഥാനത്തിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം സംബന്ധിച്ചും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പദ്ധതി ചര്‍ച്ചയുടെ ഇടയ്ക്കുവച്ചെടുത്ത തീരുമാനമല്ല. തുടക്കം മുതല്‍ തന്നെ ഈ വ്യവസ്ഥയുണ്ട്. അത് പരസ്യമാക്കിയതുമാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) അനുവദിക്കാന്‍ കാരണം പദ്ധതി നഷ്ടത്തിലായിരിക്കുമെന്ന പഠന റിപ്പോര്‍ട്ട് കണക്കിലെടുത്താണ്.
നഷ്ടമാണെന്ന് ഉറപ്പായ പദ്ധതി ഏറ്റെടുക്കാന്‍ വന്നപ്പോഴാണ് അദാനി ഗ്രൂപ്പിന് ആ വ്യവസ്ഥ അംഗീകരിച്ചു നല്‍കേണ്ടി വന്നതെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കരാര്‍ സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് വന്‍ ലാഭം ഉണ്ടാക്കുന്നതാണ് പദ്ധതിയെന്നുമായിരുന്നു 23ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.എ.ജി ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെയാണ് കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."