റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ സി.എ.ജി വിളിച്ചുവരുത്തി
തിരുവനന്തപുരം: തുറമുഖവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആയിരുന്ന ജയിംസ് വര്‍ഗീസിന്റെ പരാതിയെ തുടര്‍ന്ന് അക്കൗണ്ടന്റ് ജനറലിനെയും വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെയും സി.എ.ജി വിളിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പരാതിക്കു പിന്നാലെയാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി സി.എ.ജിക്ക് വ്യക്തിപരമായി പരാതി നല്‍കിയത്. ഗൂഢ ഉദ്ദേശത്തോടെ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പിഴവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പുനഃപരിശോധിക്കണം എന്നുമാണ് ജയിംസ് വര്‍ഗീസിന്റെ ആവശ്യം. മത്സരരംഗത്തുള്ള മറ്റ് തുറമുഖങ്ങളെ പരിഗണിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ട് വിഴിഞ്ഞത്തെ തകര്‍ക്കുന്നതാണ്. എ.ജി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്കാന് അവസരം കിട്ടിയില്ല.
ഉദ്യോഗസ്ഥരുടെ വിശദീകരണം കേള്‍ക്കാതെയാണ് എ.ജി റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇല്ലാതിരുന്ന പല കാര്യങ്ങളും ഉള്‍പ്പെടുത്തിയ അന്തിമ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൂര്‍ണമായും തെറ്റാണെന്നും ജയിംസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സി.എ.ജി ഓഫിസ് ജയിംസ് വര്‍ഗീസിനോട് വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നാണ് അക്കൗണ്ടന്റ് ജനറലിനെയും വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെയും വിളിപ്പിച്ചത്. ഉദ്യോഗസ്ഥ സംഘം ശനിയാഴ്ച ഡല്‍ഹിയിലെത്തിയെങ്കിലും സി.എ.ജിയെ നേരില്‍ കാണാനായിരുന്നില്ല. ഇന്നലെയാണ് നേരില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."