അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'സര്‍ക്കാര്‍ അധികാരത്തിലുള്ളത് ബി.ജെ.പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല'
തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ബി.ജെ.പി പ്രസിഡന്റ് അമിത്ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതി എന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും യഥാര്‍ത്ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത്ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്.
സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിര്‍ത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന പഴയ മനുസ്മൃതി വാദത്തില്‍ത്തന്നെയാണ് തങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നത് എന്നാണ് അമിത്ഷായുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യമടക്കമുള്ള ആധുനിക സങ്കല്‍പങ്ങള്‍ മുമ്പോട്ടുവെയ്ക്കുന്ന തുല്യത മൗലികാവകാശങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമൂഹമൊന്നാകെ ഇത്തരം പ്രാകൃത വാദങ്ങള്‍ക്കെതിരെ അണിനിരക്കേണ്ടതുണ്ട്.
ഗവണ്‍മെന്റിനെ വീഴ്ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അമിത്ഷാ ഈ ഗവണ്‍മെന്റ് അധികാരത്തിലുള്ളത് ബിജെപിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണ് എന്നത് ഓര്‍ക്കണം. ആ ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത്ഷാ തന്റെ പ്രസ്താവനയിലൂടെ നല്‍കുന്നത്. ജനാധിപത്യ വിശ്വാസികളാകെ ഇതിനെതിരെ ശബ്ദമുയര്‍ത്തണം. പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കുന്നതിന്റെയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും പേരിലാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."