ജഡ്ജിമാരെ തെരഞ്ഞെടുക്കാന്‍ ഇനി കേന്ദ്രീകൃത പരീക്ഷ
ന്യൂഡല്‍ഹി: കീഴ്‌കോടതികളിലേക്കുള്ള ജുഡിഷ്യല്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനായി നീറ്റ് മാതൃകയില്‍ പരീക്ഷ ആരംഭിക്കാന്‍ നീക്കം. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ നിര്‍ദേശം സുപ്രിം കോടതിക്കു മുന്‍പാകെ വച്ചിട്ടുണ്ട്. നിലവില്‍ ഹൈക്കോടതികളും സംസ്ഥാന സര്‍വിസ് കമ്മിഷനുകളുമാണ് കീഴ്‌ക്കോടതികളിലെ ജഡ്ജിമാരെ തെരഞ്ഞെടുക്കാന്‍ പരീക്ഷ നടത്തുന്നത്.
പുതിയ നിര്‍ദേശങ്ങളടങ്ങുന്ന കത്ത് കേന്ദ്ര നിയമ മന്ത്രാലയം സെക്രട്ടറി സ്‌നേഹലത ശ്രീവാസ്തവ സുപ്രിംകോടതി സെക്രട്ടറി ജനറല്‍ രവിന്ദ്ര മൈത്താനിക്ക് കൈമാറിയിട്ടുണ്ട്. നീറ്റിനു പുറമെ വേറയും രീതിയിലുള്ള പരീക്ഷാമാതൃകകള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പരീക്ഷാബോര്‍ഡിന്റെ നേതൃത്വത്തില്‍ കേന്ദ്രീകൃത പരീക്ഷ നടത്തുന്നതിനെ കുറിച്ച് ആലോചിക്കാനും നിര്‍ദേശമുണ്ട്. യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷനോട്(യു.പി.എസ്.സി) ജുഡിഷ്യല്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ നടത്താന്‍ ആവശ്യപ്പെടാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് പേഴ്‌സനല്‍ സെലക്ഷന്‍(ഐ.ബി.പി.എസ്) പിന്തുടരുന്ന മാതൃക സ്വീകരിക്കാമെന്ന് കത്തില്‍ പറയുന്നു.
നീതിന്യായ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനു വേണ്ട നടപടികള്‍ ആലോചിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ എട്ടിനു ചേര്‍ന്ന സര്‍ക്കാര്‍-ജുഡിഷ്യറി യോഗത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയത്. സുപ്രിംകോടതി ജഡ്ജി ആദര്‍ശ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താന്‍ കേന്ദ്രീകൃത പരീക്ഷ ആരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. 2015 ഡിസംബര്‍ 31നു പുറത്തുവിട്ട കണക്കുപ്രകാരം രാജ്യവ്യാപകമായി 4,452 ജഡ്ജിമാരുടെ ഒഴിവുണ്ട്. നിയമപ്രകാരം 20,502 തസ്തികകളാണ് കീഴ്‌കോടതികളിലുള്ളത്. നിലവില്‍ ഇത് 16,050 ആണ്.
പുതിയ നിര്‍ദേശങ്ങള്‍ അവധിക്കാലത്തിനു ശേഷം ജൂലൈയില്‍ കോടതി പരിഗണിക്കുമെന്നാണ് വിവരം. 1960ല്‍ അന്നത്തെ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശമാണ് ഇപ്പോള്‍ നിയമ മന്ത്രാലയം പൊടിതട്ടിയെടുത്തിരിക്കുന്നത്. ഇതിനെതിരേ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് അടക്കം ഏഴു സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. ബിഹാര്‍, ചത്തിസ്ഗഢ്, മണിപ്പൂര്‍, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവയാണ് എതിര്‍പ്പ് പ്രകടിപ്പിച്ച മറ്റു സംസ്ഥാനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."