ഐലീഗ്: മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ഗോകുലം കേരള എഫ്.സി
പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ കരുത്തരായ മോഹന്‍ബഗാനെ സമനിലയില്‍ തളച്ച് ഗോകുലം കേരള എഫ്.സി പുതിയസീസണിന് ആരംഭംകുറിച്ചു. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ വൈകീട്ട് നടന്ന ആവേശപോരാട്ടത്തില്‍ ഒരുഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാംപകുതിയില്‍ സെല്‍ഫ് ഗോളിലൂടെ കേരളം സമനില പിടിക്കുകയായിരുന്നു.
കളിയുടെ നാല്‍പതാം മിനുറ്റില്‍ ഉഗാണ്ടന്‍ താരം ഹെന്‍ട്രി കിസേക്കയിലൂടെയാണ് കൊല്‍ക്കത്തന്‍ ക്ലബ് മുന്നിലെത്തിയത്. എഴുപത്തൊന്നാം മിനിറ്റില്‍ ബഗാന്‍ പ്രതിരോധതാരം ലാല്‍ചന്‍കിമയിലൂടെ ലഭിച്ച സെല്‍ഫ് ഗോളാണ് കേരളത്തെ കൈവിട്ടുപോകുമായിരുന്ന മത്സരത്തില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നത്.
കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത മലയാളിതാരം അര്‍ജ്ജുന്‍ ജയരാജിനെ മാന്‍ ഓഫ്ദിമാച്ചായി തെരഞ്ഞെടുത്തു. അതേസമയം, ഗോകുലം ക്യാമ്പ് ഏറെ പ്രതീക്ഷയര്‍പ്പിച്ച അന്റോണിയോ ജര്‍മെയ്ന്‍ നിറംമങ്ങി. ഗോകുലത്തിന്റെ മികച്ച മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യമിനിറ്റില്‍ ബോക്‌സിനുള്ളില്‍വെച്ച് ഗോകുലം ക്യാപ്റ്റന്‍ മുഡ്ഡെ മൂസയ്ക്ക് ലഭിച്ച സുവര്‍ണാവരം പാഴായി. പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത മോഹന്‍ ബഗാന്‍ കേരള പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു.
മലയാളി ഗോള്‍കീപ്പര്‍ ഷിബിന്‍രാജിന്റെ അവസരോചിത ഇടപെടലാണ് അരഡസണോളം ബഗാന്‍ നീക്കങ്ങളെ തടഞ്ഞുനിര്‍ത്തിയത്. 22ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിലേക്ക് പ്ലെയ്‌സ് ചെയ്ത കിസേക്കയുടെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് ഫുള്‍ലെഗ്ത് ഡൈവിലൂടെ തട്ടിയകറ്റിയാണ് കേരള പ്രതിരോധതാരം അഭിഷേക്ദാസ് അപകടം ഒഴിവാക്കിയത്.
മത്സരത്തിന്റെ നാല്‍പതാം മിനിറ്റില്‍ കേരള ബോക്‌സിന്റെ പുറത്ത് വച്ച് ബഗാന്‍ പ്രതിരോധതാരം അരിജിത്തിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച കിക്കില്‍ നിന്നാണ് ആദ്യഗോളിന് വഴിയൊരുങ്ങിയത്. അരിജിത്ത് ഉതിര്‍ത്ത കിക്കിനായി ഉയര്‍ന്നുചാടിയ മുന്‍ഗോകുലം താരം കൂടിയായ ഹെന്‍ട്രി കിസേക്ക കേരള പ്രതിരോധതാരങ്ങളെ കാഴ്ചക്കാരാക്കി ഉജ്ജ്വല ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കുകായിരുന്നു.
രണ്ടാംപകുതിയില്‍ നിര്‍ണായകമാറ്റങ്ങളുമായി ഇറങ്ങിയ ആതിഥേയര്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. 50ാം മിനുറ്റില്‍ ഗാനി അഹമ്മദ് നിഗമിനെ പിന്‍വലിച്ച് മലയാളി മുന്നേറ്റതാരം എസ്. രാജേഷിനെ ഇറക്കിയ ഗോകുലം കോച്ചിന്റെ പരീക്ഷണം വിജയം കാണുകയായിരുന്നു. രാജേഷും അര്‍ജുന്‍ ജയരാജും മൂഡേ മൂസയും ചേര്‍ന്ന് തുടരെ തുടരെ ബഗാന്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയടുത്തു. ഒടുവില്‍ കാണികളുടെ കാത്തിരിപ്പിന് വിരാമമിട്ട് 71ാം മിനുറ്റില്‍ സുന്ദരനിമിഷമെത്തി. മധ്യനിരതാരം അര്‍ജുന്‍ജയരാജിന് ബോക്‌സിനുള്ളില്‍ലഭിച്ച പന്ത് ബഗാന്‍ ഗോളി ശങ്കര്‍റോയി സേവ് ചെയ്യുന്നതിനിടെ റീ ബൗണ്‍ ചെയ്തപ്പോള്‍ വീണ്ടും അര്‍ജുന്റെ ഹെഡ്ഡര്‍ ബഗാന്‍ ഡിഫെന്റര്‍ ലാല്‍ചന്‍കിമയുടെ ദേഹത്ത് തട്ടി വലകുലുക്കുകയായിരുന്നു. അവസാനമ ിനിറ്റുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ഇരുടീമുകളും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ബുധനാഴ്ച നെരോക്ക എഫ്.സിക്കെതിരെയാണ് കേരളത്തിന്റെ അടുത്തമത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."