തെരേസാ മേയ്‌ക്കെതിരേ പാളയത്തില്‍ പട
ലണ്ടന്‍: ബ്രിട്ടനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായ നീളുന്നതിനിടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ തേരേസാ മേയ്‌ക്കെതിരേ പാളയത്തില്‍പട. മേയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു നീക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. അതിനിടെ, അപ്രതീക്ഷിതമായ മന്ത്രിസഭാ പുനഃസംഘടനയില്‍ തന്റെ ഉറ്റസുഹൃത്തായ ഡാമിയന്‍ ഗ്രീനിനെ പ്രഥമ സെക്രട്ടറിയും കാബിനറ്റ് ഓഫിസ് മന്ത്രിയുമായി നിയമിച്ചു. നീതിന്യായ വകുപ്പ് സെക്രട്ടറി ലിസ് ട്രസ്സിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
മുന്‍ ലണ്ടന്‍ മേയറും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പ്രധാനമന്ത്രി സ്ഥാനത്തിനായി അട്ടിമറിശ്രമങ്ങള്‍ നടക്കുന്നതായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. കണ്‍സര്‍വേറ്റിവ് നേതാവും മുന്‍ യു.കെ ചാന്‍സലറുമായ ജോര്‍ജ് ഒസ്‌ബോണിനെ കൂട്ടുപിടിച്ചാണ് ജോണ്‍സന്‍ നീക്കം നടത്തുന്നത്. മന്ത്രിസഭയില്‍ അഞ്ചോളം പേര്‍ തനിക്ക് പിന്തുണ അറിയിച്ചതായി ബോറിസ് അവകാശപ്പെട്ടു. മേ മരിച്ച ശേഷവും നടക്കുന്ന ശരീരമാണെന്നും ഡൗണിങ് സ്ട്രീറ്റില്‍ അവരുടെ ദിനം എണ്ണപ്പെട്ടു കഴിഞ്ഞെന്നും ഒസ്‌ബോണ്‍ ഇന്നലെ മേയ്‌ക്കെതിരേ ആഞ്ഞടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തെരേസാ മേ ആണ് ജോര്‍ജ് ഒസ്‌ബോണിനെ മേയര്‍ സ്ഥാനത്തുനിന്ന് നീക്കിയത്.
പാര്‍ട്ടിയുമായും കാബിനറ്റുമായും കൂടിയാലോചിച്ച ശേഷം മാത്രമേ പുതിയ തീരുമാനമെടുക്കാവൂവെന്ന് മേയ്ക്ക് പ്രതിരോധ സെക്രട്ടറി സര്‍ മിച്ചല്‍ ഫാളനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിലനില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ടോറികളാണ് തെരേസാ മേയ്‌ക്കെതിരേ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
തേരാസേ മേയുടെ വിശ്വസ്തരായ രണ്ട് ഉപദേഷ്ടാക്കള്‍ ശനിയാഴ്ച രാജിവച്ചിരുന്നു. നിക് തിമോത്തി, ഫിയോന ഹില്‍ എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ പാര്‍ട്ടിക്കകത്തു തന്നെ വന്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു രാജി. ഇരുവരെയും പുറത്താക്കിയില്ലെങ്കില്‍ തങ്ങള്‍ പിന്തുണ പിന്‍വലിക്കുമെന്ന് ടോറി എം.പിമാര്‍ തെരേസാ മേയോട് ഭീഷണി മുഴക്കിയിട്ടുണ്ട്.
അതിനിടെ, പാര്‍ലമെന്റില്‍ 326 എന്ന മാന്ത്രികസംഖ്യ സ്വന്തമാക്കാനുള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നീക്കം എവിടെയുമെത്തിയില്ല. പത്ത് അംഗങ്ങളുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡി.യു.പിയുമായി ചേര്‍ന്ന് ഭരണം പിടിക്കാനുള്ള തെരേസാ മേയുടെ നീക്കം ഇനിയും വിജയം കണ്ടിട്ടില്ല. പാര്‍ട്ടിയുടെ ചീഫ് വിപ്പ് ഗേവിന്‍ വില്യംസണ്‍ ശനിയാഴ്ച തന്നെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തലസ്ഥാനമായ ബെല്‍ഫാസ്റ്റിലെത്തി ഡി.യു.പി നേതൃത്വവുമായി ചര്‍ച്ച ആരംഭിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചയുടെ ഫലം ഇതുവരെ വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച ഡി.യു.പി നേതാക്കളെ തെരേസാ മേ നേരിട്ട് സന്ദര്‍ശിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത കഴിഞ്ഞ ദിവസവും ലേബര്‍ പാര്‍ട്ടി നേതാവ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."