ഭീകരതയ്‌ക്കെതിരേ പോരാടാന്‍ ഖത്തര്‍ യു.എസ് സഹായം തേടി
വാഷിങ്ടണ്‍: ഭീകരതയുടെ പേരില്‍ അറബ് രാഷ്ട്രങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയും യു.എസ് പ്രസിഡന്റിന്റെ പഴികേള്‍ക്കുകയും ചെയ്യുന്ന ഖത്തര്‍ ആഗോള ഭീകരതക്കെതിരേ പൊരുതാന്‍ മുന്‍ യു.എസ് അറ്റോര്‍ണി ജനറലായ ജോണ്‍ ആഷ്‌ക്രോഫ്റ്റിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തല്‍.
ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സാമ്പത്തിക മാന്ദ്യ പരിഹാര നടപടികള്‍ കൈക്കൊള്ളുന്നതിനുമായി ഖത്തര്‍ ജോണ്‍ ആഷ്‌ക്രോഫ്റ്റിന്റെ നിയമ സ്ഥാപനത്തിന്റെ സേവനം 90 ദിവസത്തേക്ക് തേടിയിരുന്നതിന്റെ രേഖകളാണ് പുറത്തുവന്നത്.
സേവനങ്ങളുടെ പ്രതിഫലമായി 25 ലക്ഷം ഡോളര്‍ സ്ഥാപനത്തിന് നല്‍കുമെന്ന് യു.എസ് ട്രഷറി നിയമവും ഫോറിന്‍ ഏജന്റസ് രജിസ്‌ട്രേഷന്‍ ആക്ടും പ്രകാരം യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. 2001 സെപ്തംബര്‍ 11 ലെ ഭീകരാക്രമണകാലത്ത് യു.എസിലെ അറ്റോര്‍ണി ജനറലായിരുന്നയാളാണ് ജോണ്‍ ആഷ്‌ക്രോഫ്റ്റ്.
രാജ്യം ആഗോള തീവ്രവാദ ഭീഷണിക്കെതിരേ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നു എന്ന് യു.എസിനെയും മറ്റു വിമര്‍ശകരെയും ബോധ്യപ്പെടുത്തുന്നതിനാണ് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിനു നല്‍കിയ രേഖകള്‍ പുറത്തുവിട്ടത്. ക്രൈസിസ് മാനേജ്‌മെന്റ്, പ്രോഗ്രാം ആന്‍ഡ് സിസ്റ്റം അനാലിസിസ്, മാധ്യമ വ്യാപനം, വിദ്യാഭ്യാസം, നിലവിലെയും ഭാവിയിലെയും ഭീകര ഭീഷണി തടയല്‍ തുടങ്ങിയ കാര്യങ്ങളിലാണ് ആഷ്‌ക്രോഫ്റ്റ് നിയമ സ്ഥാപനത്തിന്റെ സേവനം ഖത്തര്‍ തേടിയിരുന്നതെന്ന് സ്ഥാപന പങ്കാളി മൈക്കള്‍ സുള്ളിവന്‍ രേഖകള്‍ക്കൊപ്പം ഫയല്‍ ചെയ്ത കത്തില്‍ വിവരിക്കുന്നു.
വെളിപ്പെടുത്തല്‍ ഖത്തറിനുനേരെ ഉയര്‍ന്നിട്ടുള്ള സംശയത്തിന്റെ മുനയൊടിക്കാന്‍ പോന്നതാണ്. ഖത്തര്‍ ഭീകര സംഘടനയക്ക് സാമ്പത്തിക സഹായം ചെയ്യുന്നതായും ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളായ ഇറാനോടും ഇസ്‌റാഈലിനോടും മൃദുസമീപനം പുലര്‍ത്തുന്നതായും ആരോപിച്ച് സഊദി അറേബ്യയും യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്. ഖത്തര്‍ പൗരന്മാരെയും സംഘടനകളെയും ഉള്‍പ്പെടുത്തി ഭീകരപട്ടികയും ഈ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഖത്തറിനെതിരേയുള്ള നടപടികളെ പിന്തുണയ്ക്കുന്ന നിലപാടാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. ഖത്തര്‍ ഭീകരതയുടെ മികച്ച സ്‌പോണ്‍സര്‍ ആണെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഖത്തറിനെ ഒറ്റപ്പെടുത്തുന്നത് അമേരിക്കയുടെ ഭീകരവിരുദ്ധ നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ സ്വീകരിച്ചത്.
കര, വ്യോമയാനരംഗത്തെ പ്രതിരോധം ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും ചരക്കുനീക്കം നിലച്ചാല്‍ വ്യാപാര പ്രസിസന്ധിയുണ്ടാകുമെന്നുമാണ് ടില്ലേഴ്‌സണ്‍ ചൂണ്ടിക്കാട്ടിയത്. ഖത്തറിനോടുള്ള പ്രതികാര നിലപാട് ഉപേക്ഷിക്കണമെന്നും നടപടികള്‍ മയപ്പെടുത്തണമെന്നും ടില്ലേഴ്‌സണ്‍ സഊദി അറേബ്യയോടും മറ്റും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."