മിന്നലായി ആന്‍സി; എക്‌സ്പ്രസ് അഭിനവ്
തിരുവനന്തപുരം: ആവേശത്തിന്റെ ട്രാക്കില്‍ തീപ്പടര്‍ത്തിയ ആന്‍സിയും അഭിനവും അതിവേഗക്കാര്‍. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ് ആന്‍സി സോജന്‍ മേളയുടെ അതിവേഗതാരമായത്. 12.26 സെക്കന്‍ഡിലായിരുന്നു നാട്ടിക ഫിഷറീസ് സ്‌കൂളിലെ താരമായ ആന്‍സി സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തത്.
പരുക്കുകളെ വകവയ്ക്കാതെയായിരുന്നു ആന്‍സിയുടെ സ്പ്രിന്റിലെ മിന്നുന്ന പ്രകടനം. മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂളിലെ പ്രഭാവതി 12.48 സെക്കന്‍ഡില്‍ വെള്ളിയും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അപര്‍ണ റോയി (12.52) വെങ്കലവും നേടി.
പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ ആദ്യദിനത്തില്‍ വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്ന ആന്‍സിയുടെ മധുരപ്രതികാരം കൂടിയായിരുന്നു 100 മീറ്ററിലെ സ്വര്‍ണ വേട്ട.
പ്രഭാവതിയാണ് ലോങ്ജംപില്‍ ആന്‍സിയെ പിന്നിലാക്കി സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇത്തവണയും സി. അഭിനവിന് വെല്ലുവിളി സൃഷ്ടിക്കാന്‍ എതിരാളികള്‍ക്കായില്ല. 10.97 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തു അതിവേഗ പട്ടം അഭിനവ് ഉറപ്പിച്ചു. തിരുവനന്തപുരം സായിയുടെ താരമായ അഭിനവ് തന്നെയായിരുന്നു പാലായിലും അതിവേഗതാരം. തിരുവനന്തപുരം സായിയുടെ തന്നെ കെ. ബിജിത് (11.09) വെള്ളി നേടി. 11.28 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ എ.സി അരുണിനാണ് വെങ്കലം.
ഗ്ലാമര്‍ പോരാട്ടത്തിന് തുടക്കമിട്ടു നടന്ന സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വേഗപ്പോരില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ മണിപ്പൂരി താരങ്ങള്‍ മെഡല്‍ കൊയ്ത്ത് നടത്തി. മണിപ്പൂരി താരങ്ങളായ മുഖ്താര്‍ ഹസന്‍ (12.18) സ്വര്‍ണവും മുഹമ്മദ് സഹീദുര്‍ റഹ്മാന്‍ (12.27) വെള്ളിയും നേടി. ആലപ്പുഴ അര്‍ത്തുങ്കല്‍ എസ്.എഫ്.എ എച്ച്.എസ്.എസിലെ അബിന്‍ കെ. ദാസിനാണ് (12.51) വെങ്കലം.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ പോരാട്ടത്തില്‍ കൊല്ലം സായിയുടെ താരമായ സ്‌നേഹ ജേക്കബ് (13.51) സ്വര്‍ണവും പാലക്കാട് ബി.ഇ.എം എച്ച്.എസ്.എസിലെ എസ്. കീര്‍ത്തി (13.69) വെള്ളിയും നേടി. 13.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എറണാകുളം പെരുമാനൂര്‍ സെന്റ് ഗേള്‍സ് എച്.എസിലെ അനീറ്റ മരിയ ജോണിനാണ് വെങ്കലം. ജൂനിയര്‍ ആണ്‍കുട്ടികളുടെ അതിവേഗ പോരില്‍ തൃശൂര്‍ പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലീഷ് സ്‌കൂളിലെ വി.എം മുഹമ്മദ് സജീന്‍ 11.26 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് ഫിനീഷ് ചെയ്തു.
പാലക്കാട് മുത്തൂര്‍ സി.എഫ്.ഡി.വി എച്ച്.എസ്.എസിലെ സി.ആര്‍ അബ്ദുല്‍ റസാഖിനാണ് (11.36) വെള്ളി. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ ജെ. അഭിജിത്തിനാണ് (11.39) വെങ്കലം.
ട്രാക്കില്‍ വേഗതയുടെ തീപ്പൊരി ചിതറിയ ജൂനിയര്‍ പെണ്‍കുട്ടികളുടെ പോരാട്ടത്തില്‍ 12.65 സെക്കന്‍ഡില്‍ എറണാകുളം സേക്രഡ് ഹാര്‍ട്ട് എച്ച്.എച്ച്.എസിലെ എ.എസ് സാന്ദ്ര സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തു.
12.75 സെക്കന്‍ഡില്‍ പറന്നെത്തിയ കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റല്‍ താരം ആന്‍ റോസ് ടോമി വെള്ളിയും തലശ്ശേരി സായിയിലെ അനു ജോസ് (12.89) വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."