സുവര്‍ണ ബാറ്റണ്‍ കൈവിട്ടു വമ്പന്മാര്
തിരുവനന്തപുരം: 4-100 മീറ്റര്‍ റിലേ ട്രാക്ക് പാലക്കാടും എറണാകുളം അടക്കി വാണിരുന്നതാണ്. എന്നാല്‍, അന്തപുരിയുടെ ട്രാക്കില്‍ വമ്പന്മാരുടെ കൈകളില്‍നിന്ന് സുവര്‍ണ ബാറ്റണ്‍ വഴുതിപ്പോയി. വമ്പന്മാര്ക്ക് ചുവടു പിഴച്ചപ്പോള്‍ സ്പ്രിന്റ് റിലേയയില് ആറു സ്വര്‍ണം അഞ്ചു ജില്ലകളിലേക്കായി വീതിക്കപ്പെട്ടു.
ഒരു സ്വര്‍ണം വീതമാണ് പാലക്കാടിനും എറണാകുളത്തിനും കിട്ടിയത്. മുന്‍ വര്‍ഷങ്ങളില്‍ ചാംപ്യന്മാരെ നിശ്ചയിച്ചത് റിലേ പോരാട്ടങ്ങളായിരുന്നു. പെണ്‍കുട്ടികളില്‍ രണ്ടു സ്വര്‍ണം നേടിയ കോട്ടയമാണ് എല്ലാവരെയും ഞെട്ടിച്ചത്. ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം പുതിയ മീറ്റ് റെക്കോര്‍ഡും കുറിച്ചു. മുന്‍വര്‍ഷങ്ങളില്‍ റിലേയില്‍ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ മാത്രം ശക്തരായിരുന്നില്ല കോട്ടയം.
ഇത്തവണ സീനിയര്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍ ചരിത്രം മാറ്റിയെഴുതിന് അനന്തപുരി സാക്ഷ്യം വഹിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ റിലേയില്‍ കോഴിക്കോടിന്റെ ശക്തമായ വെല്ലുവിളി മറികടന്ന് കോട്ടയം സ്വര്‍ണ ബാറ്റണേന്തി. 49.25 സെക്കന്‍ഡിലാണ് ഫിനിഷ് ലൈന്‍ കടന്നത്. 51.10 സെക്കന്‍ഡില്‍ കോഴിക്കോട് വെള്ളി നേടിയപ്പോള്‍ കൊല്ലം വെങ്കലം ഉറപ്പിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന ലാപ്പിലെ കുതിപ്പില്‍ കോട്ടയം സ്വര്‍ണം സ്വന്തമാക്കി. 50.17 സെക്കന്‍ഡിലായിരുന്നു സുവര്‍ണ ഫിനിഷ്. കോഴിക്കോട് വെള്ളി നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീറ്റ് റെക്കാര്‍ഡോടെയാണ് തിരുവനന്തപുരം സ്വര്‍ണം നേടിയത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ എറണാകുളം സ്വര്‍ണം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."