ഭൂപതിവ് ചട്ടം ഭേദഗതി: മന്ത്രിയുടെ വാദം പൊളിയുന്നു ഉത്തരവിറങ്ങിയെന്ന് റവന്യൂ രേഖകള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്ത് ഉത്തരവിറങ്ങിയിട്ടില്ലെന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ വാദം പൊളിയുന്നു.
ക്വാറി മാഫിയക്കുവേണ്ടി 1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതിവരുത്തി ഉത്തരവിറങ്ങിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ക്വാറി മാഫിയകളെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ വിവരങ്ങള്‍.
താമസത്തിനും കൃഷിക്കുമായി പതിച്ചുനല്‍കിയ ഭൂമിയില്‍ പാറഖനനത്തിന് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
ഭൂപതിവ് പട്ടം ഭേദഗതി ചെയ്താണ് മന്ത്രിസഭ ഇതിന് അനുമതി നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍, ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തിട്ടില്ലെന്നായിരുന്നു റവന്യൂ മന്ത്രിയുടെ പ്രതികരണം. അതേസമയം, മന്ത്രിസഭായോഗം ചട്ടം ഭേദഗതിചെയ്യുന്നതിന് അംഗീകാരം നല്‍കിയെന്ന് റവന്യൂ വകുപ്പിലെ രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിനുള്ള നടപടിക്കുറിപ്പുകളില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒപ്പുവച്ചിട്ടുണ്ട്. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നത് ഉചിതമായിരിക്കുമെന്നാണ് നടപടിക്കുറിപ്പുകളിലുള്ളത്.
തുടര്‍ന്ന് മന്ത്രിസഭാ തീരുമാനപ്രകാരം ഉത്തരവിറക്കുകയും ചെയ്തു. 'കൃഷി ഓഫിസറും വില്ലേജ് ഓഫിസറും ജിയോളജിസ്റ്റും ഉള്‍പ്പെടുന്ന കമ്മിറ്റി സ്ഥലം പരിശോധിച്ച് കൃഷിക്ക് യോഗ്യമല്ലെന്നും ക്വാറിക്ക് യോഗ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് കലക്ടര്‍ക്ക് ലഭിക്കുന്ന മുറയ്ക്ക് കലക്ടര്‍ക്ക് എന്‍.ഒ.സി നല്‍കാമെന്നായിരുന്നു തീരുമാനം. തുടര്‍ന്ന് മാര്‍ച്ച് എട്ടിന് ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി വരുത്തുന്നതിന് തീരുമാനിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു ഉത്തരവിറക്കി.
ഇത് വാര്‍ത്തയായതോടെയാണ് റവന്യൂമന്ത്രി ഉണര്‍ന്നത്. മാര്‍ച്ച് 13ന് മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തുനല്‍കി. മാര്‍ച്ച് എട്ടിന് തന്റെ വകുപ്പില്‍നിന്ന് താന്‍ കാണാതെ പുറത്തുപോയ ഉത്തരവിനെക്കുറിച്ചാണ് കത്തിലുള്ളത്. '1964ലെ ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിനു ശേഷമേ ഉത്തരവ് നടപ്പാക്കാവൂവെന്നും ഇക്കാര്യം കലക്ടര്‍മാരോട് നിര്‍ദേശിക്കണമെന്നുമാണ് കത്തിലുള്ളത്.
റവന്യൂ മന്ത്രി കാണാതെയും ഉത്തരവ് ഇറങ്ങുന്നുവെന്നതിന്റെ തെളിവാണ് ഈ കത്ത്. ഭേദഗതി ചെയ്തുകൊണ്ടുള്ള വിജ്ഞാപനം മാത്രമാണ് ഇനി പുറത്തുവരാനുള്ളത്. ബാക്കി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയത് റവന്യൂ മന്ത്രിയുടെ അറിവോടെയാണെന്നാണ് വിവരം.
വിജ്ഞാപനം ഇറങ്ങിയാല്‍ 1970ലെ കൃഷിയോഗ്യമായ വനഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍, 1993ലെ ഭൂമി പതിച്ചുനല്‍കല്‍ (1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ നടത്തിയ കുടിയേറ്റങ്ങള്‍ ക്രമപ്പെടുത്തല്‍) പ്രത്യേക ചട്ടങ്ങള്‍, 1974ലെ സ്വകാര്യ വനങ്ങള്‍ (നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും) ചട്ടങ്ങള്‍ തുടങ്ങിയവ അനുസരിച്ച് പതിച്ചുനല്‍കിയ ഭൂമിയിലെല്ലാം ക്വാറി ആരംഭിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."