ഖത്തറിന് ഭക്ഷണവുമായി ഇറാന്‍ വിമാനങ്ങളെത്തി
ദോഹ: ഖത്തറിലെ ഭക്ഷ്യപ്രതിസന്ധി കണക്കിലെടുത്ത് ഇറാന്‍ ഭക്ഷണസാധനങ്ങളടങ്ങിയ അഞ്ചു വിമാനങ്ങള്‍ ഖത്തറിലേക്കയച്ചു. സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. സഊദിയിലെ കര അതിര്‍ത്തിയിലൂടെയാണ് ഖത്തറിലേക്കുള്ള 40 ശതമാനം ഭക്ഷ്യവസ്തുക്കളും എത്തിയിരുന്നത്.
കൂടുതല്‍ ഭക്ഷ്യവസ്തുക്കളുമായി ഖത്തറിലേക്ക് ഇറാന്‍ കാര്‍ഗോ കപ്പല്‍ അയച്ചതായും റിപ്പോര്‍ട്ടുണ്ട്. അത്യാവശ്യമായ ഭക്ഷണസാധനങ്ങളും പച്ചക്കറി, പഴവര്‍ഗങ്ങളുമടക്കം 90 ടണ്‍ കാര്‍ഗോയാണ് ഓരോ വിമാനത്തിലുമുള്ളതെന്ന് ഇറാന്‍ വ്യോമയാന വക്താവ് ഷാറൂഖ് നൗഷാബാദി പറഞ്ഞു. ഇതു കൂടാതെ 350 ടണ്‍ ഭക്ഷണ വസ്തുക്കള്‍ നിറച്ച് മൂന്ന് കപ്പലുകള്‍ ഖത്തര്‍ തുറമുഖം ലക്ഷ്യമാക്കി പുറപ്പെടുകയാണെന്നു തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ദയ്യര്‍ തുറമുഖമാണ് ഖത്തറിനോട് അടുത്തുള്ളത്.
ഇവയെല്ലാം സൗജന്യമായി നല്‍കുന്നതാണെന്നോ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കയറ്റുമതി ചെയ്യുന്നതാണോ എന്ന കാര്യം ഷാറൂഖ് നൗഷാബാദി വ്യക്തമാക്കിയിട്ടില്ല. അതേസമയം ഖത്തര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ആവശ്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാന്‍ അനുരഞ്ജനചര്‍ച്ച നടത്തണമെന്ന് ഖത്തറിനോടും ഗള്‍ഫ് രാജ്യങ്ങളോടും ഇറാന്‍ നിര്‍ദേശിച്ചിരുന്നു. ഈ രാജ്യങ്ങള്‍ വിമാനസര്‍വീസ് പിന്‍വലിച്ചതോടെ ഇറാനില്‍നിന്നു ഖത്തറിലേക്കു നൂറോളം അധികവിമാനസര്‍വീസ് നടത്തിയിരുന്നു.
ഇതോടെ ഇറാന്റെ വിമാനസര്‍വീസില്‍ 17 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."