ഹരിദാസ് ഹാപ്പിയാണ്; അഞ്ച് താരങ്ങള്‍, ആറ് മെഡലുകള്‍
തിരുവനന്തപുരം: ഇന്ത്യയുടെ മുന്‍ രാജ്യാന്തര ഹര്‍ഡില്‍സ് താരം ഒളിംപ്യന്‍ ഹരിദാസ് പാലക്കാട്‌നിന്ന് അഞ്ചു താരങ്ങളുമായാണ് അനന്തപുരിയില്‍ എത്തിയത്. രണ്ടു ദിനം കൊണ്ടു ട്രാക്കില്‍നിന്ന് നേടിയതാവട്ടെ ആറു മെഡലുകളും. ഹര്‍ഡില്‍സുകള്‍ക്ക് മീതെ പറന്നോടിയാണ് മൂന്ന് സ്വര്‍ണം ഒളിംപിക് അത്‌ലറ്റിക് ക്ലബ് താരങ്ങള്‍ നേടിയത്. ഹരിദാസിന്റെ ശിഷ്യര്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയ്ക്കായി പറന്നോടിയ ഹരിദാസിന് ശിഷ്യര്‍ നല്‍കിയത് മികച്ച ഗുരുദക്ഷിണയും. ഹരിദാസ് ഉള്‍പ്പെടെ താരങ്ങളുടെ വളര്‍ച്ചയ്ക്ക് താങ്ങുംതണലുമായി നിന്ന ക്ലബാണ് പാലക്കാട് ഒളിംപിക് അത്‌ലറ്റിക് ക്ലബ്. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്ക് മന്ദീഭവിച്ചു. എട്ടു വര്‍ഷം മുന്‍പ് ഒളിംപ്യന്‍ ഹരിദാസ് മുന്നിട്ടിറങ്ങിയാണ് താരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കിത്തുടങ്ങിയത്. ഹരിദാസിന്റെ ശിഷ്യര്‍ യൂത്ത് ഒളിംപിക്‌സ് വരെ ഓടിക്കയറി. അര്‍ജന്റീനയില്‍ നടന്ന യൂത്ത് ഒളിംപിക്‌സില്‍ ജെ. വിഷ്ണുപ്രിയ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പോരാട്ടത്തിനിറങ്ങിയ വിഷ്ണുപ്രിയ യൂത്ത് വിഭാഗം റാങ്കിങില്‍ നിലവില്‍ ഏഷ്യയില്‍ രണ്ടാം നമ്പര്‍ താരമാണ്.
സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മിന്നും പ്രകടനവുമായി വിഷ്ണുപ്രിയ സുവര്‍ണ നേട്ടവുമായാണ് ട്രാക്കില്‍നിന്നു കയറിയത്. 1:03.10 സെക്കന്‍ഡിലായിരുന്നു വിഷ്ണുപ്രിയയുടെ സുവര്‍ണ കുതിപ്പ്. ജൂനിയര്‍ ആണ്‍കുട്ടികളില്‍ എ. രോഹിത് 54.25 സെക്കന്‍ഡില്‍ പറന്നെത്തി സ്വര്‍ണം നേടി. ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സൂര്യജിത് സ്വര്‍ണം നേടി. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ എസ്. കീര്‍ത്തി 100 മീറ്ററില്‍ വെള്ളിയും 80 മീറ്റര്‍ ഹര്‍ഡില്‍സിലും ലോംഗ് ജംപിലും വെങ്കലവും ഒളിംപിക് അത്‌ലറ്റിക് ക്ലബിന് സമ്മാനിച്ചു.
വിവിധ സ്‌കൂളുകളിലായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലാണ് ഹരിദാസ് പരിശീലനം നല്‍കുന്നത്. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നിര്‍ലോഭമായ പിന്തുണയില്‍ ഒരുക്കിയ മെഡിക്കല്‍ കോളജ് മൈതാനത്തെ സിന്തറ്റിക് ട്രാക്കിലാണ് താരങ്ങളുടെ പരിശീലനം. ഇന്റര്‍ വാഴ്‌സിറ്റി അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെഡല്‍ ജേതാവായിരുന്ന അര്‍ജുന്‍ ഹരിദാസിന്റെ പുത്രനാണ്. താരങ്ങളുടെ പരിശീലനത്തിന് പിന്തുണയുമായി അര്‍ജുനും ഹരിദാസിനൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."