പ്ലാസ്റ്റിക്കിനെതിരേ യുദ്ധം തുടങ്ങുമ്പോള്‍
പലചരക്കു കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ചെന്ന ഒരാളുടെ കഥ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ആള്‍, രണ്ടുകിലോ അരി വാങ്ങി. കടയുടമ പ്ലാസ്റ്റിക് സഞ്ചിയില്‍ അത് പൊതിഞ്ഞു നല്‍കി. ഒരു കിലോ പഞ്ചസാര വാങ്ങിയപ്പോള്‍, അതും പ്ലാസ്റ്റിക് സഞ്ചിയില്‍ നിറച്ചുകൊടുത്തു. പിന്നെ വെളിച്ചെണ്ണയും സണ്‍ഫ്‌ളവര്‍ ഓയിലും പ്ലാസ്റ്റിക് കൂടില്‍ തന്നെ തയാറാക്കിവച്ചതും ഓരോരോ പാക്കറ്റ് വാങ്ങി. പിന്നാലെ കൂട്ടിലാക്കിയ അരലിറ്റര്‍ പാലും.
എല്ലാം വാങ്ങി ബില്‍ പ്രകാരം പണം അടച്ചശേഷം, അവയൊക്കെ ഒരു സഞ്ചിയിലാക്കിത്തരാന്‍ ഒരു പ്ലാസ്റ്റിക് ബാഗിനു ചോദിച്ചപ്പോള്‍, കടക്കാരന്റെ മറുപടി: ഇവിടെ പ്ലാസ്റ്റിക് നിരോധിച്ചിരിക്കുന്നു. പ്രചരിക്കുന്ന കഥയിലെ ചിരിമായുന്നതേയുള്ളു. സര്‍ക്കാരിന്റെ അറിയിപ്പ് ഡല്‍ഹിയില്‍നിന്നു തന്നെ വന്നിരിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഈ ഗാന്ധി ജയന്തി ദിനത്തോടെ ഇന്ത്യ ഒട്ടുക്കും നിരോധിക്കുകയാണ്.
കപ്പുകള്‍, പ്ലേറ്റുകള്‍, സ്‌ട്രോകള്‍, കാരി ബാഗുകള്‍ എല്ലാറ്റിനും ഇനി വിലക്ക്. ചെറിയ കുപ്പികള്‍ തുടങ്ങി ഷാംപുവിനും മറ്റുമായി ഉപയോഗിക്കുന്ന സാഷെകള്‍ വരെ നിരോധിതമേഖലയില്‍ വരുന്നു. ഇത്തരം വസ്തുക്കളുടെ ഉപയോഗമെന്ന പോലെ നിര്‍മാണവും നിരോധിക്കുകയാണ്. ആറുമാസം കഴിയുന്നതോടെ ഇത് ഉപയോഗിക്കുന്നവര്‍ക്കെതിരേ ശിക്ഷാനടപടികളും വരികയായി, പിഴയും ജയിലും.
പോളി വിനൈല്‍ ക്ലോറൈഡ് എന്ന പി.വി.സി ഫ്‌ളെക്‌സ് ഒരു പരിപാടിക്കും ഉപയോഗിക്കാന്‍ പാടില്ലെന്നും പകരം തുണി, പേപ്പര്‍ തുടങ്ങി പുനഃചംക്രമണത്തിനു സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വര്‍ഷം ഒന്നരക്കോടി ടണ്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ഇന്ത്യ, ഇതില്‍നിന്ന് മോചനം തേടിയേ തീരു എന്നു കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ തന്നെ പ്രഖ്യാപനമുണ്ടായതാണ്. കാരണം ഇന്ത്യ ദിവസം തോറും കടലില്‍ തള്ളുന്നത് തന്നെ 26,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്.
വലിച്ചെറിയുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ സൃഷ്ടിക്കുന്ന ആഘാതം അറിയാത്തവര്‍ ആരുംതന്നെ ഇല്ല. ശുദ്ധജല പ്രവാഹം തടസപ്പെടുത്തുന്നുവെന്നു മാത്രമല്ല, മണ്ണിന്റെ വിഭവസമൃദ്ധി നശിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് പ്രഥമവും പ്രധാനവുമായ ദോഷം.ഒരു വര്‍ഷം മുന്‍പ് ലോക പരിസ്ഥിതി സമ്മേളനം ഇന്ത്യയില്‍ നടന്നപ്പോള്‍ തന്നെ പ്ലാസ്റ്റിക് നിരോധ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയെന്നവണ്ണം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ പ്ലാസ്റ്റിക് നിരോധനം ഒട്ടാകെ നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ടായി.
2018ല്‍ മഹാരാഷ്ട്രയാണ്, ഇന്ത്യയില്‍ ആദ്യം പ്ലാസ്റ്റിക് നിരോധിച്ചത്. പിന്നാലെ തെലങ്കാനയും ഹിമാചലും വന്നു. ഈ ജനുവരി ഒന്നോടെ തമിഴ്‌നാട് കക്ഷിചേര്‍ന്നു. ഇപ്പോഴിതാ പതുക്കെയെങ്കിലും കേരളവും.
കട്‌ലറി മുതല്‍ സഞ്ചികള്‍ വരെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) 2018 ജനുവരിയിലാണ് ആദ്യം രംഗത്തുവന്നത്. നശിക്കാതെ എത്രയും കാലം മണ്ണിലും വെള്ളത്തിലും കഴിയുന്ന പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. ഹവായിയേയും നോര്‍ത്ത് കരോലിനയെയും പോലുള്ള കൊച്ചുരാജ്യങ്ങള്‍ പോലും ധൈര്യം കാട്ടിയ പ്ലാസ്റ്റിക് നിരോധനം പിന്നീട് അറുപതോളം രാജ്യങ്ങളും ഏറ്റെടുക്കുകയായിരുന്നു.
ഔദ്യോഗികമായി ഇന്ത്യ മുഴുക്കെ പ്ലാസ്റ്റിക് നിരോധനം വരുന്നതിനു മുന്‍പുതന്നെ ഇന്ത്യന്‍ റയില്‍വേ തീവണ്ടികളിലും എയര്‍ഇന്ത്യ വിമാനങ്ങളിലും പ്ലാസ്റ്റിക് നിരോധം ഏര്‍പ്പെടുത്തുകയുണ്ടായി.
നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളവും പ്ലാസ്റ്റിക് സഞ്ചികള്‍ക്കെതിരായി പോരാട്ടം ആരംഭിച്ചു. 50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ മുതല്‍ കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വരെ നിരോധിച്ചതായി സര്‍ക്കാര്‍ അറിയിപ്പുകള്‍ വന്നു. വ്യാപകമായി പെറ്റുപെരുകുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളോട് പ്ലാസ്റ്റിക് സഞ്ചികള്‍ നിരുത്സാഹപ്പെടുത്താനും പകരം തുണി സഞ്ചികളോ, കനം കുറഞ്ഞ കൊട്ടകളോ ഉപയോഗിക്കാനും അറിയിപ്പില്‍ പറയുകയുണ്ടായി.
തുടരുപയോഗത്തിനു പറ്റാത്ത പ്ലാസ്റ്റിക്കിനെതിരായ നിരോധം കേന്ദ്രസര്‍ക്കാര്‍ 2016ല്‍ തന്നെ, പ്ലാസ്റ്റിക് വെയിസ്റ്റ് മാനേജ്‌മെന്റ് നിയമമായി പ്രഖ്യാപിച്ചതാണ്. പിന്നീടതിനു 2018ല്‍ ഒരു ഭേദഗതി വന്നപ്പോള്‍, പ്ലാസ്റ്റിക് വ്യവസായികളെ രക്ഷിക്കാനുള്ളതായിരുന്നു അതെന്നു ആരോപണം ഉണ്ടായി.
കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ്, 2015ല്‍ ഇന്ത്യയിലെ 66 നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍, ദിവസവും 26,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് നാം ഉല്‍പാദിപ്പിക്കുന്നതെന്നു കാണുകയുണ്ടായി. ഇത് 4700 ആനകളുടെ ഭാരം വരുമെന്നും സി.പി.സി.ബി ചൂണ്ടിക്കാണിച്ചു.
ഉത്തര്‍പ്രദേശില്‍ തലസ്ഥാനമായ ലഖ്‌നോവില്‍ പ്ലാസ്റ്റിക് ഉപയോഗം കണ്ടാല്‍ പൊലിസിനെ അറിയിക്കണമെന്നു പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. 50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ലക്ഷം രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷ. നടപടി എടുക്കാത്ത പൊലിസുകാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരേയും കടുത്തശിക്ഷ കാത്തിരിക്കുന്നു.
എന്ത് ശിക്ഷണ നടപടികള്‍ ഉണ്ടായാലും ഇന്ത്യയെപ്പോലെ ഒരു മഹാരാജ്യത്ത് പ്ലാസ്റ്റിക് നിരോധനം എത്രമാത്രം വിജയിക്കും. എട്ടു-പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നഗരം ഈ രംഗത്ത് വിപ്ലവകരമായ ഒരു മുന്നോറ്റം നടത്തിയിരുന്നു. ആ പരിപാടിയുടെ വിജയത്തിനായി നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ത്രീ-പുരുഷ ഭേദമന്യെ ജനം കൈകോര്‍ത്ത് പിടിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുണ്ടായി.
പക്ഷെ അത് എത്രമാത്രം വിജയിച്ചുവെന്നു ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ നഗരം മുഴുവന്‍ ചണ്ടിക്കൂമ്പാരങ്ങളുടെ കേന്ദ്രമായി മാറുന്നതാണ് കണ്ടത്. ഫലം ഇന്നു നഗരത്തില്‍ ആളൊഴിഞ്ഞ ഏത് മൂലയിലും ജനത്തിനു എപ്പോഴും പ്ലാസ്റ്റിക് സഞ്ചികളിലാക്കി ചണ്ടിവലിച്ചെറിയാം. പുഴയും നദിയും ആളൊഴിഞ്ഞ പറമ്പും എല്ലാം മാലിന്യം നിറഞ്ഞുകിടക്കുന്ന ദൃശ്യമാണെങ്ങും.
അപ്പോള്‍ ചോദ്യം ഇതാണ്. പ്ലാസ്റ്റിക്കിനെതിരേ യുദ്ധമാണോ വേണ്ടത് 94 ശതമാനം പ്ലാസ്റ്റിക്കും പുനരുപയോഗപ്രദമാണെന്നു വിദഗ്ധര്‍ പറയുന്നു. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചു ടാറില്‍ കൂട്ടിച്ചേര്‍ത്ത് ഉറപ്പുള്ള റോഡുകള്‍ നിര്‍മിക്കാമെന്നും ഏത് പ്രഹരവും നേരിടാന്‍ പാകത്തില്‍ ഉറപ്പുള്ള ഓടുകളും ഇഷ്ടികകളും ഉണ്ടാക്കാമെന്നും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആധികാരികമായി പറയുമ്പോള്‍, പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കുന്നവരെ പിടിച്ചു തടങ്കലിടാനുള്ള ശ്രമം എത്രമാത്രം വിജയിക്കും.
പത്തര ബില്യണ്‍ ഡോളറിന്റെ പ്ലാസ്റ്റിക് കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് എക്‌സ്‌പോര്‍ട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍, പ്ലാസ്റ്റിക്കിനെ തരം തിരിച്ച് ശേഖരിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ പ്രശ്‌നങ്ങള്‍ ഏറെ പരിഹരിക്കാമെന്നു പറയുന്നു. ബിറ്റുമിനൊപ്പം പ്ലാസ്റ്റിക് ചേര്‍ത്ത് ടാറിങ്ങിന് ഉപയോഗിക്കാമെന്നും ആദ്യമായി വിളംബരപ്പെടുത്തിയത്, തമിഴ്‌നാട്ടിലെ ഒരു എന്‍ജിനീയര്‍ ആയിരുന്നു. മധുരയിലെ ത്യാഗരാജ എന്‍ജിനീയറിങ് കോളജ് രസതന്ത്രം വിഭാഗം മേധാവി പ്രൊഫ. രാജഗോപാലന്‍ വാസുദേവ്.
ഉപയോഗശൂന്യമെന്നു കണക്കാക്കി നാം വലിച്ചെറിയുന്ന വെള്ളക്കുപ്പികളില്‍ ചെറിയ ദ്വാരങ്ങളിട്ട് മേല്‍ക്കൂരകളില്‍ ഫിറ്റ് ചെയ്താല്‍ നമ്മുടെ കുടിലുകള്‍ക്കെല്ലാം വെളിച്ചം എത്തിക്കാന്‍ കഴിയുമെന്നു ഫിലിപ്പീന്‍സില്‍ ആരംഭിച്ച ലിറ്റര്‍ ഓഫ് ലൈറ്റ് എന്ന പദ്ധതി നമ്മോട് വിളിച്ചുപറയുന്നു. എ.സി.സി സിമന്റ് കമ്പനിപോലും ഫോസില്‍ ഇനങ്ങള്‍ക്കുപകരം പ്ലാസ്റ്റിക് മാലിന്യം സിമന്റ് ചൂളകളില്‍ ഉപയോഗിക്കുന്നു.
മാലിന്യങ്ങള്‍ ജൈവം, അജൈവം, അവശിഷ്ടം എന്നിങ്ങനെ തരംതിരിച്ച് ഉപയോഗിക്കാമെന്ന്, ഡല്‍ഹിക്ക് സമീപമുള്ള ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിക്കുകയുണ്ടായി. ജൈവമാലിന്യം വളമാക്കിമാറ്റാം. അജൈവം പുനഃചംക്രമണത്തിനു വിധേയമാക്കാം. അവശിഷ്ടമാലിന്യം ഭൂമി നികത്താനും ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."