ഇന്ത്യന്‍ ചാനലുകള്‍ക്ക് പാകിസ്താനില്‍ വീണ്ടും വിലക്ക്
ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ചാനലുകള്‍ക്കു നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താന്‍ പുനഃസ്ഥാപിച്ചു. പാക് സുപ്രിംകോടതിയാണ് വിലക്ക് നീക്കിയ ലാഹോര്‍ ഹൈക്കോടതിയുടെ തീരുമാനം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. മുഴുവന്‍ ഇന്ത്യന്‍ ചാനലുകള്‍ക്കും വിലക്ക് ബാധകമാണ്.
പാകിസ്താനിലേക്ക് ഒഴുകുന്ന നദികളിലെല്ലാം അണക്കെട്ട് നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നു പാക് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സാഖിബ് നിസാര്‍ പറഞ്ഞു. പാകിസ്താനെതിരായ ആയുധമായാണ് ഇന്ത്യ അണക്കെട്ടുകളെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്ന നദിയെ ആശ്രയിച്ചാണ് പാകിസ്താനിലെ 80 ശതമാനം കൃഷിയിടങ്ങളും നിലനില്‍ക്കുന്നത്. എന്നാല്‍, നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കം പാകിസ്താനു തിരിച്ചടിയായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിനോദ, വ്യവസായ മേഖലയ്ക്കു വന്‍ സാമ്പത്തിക വരുമാനം നേടിക്കൊടുക്കുന്ന ചാനലുകള്‍ക്കു പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയത്.
അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാണെങ്കിലും ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എന്നും വന്‍ സ്വീകാര്യതയാണ് പാകിസ്താനിലുള്ളത്. ഇതിനു മുന്‍പും പല വേളകളിലായി പാകിസ്താന്‍ ഇന്ത്യന്‍ ചാനലുകള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. 1965ലെ യുദ്ധത്തെ തുടര്‍ന്നാണ് ആദ്യമായി ഇന്ത്യന്‍ സിനിമകള്‍ക്കു പാകിസ്താന്‍ നിരോധനമേര്‍പ്പെടുത്തുന്നത്.
ഇതു പിന്നീട് 2008ല്‍ നീക്കം ചെയ്തു. എന്നാല്‍, 2016ല്‍ ജമ്മു കശ്മിരുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു മുഴുവന്‍ ഇന്ത്യന്‍ ചാനലുകള്‍ക്കും റേഡിയോകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഇതാണ് കഴിഞ്ഞ വര്‍ഷം ലാഹോര്‍ ഹൈക്കോടതി പിന്‍വലിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."