ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: മാക്രോണിന് മുന്നേറ്റം
പാരിസ്: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാപിച്ചു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ റിപബ്ലിക് ഓണ്‍ മൂവ്(ആര്‍.ഇ.എം) നേട്ടമുണ്ടാക്കുമെന്നാണ് ആദ്യ എക്‌സിറ്റ്‌പോള്‍ ഫല സൂചനകള്‍ കാണിക്കുന്നത്.
15-ാമത് ഫ്രഞ്ച് ദേശീയ അസംബ്ലിയിലേക്കാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നത്. ആകെ 577 അംഗ പാര്‍ലമെന്റില്‍ 289 സീറ്റാണ് ഭൂരിപക്ഷം നേടാന്‍ വേണ്ടത്. ആര്‍.ഇ.എം 395 മുതല്‍ 425 വരെ സീറ്റുകള്‍ നേടുമെന്ന് നേരത്തെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു. 1993ല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേടിയ ഉജ്ജ്വല വിജയത്തിനുശേഷം രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന മരിന്‍ ലെ പെന്നിന്റെ നാഷനല്‍ ഫ്രണ്ടിന് 15 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും വിലയിരുത്തലുണ്ടായിരുന്നു. കേവലം ഒരു വര്‍ഷം മാത്രം പ്രായമുള്ള ആര്‍.ഇ.എമ്മിന്റെ മുന്നേറ്റം രാജ്യത്തെ പരമ്പരാഗത പാര്‍ട്ടികളായ സോഷ്യലിസ്റ്റുകള്‍ക്കും കണ്‍സര്‍വേറ്റിവ് റിപബ്ലിക്കുകള്‍ക്കും വന്‍ തിരിച്ചടിയാണ്.
ആകെ 7,882 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 47 മില്യണ്‍ വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലാണ് അടുത്ത ഞായറാഴ്ച രണ്ടാംഘട്ടം നടക്കുക. വിജയിക്കുന്ന പാര്‍ട്ടിക്ക് 50 ശതമാനത്തിനു പുറമെ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 25 ശതമാനം ലഭിക്കുകയും വേണം. രാജ്യത്തെ തെരഞ്ഞെടുപ്പിനു മുന്‍പ് വിദേശത്തെ ഫ്രഞ്ചു പൗരന്മാര്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 11ല്‍ പത്തിടത്തും മാക്രോണിന്റെ പാര്‍ട്ടി മുന്നിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 14നാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തീവ്ര വലതുപക്ഷ വാദിയായ മരിന്‍ ലെ പെന്നിനെ അട്ടിമറിച്ചായിരുന്നു മാക്രോണിന്റെ മിന്നുന്ന വിജയം. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ മറികടക്കാന്‍ ഫ്രഞ്ച് വിപണിയെ കൂടുതല്‍ ഉദാരവല്‍ക്കരിക്കാനുള്ള നീക്കത്തിലാണ് മാക്രോണ്‍. എന്നാല്‍, അദ്ദേഹത്തിന് തന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ആവശ്യമാണ്.
മരിന്‍ ലെ പെന്‍ വടക്കന്‍ ഫ്രാന്‍സിലെ പാസ് ഡെ കലൈസില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനാര്‍ഥികളായിരുന്ന ഴാങ് ലൂക് മെലെന്‍ഷനും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ബെനിറ്റ് ഹാമനും മത്സരരംഗത്തുണ്ടായിരുന്നു. മുന്‍ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ് ആണ് ജനവിധി തേടിയ മറ്റൊരു പ്രമുഖന്‍. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാക്രോണ്‍ തെരഞ്ഞെടുത്ത ആറു മന്ത്രിമാരും ജനവിധി തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."