'പെര്‍ഫെക്ട് ടെന്‍' റാഫ
പാരിസ്: കളിമണ്‍ കോര്‍ട്ടിലെ നിത്യഹരിത നായകന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പത്താം ഫ്രഞ്ച് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടു. ഓപണ്‍ കാലഘട്ടത്തില്‍ ഒരേ ടൂര്‍ണമെന്റില്‍ തന്നെ ഇത്രയും കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവും ഒപ്പം ചേര്‍ത്താണ് നദാല്‍ പത്താം ചാംപ്യന്‍പട്ടം ആഘോഷിച്ചത്. ടെന്നീസിന്റെ ഓപണ്‍ കാലത്തും അതിനും മുന്‍പുമായി 11 വട്ടം ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം സ്വന്തമാക്കിയ വിഖ്യാത വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ നദാലിന് ഒരു ഫ്രഞ്ച് ഓപണ്‍ കിരീടം കൂടി മതി.
ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ ഏകപക്ഷീയ പോരാട്ടത്തില്‍ വീഴ്ത്തിയാണ് നദാലിന്റെ നേട്ടം. മൂന്ന് സെറ്റ് മാത്രം നീണ്ട മത്സരത്തില്‍ 6-2, 6-3, 6-1 എന്ന സ്‌കോറിനാണ് സ്പാനിഷ് താരത്തിന്റെ വിജയം.
കരിയറിലെ 15ാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ നദാല്‍ ഇതിഹാസ താരവും നദാലിന്റെ എക്കാലത്തേവും വലിയ എതിരാളിയുമായ റോജര്‍ ഫെഡററുടെ 18 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടത്തിന്റെ റെക്കോര്‍ഡിലേക്കുള്ള ദൂരം കുറച്ചു.
14 ഗ്രാന്‍ഡ് സ്ലാം ട്രോഫികളുമായി രണ്ടാം സ്ഥാനത്ത് നിന്ന് അമേരിക്കന്‍ ലെജന്റ് പീറ്റ് സാംപ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കിരീട നേട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനും റാഫയ്ക്കായി. 22ാം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിച്ച നദാല്‍ ഇത് മൂന്നാം തവണയാണ് റോളണ്ട് ഗാരോസില്‍ ഒരു സെറ്റ് പോലും വഴങ്ങാതെ കിരീടത്തിലേക്ക് കുതിച്ചത്. 2005, 06, 07, 08, 2010, 11, 12, 13, 14 വര്‍ഷങ്ങളിലാണ് നേരത്തെ നദാലിന്റെ ഫ്രഞ്ച് ഓപണ്‍ നേട്ടങ്ങള്‍.
കരിയറിലെ നാലാം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിച്ച വാവ്‌റിങ്ക ഇത് ആദ്യമായാണ് ഫൈനലില്‍ തോല്‍വി വഴങ്ങുന്നത്. 2015ല്‍ ഫ്രഞ്ച് ഓപണ്‍ നേടിയിട്ടുള്ള വാവ്‌റിങ്ക രണ്ടാം കിരീടമാണ് ലക്ഷ്യമിട്ടത്
ലസി സഫരോവ സഖ്യത്തിന് വനിത ഡബിള്‍സ് കിരീടം
പാരിസ്: ഫ്രഞ്ച് ഓപണ്‍ വനിത ഡബിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ലസി സഫരോവയും അമേരിക്കയുടെ ബതാനി മറ്റെക് സാന്റ്‌സും ചേര്‍ന്ന സഖ്യത്തിന്. ഫൈനലില്‍ ആസ്‌ത്രേലിയയുടെ ആഷ്‌ലി ബെര്‍ടി- കെസി ഡല്ലക്വ സഖ്യത്തെയാണ് ഇരുവരും വീഴ്ത്തിയത്. സ്‌കോര്‍:2, 61. സീസണില്‍ ആസ്‌ത്രേലിയന്‍ ഓപണും സ്വന്തമാക്കിയ ഈ സഖ്യം ഫ്രഞ്ച് ഓപണും നേടി കലണ്ടര്‍ സ്ലാമിലേക്കുള്ള കുതിപ്പിലാണ്. വരുന്ന വിംബിള്‍ഡണ്‍, യു.എസ് ഓപണ്‍ കിരീടങ്ങളും നേടിയാല്‍ കലണ്ടര്‍ സ്ലാം തികക്കാനുള്ള അവസരമാണ് സഖ്യത്തിനുള്ളത്.
പുരുഷ ഡബിള്‍സ് കിരീടം അമേരിക്കയുടെ റയാന്‍ ഹാരിസന്‍- ആസ്‌ത്രേലിയയുടെ മിഷേല്‍ വീനസ് സഖ്യത്തിന്. ഫൈനലില്‍ അമേരിക്കയുടെ ഡൊണാള്‍ഡ് യങ്- മെക്‌സിക്കോയുടെ സാന്റിയാഗോ ഗോള്‍സാലെസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇരുവരും ഡബിള്‍സ് കിരീടം നേടിയത്. സ്‌കോര്‍: 7-6 (7-5), 6-7 (4-7), 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."