പ്രാര്‍ഥനാതീരമായി മമ്പുറം ; നേര്‍ച്ചയ്ക്ക് ഇന്ന് കൊടിയിറക്കം
തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഇന്നലെ രാത്രി നടന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികളാല്‍ മഖാമും പരിസരവും പ്രാര്‍ഥനാതീരമായി.
കടലുണ്ടിപ്പുഴയോരത്തെ മമ്പുറം മഖാമില്‍ തീര്‍ഥാടനം നടത്താനും പ്രാര്‍ഥനാ സദസില്‍ സംഗമിക്കാനും ആയിരങ്ങളാണ് ഇന്നലെ മമ്പുറത്തെത്തിയത്.
നിരവധി ആത്മീയനേതാക്കളും പണ്ഡിതരും പങ്കെടുത്ത പ്രാര്‍ഥനാ സദസ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.ചടങ്ങില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയ്ക്കു കീഴില്‍ മഖാമിനു സമീപം പ്രവര്‍ത്തിക്കുന്ന സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനവും നടന്നു. സമസ്ത ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് പട്ടം വിതരണം ചെയ്തു.
പ്രമുഖ സൂഫീവര്യനും സമസ്ത കേന്ദ്ര മുശാവറാംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനാസദസിന് നേതൃത്വവും നല്‍കി. ദാറുല്‍ഹുദാ വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ ആണ്ടുനേര്‍ച്ച സ്‌പെഷ്യല്‍ പതിപ്പ് കോട്ടക്കല്‍ സീനത്ത് എം.ഡി മനരിക്കല്‍ അബ്ദുറസാഖ് ഹാജി ഏറ്റുവാങ്ങി.
യു. ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു.
കാളാവ് സൈതലവി മുസ്‌ലിയാര്‍, ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഹസന്‍ ബാഖവി കിഴിശ്ശേരി, കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.എം സൈതലവി ഹാജി, ഇബ്‌റാഹീം ഹാജി തയ്യിലക്കടവ്, കുട്ടി മൗലവി, വിസി.പി ബാവ ഹാജി, എം.എ ചേളാരി, എം.കെ ജാബിറലി ഹുദവി, പി.കെ നാസര്‍ ഹുദവി സംബന്ധിച്ചു.നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്നു രാവിലെ എട്ടിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും.
ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകളാണ് അന്നദാനത്തിനായി തയാറാക്കുന്നത്.
ഉച്ചയ്ക്ക് ളുഹ്‌റ് നമസ്‌കാരാനന്തരം, സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്‌ലിസോടെ 181ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."