കേരളം പുനര്‍നിര്‍മിക്കാനൊരുങ്ങുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്
നൂറ്റാണ്ടു കണ്ട അതിഭീകരമായ പ്രളയം ദൈവത്തിന്റെ പ്രിയനാടിനെ വിഴുങ്ങിയപ്പോള്‍ ലോകം മുഴുവന്‍ ശ്വാസമടക്കി ശ്രദ്ധിക്കുകയായിരുന്നു, ഇവിടെ എന്തൊക്കെ ദുരിതങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന്. ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും ലക്ഷക്കണക്കിന് ആളുകള്‍ തീരാദുരിതത്തില്‍പ്പെടുമെന്നും പുനരധിവാസവും പുനര്‍നിര്‍മാണവും സാധ്യമല്ലാതെ കേരളീയര്‍ വര്‍ഷങ്ങളോളം നരകിക്കുമെന്നും ഒട്ടുമിക്കവരും കരുതി.
പക്ഷേ, അത്ഭുതകരമായി, കാര്യമായ ജീവഹാനി ഇല്ലാതെയാണു പ്രളയദുരന്തത്തില്‍ നിന്ന് കേരളം കരകയറിയത്. ഇവിടത്തെ ജനങ്ങള്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങി. പട്ടാളത്തിന്റെത് ഉള്‍പ്പെടെയുള്ള സഹായമെത്തുന്നത്‌ന് മുന്‍പ് സ്വജീവന്‍ പണയംവച്ച് മത്സ്യത്തൊഴിലാളികളും മറ്റു സാധാരണക്കാരും പ്രളയ പ്രവാഹത്തിലേക്ക് എടുത്തുചാടി ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചു.
ആ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ച നേതൃത്വപരമായ പങ്കിനെ ലോകജനത പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നതു സത്യം. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ചൈനയില്‍വച്ച് വ്യക്തിപരമായുണ്ടായ ഒരു അനുഭവം ഓര്‍മവരുന്നു.
ചൈനയിലെ ഒരു ഇന്ത്യന്‍ റസ്റ്റോറന്റില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടപ്പുറത്തിരുന്ന് രണ്ടു തമിഴന്മാര്‍ സംസാരിക്കുന്നത് അറിയാതെ ശ്രദ്ധിച്ചു. കേരളത്തിലെ പ്രളയത്തെക്കുറിച്ചും അതു നേരിട്ടതിനെക്കുറിച്ചുമായിരുന്നു അവരുടെ സംസാരം. 'അന്ത വിജയനെപ്പോലൊരു ആമ്പിള മുഖ്യമന്ത്രിയായാല്‍ ഇപ്പടിയിരിക്കുമെന്ന്' അവര്‍ പറയുന്നത് കേട്ടപ്പോള്‍ കമ്മ്യൂണിസ്റ്റുകാരനല്ലെങ്കിലും അഭിമാനം തോന്നി.
പ്രളയദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട് പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഒരുങ്ങുകയാണ് കേരളം. 'ഇനിയൊരു പ്രളയമോ മറ്റെന്തെങ്കിലും പ്രകൃതിദുരന്തമോ ഉണ്ടായാലും ഭയക്കേണ്ടാത്ത നിലയില്‍ കേരളത്തെ ആസൂത്രിതമായി പുനര്‍നിര്‍മിക്കുകയാണ് ലക്ഷ്യം' എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. പുനര്‍നിര്‍മാണത്തിനാവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രം തയാറായിട്ടില്ലെങ്കിലും കരുണയുള്ള മനസുകളുടെ സഹായം നേടി പരമാവധി ധനസമാഹരണത്തിന് രംഗത്തിറങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ നല്ല മനസിനെ പ്രകീര്‍ത്തിക്കാതിരിക്കാന്‍ കഴിയില്ല.
പക്ഷേ, ഇവിടെ കാതലായൊരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. അതു സര്‍ക്കാര്‍ കാണുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ഇതുവരെയും കേരളീയര്‍ പോയ തെറ്റായ വഴിയിലൂടെ കൂടുതല്‍ തീവ്രതയോടെ സഞ്ചരിച്ച് ഈ കൊച്ചുകേരളത്തെ മരുപ്രദേശം ആക്കരുതേയെന്ന അഭ്യര്‍ത്ഥനയാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിക്കാനുള്ളത്.
ഏതാണ്ട് അരനൂറ്റാണ്ട് കാലത്തിനിടയില്‍, ഒരു പക്ഷേ, അതിലും കൂടുതല്‍ കാലം മുന്‍പ്, നിര്‍മിച്ച വീടുകളും മറ്റു കെട്ടിടങ്ങളും പാലങ്ങളുമൊക്കെയാണ് പ്രളയത്തില്‍ തകര്‍ന്നടിഞ്ഞത്. ഇത്രയും കാലത്തിനിടയില്‍ പണിത ഈ കെട്ടിടങ്ങളെല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ടു പുനര്‍നിര്‍മിക്കലാണ് കേരളത്തിന് മുന്നിലുള്ള വെല്ലുവിളി. അതിനാവശ്യമായ സാമ്പത്തികബാധ്യത ഒരു വശത്ത് ഭീകരരൂപം പൂണ്ടു നില്‍ക്കുന്നു. അതിനേക്കാള്‍ ഭീകരമായുള്ളത് ഇത്രയും കെട്ടിടങ്ങളുടെ നിര്‍മ്മിതിക്കാവശ്യമായ സാമഗ്രികളുടെ ലഭ്യതയാണ്.
കെട്ടിടനിര്‍മാണത്തിനുള്ള അസംസ്‌കൃത സാധനങ്ങള്‍ക്കായി നാം ഇക്കാലമത്രയും ആയുധവുമായി പോയിട്ടുള്ളത്് പ്രകൃതിയുടെ നെഞ്ചിലേക്കാണ്. പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള മലകളും കുന്നുകളും പതിറ്റാണ്ടുകളായി ഇടിച്ച് നിരത്തിക്കൊണ്ടിരിക്കുകയാണ്. പുഴകളായ പുഴകളെല്ലാം മണലൂറ്റി നശിപ്പിച്ചു, വനമെല്ലാം വെട്ടിവെളുപ്പിച്ചു. അതിന്റെയൊക്കെ ഫലമായാണ് ഏറ്റവുമൊടുവിലുണ്ടായ പ്രളയമുള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നു പരിസ്ഥിതിശാസ്്ത്രജ്ഞര്‍ പറയുന്നു.
എത്രയോ കാലംകൊണ്ട് പ്രകൃതിയെ ചൂഷണം ചെയ്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ പ്രളയത്തില്‍ തകര്‍ന്നതിനാല്‍ അത്രയും കെട്ടിടങ്ങള്‍ ഒറ്റയടിക്ക് പുനര്‍നിര്‍മിക്കണമെങ്കില്‍ ഭ്രാന്തമായി പ്രകൃതിചൂഷണം നടത്തേണ്ടിവരും. അതു ഭാവിയില്‍ അതിഭീകരമായ പ്രകൃതിദുരന്തത്തിന് വഴിയൊരുക്കുകയും ചെയ്യും.
അപ്പോള്‍ നാം ചെയ്യേണ്ടതെന്താണ്.
ഏത് രീതിയിലുള്ള പുനര്‍നിര്‍മാണമാണ് സ്വീകരിക്കേണ്ടത്.ഒരു സംശയവുമില്ല, പ്രകൃതിയെ നശിപ്പിക്കാത്ത, പരിസ്ഥിതി സൗഹൃദമായ പുനര്‍നിര്‍മാണം തന്നെയായിരിക്കണം.
പിച്ചച്ചട്ടിയുമായി നാട്ടിലും വിദേശങ്ങളിലും പോയി സ്വരൂപിച്ച പണം ഒരു തത്വദീക്ഷയുമില്ലാതെ വാരിക്കോരി ചെലവഴിക്കാനുള്ളതാണോ എന്ന ചോദ്യത്തിനും ഉത്തരം കണ്ടേ മതിയാകൂ. അല്ലെങ്കില്‍, പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ പേരില്‍ പ്രകൃതിയെ തകര്‍ത്ത, പണം ദുര്‍വ്യയം ചെയ്ത ഭരണകൂടമെന്ന ചീത്തപ്പേര് ഈ സര്‍ക്കാരിന് ചുമക്കേണ്ടി വരും.
ഇവിടെയാണു ലോകത്തിലെ വികസിതരാജ്യങ്ങളെല്ലാം സ്വീകരിച്ച പ്രീഫാബ്രിക്കേറ്റഡ് കെട്ടിടനിര്‍മാണ സമ്പ്രദായം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വരുന്നത്. മലയും കുന്നും ഇടിച്ചുനിരത്താതെ, മണലൂറ്റി പുഴകളെ നശിപ്പിക്കാതെ, കോണ്‍ക്രീറ്റ് കാടുകള്‍ നിര്‍മ്മിച്ച് അന്തരീക്ഷത്തെ തീച്ചൂളയാക്കാതെ, ഏറ്റവും കുറഞ്ഞ ചെലവില്‍, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും മനോഹരമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നതാണു പ്രീഫാബ് നിര്‍മാണ രീതിയുടെ പ്രത്യേകത.
അമേരിക്കയും ജര്‍മനിയും ആസ്‌ത്രേലിയയും ചൈനയും ജപ്പാനുമുള്‍പ്പെടെ ലോകത്തിലെ വികസിത രാജ്യങ്ങളിലെല്ലാം സ്വീകരിച്ചു കഴിഞ്ഞ കെട്ടിടനിര്‍മാണ രീതിയാണിത്. 500 സ്‌ക്വയര്‍മീറ്റര്‍ വലുപ്പമുള്ള കൊച്ചുവീട് മുതല്‍ നൂറും അതിലേറെയും നിലകളുള്ള അംബരചുംബികള്‍വരെ ഈ നിര്‍മാണരീതിയില്‍ യാഥാര്‍ഥ്യമായിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് പുതിയ നിര്‍മാണ സമ്പ്രദായമാണെങ്കിലും പതിറ്റാണ്ടുകളായി ലോകം സ്വീകരിച്ചതാണിത്.
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം സലിം അമേരിക്കയില്‍ ആര്‍ക്കിടെനക്റ്റുകളുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയപ്പോഴുണ്ടായ ഒരനുഭവം അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. ''നൂറുവര്‍ഷം മുമ്പ് ലോകമെങ്ങും ഉണ്ടായിരുന്ന കെട്ടിട നിര്‍മ്മാണരീതി ഇപ്പോള്‍ നേരില്‍ക്കാണണമെങ്കില്‍ ഇന്ത്യയില്‍ പോയാല്‍ മതി'' എന്ന് ആ കോണ്‍ഫറന്‍സില്‍ സംസാരിച്ച ഒരു പ്രൊഫസര്‍ അഭിപ്രായപ്പെട്ടതത്രേ. വികസിത രാജ്യക്കാരുടെ കണ്ണില്‍ അറുപഴഞ്ചനും പണച്ചെലവുള്ളതുമാണ് നമ്മുടെ നിര്‍മാണരീതി.
പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണരീതിക്ക് കല്ലും സിമന്റും വേണ്ടതു തറകെട്ടാന്‍ മാത്രമാണ്. ഇഷ്ടപ്പെട്ട ഡിസൈനിലുള്ള കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ പ്രീഫാബ്രിക്കേറ്റഡ് നിര്‍മാണ സാമഗ്രികള്‍ക്ക് ഓര്‍ഡര്‍കൊടുക്കുകയും അതിനൊത്ത അളവില്‍ തറ നിര്‍മിക്കുകയും ചെയ്താല്‍ത്തന്നെ നിര്‍മാണവുമായി ബന്ധപ്പെട്ട തലവേദന അവസാനിച്ചു. ഓര്‍ഡര്‍ കിട്ടി കുറഞ്ഞ സമയത്തിനുള്ളില്‍ വിദേശത്തുനിന്ന് സാമഗ്രികളെത്തും. അവ കൂട്ടി യോജിപ്പിക്കുകയെന്ന പണിയേ പിന്നീടുള്ളൂ. അതും വിദഗ്ധ തൊഴിലാളികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും.
പ്ലാസ്റ്റിക് കോട്ടിങ്ങുള്ള സ്റ്റീല്‍ ചട്ടക്കൂട്ടിലാണു കെട്ടിടം നിര്‍മിക്കുന്നത്. നിശ്ചിത അളവിലെത്തുന്ന സ്റ്റീല്‍ ബാറുകള്‍ ബോള്‍ട്ടിട്ടു മുറുക്കി സ്ട്രക്ചര്‍ നിര്‍മിക്കും. അതിന് പുറത്തായി പ്രീഫാബ്രിക്കേറ്റഡ് ഭിത്തിനിര്‍മ്മിക്കും. പുറത്ത് കമനീയമായ നിറത്തിലുള്ള ഇന്‍സുലേറ്റഡ് ഷീറ്റുമുണ്ടാകും. ഇന്‍സുലേറ്റഡ് ഷീറ്റിന്റെ നിറം ഒരിക്കലും മങ്ങില്ല. വര്‍ഷങ്ങള്‍ക്കുശേഷം നിറം മാറ്റണമെന്നു തോന്നിയാല്‍ പുറത്തെ ഷീറ്റുമാത്രം സ്‌ക്രൂ ഇളക്കി മാറ്റിയാല്‍ മതി.
ചൂടിനെ പ്രതിരോധിക്കുന്നതും ശബ്ദത്തെ പ്രതിരോധിക്കുന്നതുമാണ് ഇത്തരം കെട്ടിടങ്ങളുടെ ഭിത്തി. ഭിത്തിയും മേല്‍ക്കൂരയും ഉള്‍പ്പെടെ തീപിടിക്കാത്തവയാണ്. അതിനാല്‍ അഗ്നി ഭയവും വേണ്ട. ഭിത്തിയും മേല്‍ക്കൂരയുമെല്ലാം ഭാരം വളരെ കുറഞ്ഞതായതിനാല്‍ കെട്ടിടം വീണ് അടിയില്‍പ്പെട്ടു മരിക്കുമെന്ന പേടിയും വേണ്ട.
സീലിങ്ങും കോണ്‍ക്രീറ്റ് ചെയ്തതല്ല. ഉറപ്പുള്ളതും ഭാരം കുറഞ്ഞതുമായ മെറ്റീരിയലാണ് ഉപയോഗിക്കുന്നത്. ഏറ്റവും മുകളിലെ മേല്‍ക്കൂരയും ഭിത്തിയെപ്പോലെ ഇന്‍സുലേറ്റഡാണ്. അന്തരീക്ഷത്തില്‍ 40 ഡിഗ്രി ചൂടുണ്ടായാലും ഫാനിടാതെ വീടിനകത്ത് ഇരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. തീപിടിക്കില്ല. ചോര്‍ച്ചയുണ്ടാകില്ല, നിറം മങ്ങില്ല, പെയിന്റടിക്കണ്ട, കണക്കില്ലാത്ത സിമന്റും മണലും കല്ലും വേണ്ട തുടങ്ങി ഒട്ടേറെ ഗുണവിശേഷങ്ങളുള്ളതിനാലാണ് ഇത്തരം വീടുകള്‍ മറ്റു രാജ്യങ്ങളില്‍ വ്യാപകമായത്.
മനസിനിണങ്ങിയ വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. പക്ഷേ, വീടുവയ്ക്കല്‍പോലെ ഇത്ര തലപ്പെരുപ്പമുണ്ടാക്കുന്ന മറ്റൊരു സംഗതിയില്ല. വര്‍ഷങ്ങളേറെ വേണം പണി പൂര്‍ത്തിയാക്കാന്‍. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്ക് കടക്കെണിയില്‍ പെട്ടിരിക്കും. മോശമല്ലാത്തൊരു വീട് നിര്‍മിക്കന്‍ സ്‌ക്വയര്‍ഫീറ്റിന് 4000 രൂപ ചെലവാകും. അതിന്റെ പകുതി മതി ഇത്തരം വീടുകള്‍ക്ക് എന്നതാണ് ഏറ്റവും ആകര്‍ഷകമായ പ്രത്യേകത.
ചൈനയില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇത്തരം വീടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. അതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ഏറെ ആശ്രയിക്കാവുന്ന നിര്‍മാണ രീതി ഇതാണെന്ന് തോന്നി. ആസ്‌ത്രേലിയന്‍ സാങ്കേതികവിദ്യ അനുസരിച്ച് ഇത്തരം കെട്ടിടനിര്‍മാണ സാമഗ്രികള്‍ ഉണ്ടാക്കുന്ന ചൈനീസ് കമ്പനിയുമായി കരാറിലേര്‍പ്പെടാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് പ്രകൃതിയെ ചൂഷണം ചെയ്യാത്ത, കീശ മുറിക്കാത്ത കെട്ടിട നിര്‍മാണരീതി എന്ന പ്രത്യേകതയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരവും ഈ സാങ്കേതികവിദ്യക്കുണ്ട്.
ഇത്തരം കെട്ടിടനിര്‍മാണ രംഗത്തുള്ള ഏതെങ്കിലും ഏജന്‍സിയെ സമീപിക്കണമെന്നല്ല പറയുന്നത്. സര്‍ക്കാരിന് നേരിട്ടു തന്നെ ഈ നിര്‍മ്മാണരീതി ബോധ്യപ്പെട്ട് ആവശ്യമെങ്കില്‍ നേരിട്ടുതന്നെ രംഗത്തുവരാനും കഴിയും. പ്രകൃതിയെ അതിഭീകരമായി ദ്രോഹിച്ചും മറ്റുള്ളവരുടെ ഔദാര്യത്തില്‍ നിന്ന് കിട്ടിയ പണം കോണ്‍ക്രീറ്റ് കാടുകള്‍ക്കായി വാരിവിതറിയും നശിപ്പിക്കണോ പ്രകൃതിക്ക് ഇണങ്ങുന്ന, സുന്ദര ഭവനങ്ങളും വില്ലകളും ഫ്‌ളാറ്റുകളും നിര്‍മിക്കണോ എന്നതാണ് സര്‍ക്കാര്‍ ചിന്തിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."