ഓള്‍റൗണ്ട് ഇന്ത്യ
ലണ്ടന്‍: ആദ്യം ബൗളര്‍മാരും ഫീല്‍ഡര്‍മാരും പിന്നീട് ബാറ്റ്‌സ്മാന്‍മാരും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ കാര്യങ്ങള്‍ തീരുമാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് കാഴ്ചക്കാരുടെ സ്ഥാനം മാത്രം. ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയിലെ നിര്‍ണായക പോരാട്ടം അനായാസം അതിജീവിച്ച് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ സെമിയിലേക്ക് മുന്നേറി. പാകിസ്താനെ കീഴടക്കുകയും ശ്രീലങ്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയും ചെയ്ത് നില പരുങ്ങലിലായ ഇന്ത്യയും സമാന അവസ്ഥയില്‍ ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കടുത്ത മത്സരം പ്രതീക്ഷിച്ചു. എന്നാല്‍ മൈതാനത്ത് ഇന്ത്യന്‍ താരങ്ങളുടെ മികവിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നിഷ്പ്രഭരായി.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്ത്. ഇന്ത്യ 38 ഓവറില്‍ രണ്ട് വിക്കറ്റിന് 193 റണ്‍സ്.
192 റണ്‍സ് വിജയം തേടിയിറങ്ങിയ ഇന്ത്യക്ക് ഓപണര്‍ രോഹിത് ശര്‍മയെ സ്‌കോര്‍ 23ല്‍ നില്‍ക്കേ നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന ശിഖര്‍ ധവാന്‍- വിരാട് കോഹ്‌ലി സഖ്യം മികച്ച ബാറ്റിങിലൂടെ കളി വരുതിയിലാക്കി.
സ്‌കോര്‍ 151ല്‍ നില്‍ക്കേ ധവാന്‍ വീണെങ്കിലും നാലാമനായി എത്തിയ യുവരാജ് സിങ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യന്‍ വിജയം ഉറപ്പിച്ചു. ധവാന്‍ 83 പന്തില്‍ 12 ഫോറും ഒരു സിക്‌സും പറത്തി 78 റണ്‍സെടുത്തു. കോഹ്‌ലി 101 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം 76 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ 23 റണ്‍സുമായി യുവരാജും പുറത്താകാതെ നിന്നു. മോണ്‍ മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ വീണ വിക്കറ്റുകള്‍ പങ്കിട്ടു.
നേരത്തെ ടോസ് നേടി ബൗള്‍ ചെയ്യാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം തുടക്കത്തില്‍ പാളുന്നതാണ് കണ്ടത്. ഓപണര്‍മാരായ ഹാഷിം അംലയും ക്വിന്റന്‍ ഡി കോക്കും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 76ല്‍ നില്‍ക്കെ 53 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ ടോപ് സ്‌കോററായ ക്വിന്റന്‍ കോക്കിനെ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നീട് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും ഒപ്പം ഫീല്‍ഡര്‍മാര്‍ക്കും സാധിച്ചപ്പോള്‍ അവരുടെ സ്‌കോര്‍ 200 പോലും കടന്നില്ല. കളിയില്‍ മൂന്ന് റണ്ണൗട്ടുകളാണ് ഇന്ത്യന്‍ ഫീല്‍ഡമാര്‍ സൃഷ്ടിച്ചത്. അംല (35), ഡു പ്ലെസിസ് (36) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. നായകന്‍ ഡിവില്ല്യേഴ്‌സ് 16 റണ്‍സില്‍ പുറത്തായി. മധ്യനിരയില്‍ ഡുമിനി 20 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റൊരു താരത്തിനും രണ്ടക്കം കടക്കാനും സാധിച്ചില്ല. ഭുവനേശ്വര്‍ കുമാര്‍, ബുമ്‌റ എന്നിവര്‍ രണ്ടും അശ്വിന്‍, ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."