പണയപ്പണ്ടങ്ങളല്ല, കുഞ്ഞുങ്ങള്‍
കുട്ടികള്‍ അറിവിന്റെ ലോകത്തേക്കാണ് കടന്നുചെല്ലേണ്ടത്. ഒപ്പം ആരോഗ്യകരമായ കളിയിലേക്കും വിശ്രമത്തിലേക്കും. പഠിക്കേണ്ട പ്രായത്തില്‍ പ്രയാസമേറിയ ജോലിചെയ്യാന്‍ നിന്നാല്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ തേടിയെത്തുമെന്നുറപ്പ്. ബാലവേല രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും വിവിധ ഇടങ്ങളില്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നു. അതിന്റെ ദുരിതം പേറുന്ന ഒരുപാട് കുട്ടികള്‍ രാജ്യത്ത് ഇന്നുമുണ്ട്. ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയും മൃഗീയമായ ക്രൂരതകള്‍ക്കിരയാക്കിയും ജീവിക്കാന്‍ വിധിക്കപ്പെട്ട ഹത ഭാഗ്യരാണവര്‍. അവരുടെ അവസ്ഥ വിവരണാതീതം. അനുഭവിച്ചവര്‍ക്കുമാത്രം പറഞ്ഞു തരാനാവുന്ന ദുരിതം.
സമൂഹത്തില്‍ അവഗണിക്കപ്പെടുന്ന, വേദനിക്കാന്‍ വിധിക്കപ്പെട്ട ബാല്യത്തെ ഓര്‍മിച്ച് 2002 മുതലാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐ.എല്‍.ഒ) ജൂണ്‍ 12,ലോക ബാലവേല വിരുദ്ധദിനമായി ആചരിക്കുന്നത്.
ബാലവേല
നിരോധനവും നിയമവും
2006 ഒക്ടോബര്‍ ഒന്‍പതിനാണ് ഇന്ത്യയില്‍ ബാലവേല നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭരണഘടനാ ശില്‍പികള്‍ ബാലവേലയുടെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് 24ാം വകുപ്പില്‍ നിരോധിക്കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു. 1948ലെ ഫാക്ടറീസ് ആക്ടനുസരിച്ചും 14 വയസ് പൂര്‍ത്തിയാവാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
കുട്ടികളെ കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ജോലിയെടുപ്പിക്കുന്നത് രണ്ടുവര്‍ഷം വരെ തടവും പരമാവധി 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്‌കൂള്‍ സമയം കഴിഞ്ഞോ അവധിക്കാലത്തോ കുട്ടികള്‍ കുടുംബത്തെ സഹായിക്കുന്നത് മാത്രമാണ് പുതിയ നിയമത്തില്‍ ബാലവേല അല്ലാതായി കണക്കാക്കുക.
14നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരെ അപകട സാധ്യതനിറഞ്ഞ ഖനികളിലും സ്‌ഫോടകവസ്തുക്കളും തീപിടിക്കാവുന്നതുമായ വസ്തുക്കള്‍ കൈാര്യം ചെയ്യുന്ന സ്ഥലങ്ങളിലും തൊഴിലെടുപ്പിക്കരുതെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു.
കുട്ടികളെ കൊണ്ട്
ജോലി ചെയ്യിക്കരുത്
അനുവദിക്കപ്പെട്ട ജോലികളില്‍ രാത്രി ഏഴു മുതല്‍ രാവിലെ എട്ടുവരെ കുട്ടികളെ ജോലി ചെയ്യിപ്പിക്കരുത്.
തൊഴില്‍ സമയം ആറു മണിക്കൂറില്‍ കൂടരുത്.
14 വയസിനു താഴെയുള്ളവരെക്കൊണ്ട് വീടുകള്‍, തട്ടുകടകള്‍, ചായക്കടകള്‍, റെസ്റ്റോറന്റുകള്‍, റിസോര്‍ട്ടുകള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യിപ്പിക്കരുത്.
ആഴ്ചയില്‍ ഒരു അവധി ദിവസം നിര്‍ബന്ധം.
ബാലവേലയ്ക്ക്
കാരണം
കുടുംബങ്ങളുടെ ദാരിദ്ര്യം, പട്ടിണി, തകര്‍ച്ച, അറിവില്ലായ്മ തുടങ്ങിയവയാണ് ബാലവേല വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍.
ഇന്ത്യയില്‍ ബാലവേല ചെയ്യുന്നവരില്‍75ശതമാനം പേരും സ്‌കൂളുകളില്‍ പോകുന്നില്ല. ബാലവേലമൂലം സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് വേറെയും ഉണ്ടാകുന്നു. ആയതിനാല്‍ വീണ്ടും ബാലവേല വര്‍ധിക്കുന്നു.
തടയാം ബാലവേല,
ഒന്നിച്ചു മുന്നേറാം
ബാലവേല ശ്രദ്ധയില്‍പെട്ടാല്‍,ആ വിവരം പൊലിസ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരില്‍ ആരെയെങ്കിലും അറിയിച്ച് ഇത്തരം കുട്ടികളെ രക്ഷിക്കാം. ഒപ്പം നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ശ്രമിക്കുക.
ബോധവല്‍ക്കരണങ്ങള്‍
സംഘടിപ്പിക്കാം
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റി സ്‌കൂളുകളില്‍ പോസ്റ്ററുകള്‍ നിര്‍മിക്കുകയും സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യാം.
ബാലവേല നിരോധന നിയമങ്ങളെ പറ്റി ക്ലാസുകള്‍ സംഘടിപ്പിക്കാം.
പഠനറിപ്പോര്‍ട്ടുകള്‍ തയാറാക്കി ക്ലാസില്‍ അവതരിപ്പിക്കാം
കൈലാഷ് സത്യാര്‍ഥി
കുട്ടികളുടെ രക്ഷകന്‍
ബാലവേലയ്‌ക്കെതിരായി പതിറ്റാണ്ടുകളായി നിരന്തരമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ഥിയെ തേടി സമാധാനത്തിനുള്ള നൊബേല്‍ വന്നത്. 'കുട്ടികളാണ് എന്റെ ദൈവം , എന്റെ മതം' എന്ന ജീവിതദര്‍ശനം കാട്ടിതന്ന വ്യക്തികൂടിയാണ് അദ്ദേഹം.
തൊഴില്‍മേഖലയില്‍ അടിമപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിനു കുട്ടികളുടെ കരിപുരണ്ട ജീവിതം വെളിച്ചത്തിലേക്ക് നയിക്കാന്‍ സത്യാര്‍ഥിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു.
തന്റെ അഭിപ്രായങ്ങളോട് യോജിക്കുന്ന ചില സുഹൃത്തുക്കളെക്കൂട്ടി അദ്ദേഹം ഒരു സംഘടനയ്ക്കു രൂപം നല്‍കി, 1980ല്‍. ബച്പന്‍ ബചാവോ ആന്തോളന്‍ (ബി.ബി.എ). ഇന്നത്തെ ഒഡിഷ, ഛത്തിസ്ഗഡ്, ഝാര്‍ഖണ്ഡ്, മുംബൈ,ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ മാതാപിതാക്കളുടെ പണയപ്പണ്ടങ്ങളായി വിവിധ ഫാക്ടറികളില്‍ കഠിനപ്രയത്‌നത്തിനു നിയോഗിക്കപ്പെട്ട ആയിരക്കണക്കിനു കുട്ടികളുടെ മോചനത്തിന് ബിബി.എ ഇറങ്ങിത്തിരിച്ചു.
1998ല്‍ സത്യാര്‍ഥിയും സംഘവും108 രാജ്യങ്ങളില്‍ ബാലവേലയ്ക്കും കുട്ടികളുടെ അടിമപ്പണിക്കുമെതിരേ ആഗോള മാര്‍ച്ച് നടത്തി. കുട്ടികളെ ബാലവേലയില്‍ നിന്നു മോചിപ്പിച്ച്, വിദ്യാഭ്യാസ മേഖലയിലേക്കും സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലേക്കും തിരിച്ചുവിടാന്‍ ഈ സംഘടനയ്ക്കു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."