നെടുമ്പാശ്ശേരി കള്ളനോട്ട് കേസ്: ഒന്നാംപ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്
കൊച്ചി: നെടുമ്പാശ്ശേരി കള്ളനോട്ട് കേസില്‍ ഒന്നാംപ്രതി മലപ്പുറം കാളികാവ് നീലഞ്ചേരി സ്വദേശി ആബിദ് ചുള്ളികുളവന് പത്തുവര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എന്‍.ഐ.എ കോടതി ജഡ്ജി എ. നന്ദകുമാറാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമം 489 (ബി) വകുപ്പ് പ്രകാരം പത്തുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും കള്ളനോട്ടുകള്‍ കൈവശംവച്ച കുറ്റത്തിന് 489 (സി) വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്.
ജയില്‍ശിക്ഷ പത്തുവര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. കേസില്‍ വിചാരണനേരിട്ട കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പുതുവീട്ടില്‍ മുഹമ്മദ് ഹനീഫ, മലപ്പുറം കരുവാരക്കുണ്ട് നീലഞ്ചേരി തെക്കേതില്‍ പൊടിസലാം എന്ന അബ്ദുല്‍ സലാം, തമിഴ്നാട് പുതുച്ചേരി സ്വദേശി ആന്റണി ദാസ് എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.
മഞ്ചേരി സ്വദേശി കുഞ്ഞൂട്ടി എന്ന കുഞ്ഞുമുഹമ്മദിനെ കേസില്‍ മാപ്പുസാക്ഷി ആക്കിയിരുന്നു. അതേസമയം കേസിലെ അഞ്ചാം പ്രതിയായ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ അഫ്താബ് ബട്കിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ ദുബൈയില്‍വച്ച് ആബിദിന് പണം കൈമാറിയെന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു.
2013 ജനുവരി 26ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് 500 രൂപയുടെ 1,950 കള്ളനോട്ടുകളുമായാണ് ആബിദിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. കള്ളനോട്ട് ലഭിക്കുന്നതിനായി ആന്റണി ദാസ് നാല് ലക്ഷം രൂപ കുഞ്ഞുമുഹമ്മദിന് കൈമാറിയതായാണ് കണ്ടെത്തല്‍.
പ്രതിക്കെതിരേ യു.എ.പി.എ ചുമത്തിയെങ്കിലും കള്ളനോട്ടു നിര്‍മാണം ഭീകരപ്രവര്‍ത്തനം ആക്കിക്കൊണ്ട് യു.എ.പി.എ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് മുന്‍പാണ് കുറ്റകൃത്യം നടന്നതെന്ന കാരണത്താല്‍ യു.എ.പി.എ ചുമത്തിയത് ഹൈക്കോടതി ഒഴിവാക്കുകയായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."