HOME
DETAILS

ബദ്ര്‍ സത്യത്തിന്റെ വിജയരേഖ

  
backup
June 11 2017 | 23:06 PM

%e0%b4%ac%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af

 

 

ഇസ്‌ലാമിക ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന സംഭവങ്ങളിലൊന്നാണ് ബദ്ര്‍യുദ്ധം. സത്യവും അസത്യവും കൊമ്പുകോര്‍ക്കുമ്പോള്‍ ആത്യന്തികവിജയം സത്യത്തിനാണെന്ന വിളംബരം കൂടിയായിരുന്നു ബദ്ര്‍. വ്യവസ്ഥാപിതമായി ഇസ്‌ലാമിന്റെ സംസ്ഥാപനം പ്രത്യക്ഷാര്‍ഥത്തില്‍ ആരംഭിക്കുന്നത് ബദ്‌റിനു ശേഷമായിരുന്നെന്നു കാണാം. ആദ്യം പ്രവാചകന്‍ ഇസ്‌ലാമിന്റെ ലക്ഷ്യത്തെയും അചഞ്ചലമായ വിശ്വാസത്തിന്റെ സാധ്യതയെയും ഊന്നിപ്പറയുന്ന പ്രഭാഷണത്തിലൂടെ അനുചരഹൃദയത്തില്‍ ജിഹാദിന്റെ ഊര്‍ജം നിറച്ചു. ബദ്ര്‍ ദിനത്തിലെ പ്രവാചകന്റെ പ്രസംഗം ഇങ്ങനെ സംഗ്രഹിക്കാം: 'അല്ലാഹുവിന്റെ താല്‍പര്യങ്ങളെ കുറിച്ചാണ് ഞാന്‍ നിങ്ങളെ ഉണര്‍ത്തുന്നത്. അവന്‍ വിരോധിച്ച കാര്യങ്ങള്‍ നിങ്ങള്‍ വെടിയുക. അവന്‍ സത്യം കല്‍പിക്കുകയും സത്യസന്ധത ഇഷ്ടപ്പെടുകയും ചെയ്യുന്നു. സദ്ഹൃത്തര്‍ക്ക് ഉന്നതപദവികള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങളിപ്പോള്‍ സത്യത്തിന്റെ പാതയിലാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍, അവനുവേണ്ടി ചെയ്യുന്നത് മാത്രമേ അവന്‍ സ്വീകരിക്കൂ. പ്രാരാബ്ധഘട്ടങ്ങളില്‍ ക്ഷമ പുലര്‍ത്തുന്നവര്‍ക്ക് അവന്‍ സമാധാനം പ്രദാനം ചെയ്യും. അവരതിലൂടെ അനശ്വരവിജയികളായിത്തീരുന്നു. നിങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഒരു പ്രവാചകനെ അയച്ചിരുന്നു. കല്‍പനകള്‍ ശിരസാവഹിക്കുകയും ദൃഷ്ടാന്തങ്ങളില്‍നിന്ന് പാഠമുള്‍കൊള്ളുകയും ചെയ്യുക. അവനെ സംപ്രീതനാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. എന്നാല്‍, അവന്‍ വാഗ്ദത്തം ചെയ്ത അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു മേല്‍ പെയ്തിറങ്ങും. അവന്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നവനും സത്യസന്ധനുമാണ്. സര്‍വ കാര്യങ്ങളും അല്ലാഹുവില്‍ ഏല്‍പ്പിച്ചുകൊണ്ടാണ് പ്രവാചകന്‍ പ്രസംഗമവസാനിപ്പിച്ചത്.
പ്രവാചകന്റെ ഈ പ്രഭാഷണം ശ്രവിച്ച ശേഷം അന്‍സ്വാരികളില്‍ പ്രമുഖനായ സഅ്ദ് ബ്‌നു ഉബാദ(റ) പ്രവാചകനോട് പറഞ്ഞു: 'നബിയേ, ആര്‍ത്തലക്കുന്ന സമുദ്രത്തിലേക്ക് എടുത്തു ചാടണമെന്നാണ് അങ്ങയുടെ കല്‍പ്പനയെങ്കില്‍ അത് ശിരസാ വഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.' കേവല ആവേശ പ്രകടനമെന്നതിലപ്പുറം തങ്ങളുടെ വിശ്വാസ സംഹിത പൂര്‍ണമായും സത്യനിഷ്ടമാണെന്നും അതിന്റെ പരിപാലനം ചരിത്രപരമായ ദൗത്യവുമാണെന്ന തിരിച്ചറിവിന്റെ നിദര്‍ശനവുമാണ് സഅ്ദ് ബ്‌നു ഉബാദ(റ)യുടെ വാക്കുകള്‍.
മുസ്‌ലിംകളുടെ വിശ്വാസ പരീക്ഷണത്തിന്റെ പ്രധാന ഘട്ടം കൂടിയായിരുന്നു ബദ്ര്‍. അസഹനീയമായ പീഡനമുറകള്‍ കൊണ്ടു പൊറുതി മുട്ടിയ മുസ്‌ലിംകള്‍ ആയുധബലവും ആള്‍ബലവും വേണ്ടുവോളമുള്ള എതിരാളികളോട് പോരിനിറങ്ങുന്നത് ഉടയാത്ത ആദര്‍ശവും ഒടുങ്ങാത്ത വിശ്വാസവും മാത്രം കൈമുതലാക്കി കൊണ്ടായിരുന്നു. ആ വിശ്വാസത്തെ യഥോചിതം ഊട്ടിയുറപ്പിക്കുകയായിരുന്നു ബദ്ര്‍.
ഒരു ചെറു സംഘം വേണ്ടത്ര ആയുധമോ സജ്ജീകരണങ്ങളോ ഇല്ലാതെ സര്‍വ സജ്ജീകരണങ്ങളുമുള്ള ഒരു സൈന്യത്തെ കീഴ്‌പ്പെടുത്തിയ സംഭവം കൂടിയാണ് ബദ്ര്‍. വിശ്വാസത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നു വ്യക്തമാക്കിയ പോരാട്ടം കൂടിയാണത്. ബദ്‌റിന്റെ ചരിത്രം ഇന്നും ലോകം സ്മരിക്കുന്നതില്‍ നിന്ന് അതിന്റെ മഹത്വം വ്യക്തമാകുന്നു. തികച്ചും നിര്‍ബന്ധിത സാഹചര്യത്തിലാണ് ബദ്ര്‍ യുദ്ധം സംഭവിക്കുന്നത്. തിരുനബി(സ) പ്രബോധനം ആരംഭിച്ചതോടെ കടുത്ത വിദ്വേഷവും ശത്രുതയുമാണ് മക്കയിലെ അവിശ്വാസികള്‍ പ്രകടിപ്പിച്ചത്. സത്യവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ മുസ്‌ലിംകള്‍ ശക്തമായ പീഡനത്തിനിരയായി. ശാരീരിക, മാനസിക, സാമ്പത്തിക അതിക്രമങ്ങള്‍ക്ക് വിധേയമായത് വിവരിക്കാന്‍ പറ്റാത്തവിധം ഭീകരമാണ്. നിരന്തരപീഡനവും കൊടിയ ഉപരോധവും അസഹ്യമായപ്പോള്‍ മക്കയില്‍നിന്നു പലായനം ചെയ്തു. അല്ലാഹുവിന്റെ തൗഹീദില്‍ വിശ്വസിച്ച ഒറ്റക്കാരണത്താലാണ് വിശ്വാസികള്‍ വീടും നാടും കുടുംബവും സമ്പാദ്യവുമെല്ലാമുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നത്. നിരവധി മുസ്‌ലിംകള്‍ ക്രൂരമായി കൊല്ലപ്പെട്ടു. മദീനയിലെത്തിയ മുഹമ്മദ് നബി(സ)ക്കും കൂട്ടര്‍ക്കും സൈ്വര്യജീവിതം തടയപ്പെട്ട ഘട്ടത്തിലാണ് ബദ്‌റില്‍വച്ച് പോരാട്ടം നടക്കുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17 നായിരുന്നു അത്. ആത്മവീര്യവും സ്ഥൈര്യവുമുള്ള ഒരു ചെറു സംഘത്തിന് സായുധ സജ്ജരായ ഒരു വലിയ സൈന്യത്തെ ജയിക്കാന്‍ സാധിച്ചത് അതുല്യ നേട്ടമായിരുന്നു. നേതാവും അണികളും തമ്മിലുള്ള സഹകരണവും മനപ്പൊരുത്തവും ബദ്‌റില്‍ തെളിഞ്ഞുകാണാം. അല്ലാഹു അവര്‍ക്ക് സഹായം നല്‍കി.
നേതൃത്വത്തിലുള്ള ഉറച്ചവിശ്വാസം ബദ്‌റിന്റെ വിജയത്തിന്റെ അടിസ്ഥാന കാരണമായിരുന്നു. യുദ്ധം സമാഗതമായെന്നുള്ള ചര്‍ച്ച നബി(സ) നടത്തിയപ്പോള്‍ മൂസാനബി(അ)യുടെ അനുയായികള്‍ പറഞ്ഞ പോലെ ഞങ്ങള്‍ പറയില്ലെന്നും നബി(സ)തങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നും പ്രഖ്യാപിച്ചത് ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ബദ്‌റിന്റെ യുദ്ധഭൂമിയില്‍ വച്ച് നബി(സ) ഒലിക്കുന്ന കണ്ണുകളോടെ അല്ലാഹുവിലേക്ക് കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഈ കൊച്ചുസംഘം എങ്ങാനും ബദ്‌റിന്റെ മണ്ണില്‍ പരാജയപ്പെട്ടാല്‍ പിന്നീട് നിന്നെ ആരാധിക്കാന്‍ ഈ ഭൂമുഖത്ത് ആരും ശേഷിക്കുകയില്ല.' നബി(സ)യ്ക്കു വേണ്ടി തയാറാക്കിയ പന്തലിലെത്തി ദീര്‍ഘനേരം താണുകേണ് പ്രാര്‍ഥിച്ചു. തട്ടമെല്ലാം താഴെ വീണു. അബൂബക്കര്‍(റ) നബിയെ ആശ്വസിപ്പിക്കുകയായിരുന്നു: 'അല്ലാഹു സഹായിക്കും, താങ്കളോട് ചെയ്ത വാഗ്ദാനം പാലിക്കും' മുസ്‌ലിംകള്‍ വിജയിക്കുവോളം വീണ്ടും വീണ്ടും നബി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 'രക്ഷിതാവിനോട് നിങ്ങള്‍ സഹായത്തിനപേക്ഷിച്ച സന്ദര്‍ഭം(ഓര്‍ക്കുക). തല്‍ഫലമാ യി, തുടര്‍ന്നുവരുന്ന ആയിരം മലക്കുകളെക്കൊണ്ട് ഞാന്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കുന്നവനാണെന്ന് അവന്‍ നിങ്ങള്‍ ക്കുത്തരം നല്‍കി.
ആ സഹായം അല്ലാഹു നിശ്ചയിച്ചത് നിങ്ങളെ സന്തോഷിപ്പിക്കാനും അതുകൊണ്ട് നിങ്ങളുടെ ഹൃദയങ്ങള്‍ ശാന്തമായിരിക്കാനും വേണ്ടി മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാണ് സഹായം. അല്ലാഹു പ്രതാപശാലിയും യുക്തിമാനും തന്നെയാകുന്നു. തന്റെ പക്കല്‍ നിന്നുള്ള നിര്‍ഭയാവസ്ഥ മൂലം അവര്‍ നിങ്ങളെ നിദ്രാമയക്കത്തിനു വിധേയരാക്കിയ സന്ദര്‍ഭം (സ്മരിക്കുക). നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനും പിശാചിന്റെ (ദുര്‍ബോധന) മാലിന്യത്തെ നിങ്ങളില്‍ നിന്നകറ്റേണ്ടതിനും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ദൃഢതയുണ്ടാക്കുകയും പാദങ്ങളെ യുദ്ധക്കളത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യേണ്ടതിനും ആകാശത്തുനിന്ന് അവന്‍ മഴ വര്‍ഷിപ്പിച്ചു തന്ന സന്ദര്‍ഭവും (ഓര്‍ക്കുക)നിശ്ചയം ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, അതുകൊണ്ട് സത്യവിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്തുക; സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ് (അല്‍ അന്‍ഫാല്‍ 9-13).

 


ബദ്‌രീങ്ങളുടെ മഹത്വം

 


ബദ്‌റില്‍ പങ്കെടുത്തവര്‍ക്കുള്ള മഹത്തായ വിശേഷണമാണ് അസ്ഹാബുല്‍ ബദ്ര്‍ എന്നത്. അവരുടെ ചരിത്രം എക്കാലത്തുമുള്ള വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആവേശോജ്ജ്വലമാണ്. ഇസ്‌ലാമിക ലോകത്ത് എക്കാലവും അനുസ്മരിക്കപ്പെടുന്നവരാണ് അവര്‍. എക്കാലത്തെയും ധര്‍മ മുന്നേറ്റങ്ങള്‍ക്ക് ആവേശവും ആത്മധൈര്യവും പകരുന്നതാണത്.അല്ലാഹുവിന്റെ അടുക്കല്‍ അത്യുന്നത സ്ഥാനം നല്‍കപ്പെട്ടവരാണ് ബദ്‌രീങ്ങള്‍. ജിബ്‌രീല്‍(അ) നബി(സ)യെ സമീപിച്ച് ചോദിച്ചു: 'നിങ്ങള്‍ക്കിടയില്‍ ബദ്‌രീങ്ങളുടെ പദവി എന്താണ്?' നബി(സ) പറഞ്ഞു: 'അവര്‍ മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്ഠരാണ്.' ജിബ്‌രീല്‍(അ) പറഞ്ഞു: 'അതില്‍ പങ്കെടുത്ത മലക്കുകള്‍ അവരുടെ കൂട്ടത്തിലും ശ്രഷ്ഠരാണ്'(ബുഖാരി 369).
അലി(റ)യില്‍നിന്നു റിപ്പോര്‍ട്ട്: ''എന്നെയും അബൂ മര്‍സദ്(റ), സുബൈര്‍(റ) എന്നിവരെയും നബി(സ) യാത്രയാക്കി. ഞങ്ങള്‍ മൂന്നുപേരും കുതിരപ്പടയാളികളായിരുന്നു. അപ്പോള്‍ അവിടുന്നു ഇപ്രകാരം പറഞ്ഞു: 'നിങ്ങള്‍ മൂന്നു പേരും 'ഖാഖ് തോട്ടത്തി'ല്‍ പോവുക. നിശ്ചയം, മുശ്‌രിക്കുകളില്‍ പെട്ട ഒരു സ്ത്രീ ഉണ്ടവിടെ. (സ്വഹാബിയായ) ഹാത്വിബുബ്‌നു അബീബല്‍തഅത്ത്(റ) മുശ്‌രിക്കുകള്‍ക്കു കൊടുത്തയച്ച ഒരു കത്ത് അവളുടെ കൈവശമുണ്ട്. അങ്ങനെ ഞങ്ങള്‍ പുറപ്പെട്ടു. പ്രസ്തുത സ്ത്രീയെ കണ്ടുമുട്ടി. നബി(സ) പ്രസ്താവിച്ച സ്ഥലത്തു വച്ചു തന്നെ ഒരു ഒട്ടകപ്പുറത്തു പോകുന്നതായിട്ടാണു അവളെ കണ്ടുമുട്ടിയത്.''
ഉടനെ അവളോട് ഞങ്ങള്‍ എഴുത്ത് ആവശ്യപ്പെട്ടു. അവള്‍ പറഞ്ഞു: 'എന്റെ കൈവശം എഴുത്തൊന്നുമില്ല. അങ്ങനെ അവളുടെ ഒട്ടകത്തെ ഞങ്ങള്‍ മുട്ടുകുത്തിച്ചു. ഞങ്ങള്‍ അവളുടെ കൈവശം എഴുത്തുണ്ടോയെന്ന് പരിശോധിച്ചു. എഴുത്ത് കണ്ടില്ല'. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: 'നബി(സ) ഒരിക്കലും കളവു പറയില്ല. അതുകൊണ്ട് എഴുത്ത് നിര്‍ബന്ധമായും എടുത്തുതരിക. അല്ലെങ്കില്‍ നിന്റെ വസ്ത്രങ്ങള്‍ ഊരി ഞങ്ങള്‍ പരിശോധിക്കും. കാര്യം വിഷമമാണെന്നു അവള്‍ക്കു ബോധ്യപ്പെട്ടപ്പോള്‍ വസ്ത്രത്തിന്റെ ഉള്ളില്‍നിന്നു അവള്‍ എഴുത്തെടുത്ത് ഞങ്ങള്‍ക്കു തന്നു. അങ്ങനെ അതുമായി ഞങ്ങള്‍ നബി(സ)യുടെ തിരുസന്നിധിയിലെത്തി. അവിടെവച്ച് എഴുത്ത് വായിച്ചപ്പോള്‍ ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഹാത്വിബ്(റ) നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ചിരിക്കുന്നു. അതുകൊണ്ട് അവന്റെ പിരടിവെട്ടാന്‍ അങ്ങ് ഞങ്ങള്‍ക്കു സമ്മതം തരിക.' അപ്പോള്‍ നബി(സ) ഹാത്വിബി(റ)ലേക്കു തിരിഞ്ഞു ഇങ്ങനെ ചോദിച്ചു: 'മുശ്‌രിക്കുകള്‍ക്കു ഇങ്ങനെയൊരു കത്തെഴുതാന്‍ നിന്നെ പ്രേരിപ്പിച്ച ഘടകമെന്താണ്?'
ഹാത്വിബ്(റ) പറഞ്ഞു: 'അല്ലാഹുവാണു സത്യം! ഞാന്‍ അല്ലാഹുവിലും റസൂലിലും ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. എങ്കിലും മുശ്‌രിക്കുകള്‍ക്കിടയില്‍ എനിക്കൊരു സ്വാധീനമുണ്ടായിരിക്കണമെന്നുദ്ദേശിച്ചാണ് ഞാന്‍ എഴുത്ത് കൊടുത്തയച്ചത്. എന്റെ കുടുംബത്തിനും സമ്പത്തിനുമൊക്കെ വന്നേക്കാവുന്ന വിപത്ത് ആ സ്വാധീനം മുഖേന അല്ലാഹു തട്ടിക്കളയാന്‍ സാധ്യതയുണ്ടല്ലോ. തങ്ങളുടെ സ്വഹാബികളില്‍ നിന്നുള്ള ഏതൊരാള്‍ക്കും മക്കയില്‍ ബന്ധുക്കളില്ലാതില്ല. അവര്‍ മുഖേന സ്വന്തം കുടുംബത്തെയും സമ്പത്തിനെയും അല്ലാഹു സംരക്ഷിച്ചേക്കും.'
ഇതു കേട്ടപ്പോള്‍ നബി(സ) ഇങ്ങനെ പറഞ്ഞു: 'ഹാത്വിബ്(റ) പറഞ്ഞത് സത്യമാണ്. അതുകൊണ്ട് ഹാത്വിബിനെതിരേ ഒന്നും പറയരുത്.' ഇതുകേട്ട് ഉമര്‍(റ) ഇങ്ങനെ പ്രതികരിച്ചു: 'നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും വഞ്ചിച്ചിരിക്കയാണ് ഹാത്വിബ്(റ). അവന്റെ പിരടി വെട്ടാന്‍ അങ്ങ് അനുമതി തരിക.' അപ്പോള്‍ നബി(സ) ഇപ്രകാരം പറഞ്ഞു: 'ബദ്‌രീങ്ങളില്‍പെട്ട വ്യക്തിയാണ് ഹാത്വിബ്(റ). ബദ്‌രീങ്ങളെ സംബോധനം ചെയ്തു അല്ലാഹു ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'നിങ്ങള്‍ക്കിഷ്ടമുള്ളതു പ്രവര്‍ത്തിച്ചുകൊള്ളുക. സ്വര്‍ഗം നിങ്ങള്‍ക്കു സുനിശ്ചിതമാണ്. നിങ്ങള്‍ക്കു പാപം പൊറുത്തുതന്നിരിക്കുന്നു.' ഇതുകേട്ട് ഉമര്‍(റ)വിന്റെ ഇരു നയനങ്ങളും നിറഞ്ഞൊഴുകി. അല്ലാഹുവും റസൂലുമാണ് ഏറ്റവും അറിവുള്ളവര്‍ എന്നു പറയുകയും ചെയ്തു'(ബുഖാരി). ബദ്‌രീങ്ങളുടെ മഹത്വമാണ് ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസിലൂടെ നാം കണ്ടത്.
ബദ്‌രീങ്ങള്‍ മുഖേന അല്ലാഹുതആല മുസ്‌ലിം സമൂഹത്തിനു വലിയ അനുഗ്രഹമാണ് ചെയ്തത്. അവരെ സ്മരിക്കല്‍ അതിനോടുള്ള നന്ദി കാണിക്കലാണ്. മുന്‍ഗാമികളായ മുസ്‌ലിം സമൂഹം അവരെ വസീലയാക്കി ഇഹപര വിജയം നേടിയിരുന്നു. ബദ്‌രീങ്ങളുടെ നാമം ഉച്ചരിക്കുന്നതിനും അത് എഴുതുന്നതിനും വലിയ പുണ്യമുണ്ടെന്ന് മുസ്‌ലിം ഉമ്മത്ത് മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
അല്ലാഹു ഇഷ്ടപ്പെട്ട മഹാത്മാക്കളുടെ പേര് ഉച്ചരിച്ച് തബര്‍റുക് കരസ്ഥമാക്കുക എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇത്തരം സുകൃതങ്ങള്‍ ഒരുപാട് കരസ്ഥമാക്കാന്‍ കഴിയും എന്നതിനാലാണ് സമസ്തയുടെ പ്രവര്‍ത്തകര്‍ മജ്‌ലിസുന്നൂര്‍ എന്ന പേരില്‍ ബദ്‌രീങ്ങളുടെ പേര് ചൊല്ലിക്കൊണ്ടുള്ള തവസ്സുല്‍ ബൈത്ത് വ്യാപകമായി പതിവാക്കിപ്പോരുന്നത്. സമുദായത്തിന്റെ ആദ്യകാലക്കാര്‍ വിജയിച്ച മാര്‍ഗം മാത്രമേ നമുക്ക് മുമ്പിലും ഉള്ളൂ എന്ന് നാം തിരിച്ചറിയണം. മഹാത്മാക്കളെ അക്ഷരാര്‍ഥത്തില്‍ പിന്‍പറ്റാന്‍ നമുക്ക് കഴിയുന്നിടത്താണ് നമ്മുടെ വിജയം.

(സമസ്ത കേരള ജംഇയ്യത്തുല്‍
ഉലമ ട്രഷററാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉലയ്യയയില്‍ നിന്ന് ബത്ഹയിലെത്താന്‍ ഒമ്പത് മിനുട്ട് മാത്രം; സർവിസ് ആരംഭിച്ച് റിയാദ് മെട്രോ 

Saudi-arabia
  •  13 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  13 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  13 days ago
No Image

യുഎഇയുടെ 53ാം ദേശീയ ദിനാഘോഷം; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ 

uae
  •  13 days ago
No Image

'കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകം': യുഡിഎഫിലേക്ക് മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി

Kerala
  •  13 days ago
No Image

കുട്ടികളെ സ്വന്തം വാഹനത്തില്‍ സ്‌കൂളിലെത്തിക്കുന്നവര്‍ ശ്രദ്ധിക്കുക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം

uae
  •  13 days ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസ് വേഷത്തില്‍ റോഡില്‍; പരിശോധനയെന്ന് കരുതി ബ്രേക്കിട്ടു, ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരുക്ക്

Kerala
  •  13 days ago
No Image

വെള്ളിയാഴ്ചകളില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബൂദബി

uae
  •  13 days ago
No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  13 days ago