വിദ്യാലയങ്ങളില്‍ ഹരിത നയം നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം
നാദാപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഹരിത നയം കര്‍ശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു.
പ്രകൃതി സൗഹൃദ വിദ്യാലയ പരിസരം സൃഷ്ടിക്കുക, ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കുക, മഴക്കുഴി നിര്‍മിക്കുക, വൃക്ഷത്തൈകള്‍ നടുക, കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കുക, ജൈവമാലിന്യങ്ങള്‍ അജൈവമാലിന്യങ്ങള്‍ തുടങ്ങിയവ തരം തിരിച്ച് ശേഖരിക്കുക, പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവ വൃത്തിയായി അടുക്കി സൂക്ഷിച്ച് അത് ശേഖരിക്കുന്നവര്‍ക്ക് കൈമാറുക, വിദ്യാലയവും പരിസരവും മാലിന്യമുക്തവും പ്ലാസ്റ്റിക് രഹിതവും ഹരിതാഭവും ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക,മയക്കുമരുന്ന്പുകയില ഉത്പന്നങ്ങള്‍ വിദ്യാലയ പരിസരത്ത് വില്‍ക്കുന്നില്ലെന്ന് സ്‌കൂള്‍ ജാഗ്രതാ സമിതി ഉറപ്പുവരുത്തുക,
ഭക്ഷണവും കുടിവെള്ളവും പ്ലാസ്റ്റിക് പാത്രങ്ങളില്‍ കൊണ്ടു വരുന്നത് ഒഴിവാക്കി സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ നിദേശിക്കുക, ഉപയോഗശേഷം വലിച്ചെറിയുന്ന തരത്തിലുള്ള പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തി മഷിപ്പേനയോ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ബോള്‍ പോയിന്റ് പേനകളോ ഉപയോഗിക്കുക, പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയവ കൊണ്ടുള്ള പാത്രങ്ങളും കപ്പുകളും ഒഴിവാക്കി, കഴുകി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുക,
ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക, പോസ്റ്ററുകള്‍ ബാനറുകള്‍ എന്നിവ തുണിയിലോ പേപ്പറിലോ മാത്രം തയാറാക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."