ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡു ഇന്നലെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍, ബി.എസ്.പി അധ്യക്ഷ മായാവതി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂക്ക് അബ്ദുല്ല, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ് എന്നിവരുമായാണ് അദ്ദേഹം ചര്‍ച്ച നടത്തി.
തുടര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ബി.ജെ.പിക്കെതിരേ ശക്തമായ ഒരു മുന്നണി രൂപീകരിക്കേണ്ടത് അനിവാര്യമാണ്. രാജ്യ താല്‍പര്യം മുന്‍നിര്‍ത്തിയാകണം ബി.ജെ.പി വിരുദ്ധ മുന്നണിയുടെ രൂപീകരണമെന്നും അദ്ദേഹം പറഞ്ഞു.
ഗുണകരമായ കൂടിക്കാഴ്ചയായിരുന്നു നായിഡുവുമായുണ്ടായിരുന്നതെന്ന് കെജ്്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഭരണഘടനയേയും രാജ്യത്തിനാകെ തന്നെയും ബി.ജെ.പി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. രാജ്യത്തിനേയും ഭരണഘടനയേയും സംരക്ഷിക്കാന്‍ ജനങ്ങളെല്ലാം ഒറ്റക്കെട്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മായാവതിയുടെ ത്യാഗരാജ് മാര്‍ഗിലുള്ള വസതിയിലെത്തിയാണ് ചന്ദ്ര ബാബു നായിഡു കൂടിക്കാഴ്ച നടത്തിയത്. ആന്ധ്രാപ്രദേശ് ധനമന്ത്രി വൈ. രാമകഷ്ണഡു, വൈദ്യുതി മന്ത്രി കാക വെങ്കട്ട റാവു, ടി.ഡി.പിയുടെ എം.പിമാര്‍ എന്നിവരും ചന്ദ്രബാബു നായിഡുവിനൊപ്പം ചര്‍ച്ചക്കെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."