ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലിസിന്റെ നടപടി ചോദ്യംചെയ്തുള്ള ഹരജി തള്ളിയ നടപടി പുനപ്പരിശോധിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. അന്വേഷണവുമായി മുന്നോട്ടുപോവാമെന്നും പൊലിസിന്റെ നടപടി പ്രത്യേകസംഘം (എസ്.ഐ.ടി) അന്വേഷിക്കേണ്ടതില്ലെന്നുമുള്ള മുന്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി ചോദ്യംചെയ്ത് പ്രമുഖ ചരിത്രകാരി റൊമിലാ ഥാപ്പറും സാമ്പത്തികവിദഗ്ധന്‍ പ്രൊഫ. പ്രഭാത് പട്‌നായികും നല്‍കിയ പുനപ്പരിശോധനാ ഹരജിയാണ് തള്ളിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചേംബറില്‍ വച്ചാണ് കഴിഞ്ഞദിവസം പുനപ്പരിശോധനാ ഹരജി തള്ളിയത്. കഴിഞ്ഞമാസം പുറപ്പെടുവിച്ച ഉത്തരവില്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാന്‍വില്‍ക്കറും എസ്.ഐ.ടി അന്വേഷണത്തെ എതിര്‍ത്ത് മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരായ നടപടിയുമായി മുന്നോട്ടുപോവാന്‍ പൊലിസിന് അനുമതി നല്‍കിയപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജിക്കുകയായിരുന്നു.
എന്നാല്‍, ഇന്നലെ പുനപ്പരിശോധനാ ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് ഖാന്‍വില്‍കറിന്റെയും പേരിനു പുറമെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പേരുമുണ്ട്. ഭീമാകൊറിഗാവ് സംഘര്‍ഷത്തെത്തുടര്‍ന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ നിയമപ്രകാരം ഒഗസ്റ്റ് 28നാണ് വിപ്ലവ കവി വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രിംകോടതി ഇടപെട്ട് ഇവരെ വീട്ടുതടങ്കലിലേക്കു മാറ്റി.
വീട്ടുതടങ്കല്‍ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും വിചാരണക്കോടതി തള്ളി. ഇതിനുപിന്നാലെ അരുണ്‍ ഫെരേര, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, സുധാ ഭരദ്വാജ് എന്നിവരെ വെള്ളിയാഴ്ച പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ പൂനെ കോടതിയില്‍ ഹാജരാക്കിയ അരുണ്‍ ഫെരേരയെയും വെര്‍നണ്‍ ഗോണ്‍സാല്‍വസിനെയും അടുത്തമാസം ആറുവരെ പൊലിസ് കസ്റ്റിഡിയില്‍ വിട്ട് പൂനെ കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."