കാട്ടുമൃഗശല്യവും പ്രകൃതിക്ഷോഭവും ദുരിതമൊഴിയാതെ മലയോര കര്‍ഷകര്‍
കുറ്റ്യാടി: പ്രകൃതി ക്ഷോഭവും കാട്ടുമൃഗശല്യവും രൂക്ഷമായത് മലയോരകര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും വര്‍ഷകാലത്ത് കാറ്റും മഴയും ഒരുപോലെ കര്‍ഷകര്‍ക്ക് ദുരിതം വിതക്കുകയാണ്.
കാലവര്‍ഷം തുടങ്ങുമ്പോള്‍ തന്നെ ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ ആയിരക്കണക്കിന് വാഴകളാണ് മലയോരമേഖലയില്‍ നശിച്ചത്. കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, കായക്കൊടി തുടങ്ങിയ പഞ്ചായത്തുകളിലാണ് ശക്തമായ കാറ്റില്‍ കുലച്ചതും കുലക്കാന്‍ പാകത്തിലായതുമായ വിവിധയിനം വാഴകള്‍ നിലംപൊത്തിയത്. ഇതിനുപുറമെ കാട്ടുമൃഗങ്ങളുടെ ആക്രമണവും കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്.
നരിപ്പറ്റയിലെ കാപ്പിമല, എടോനി, തരിപ്പ, കമ്മായി, മരുതോങ്കരയിലെ ഇഞ്ചിപ്പാറ, മീന്‍പറ്റി, കാവിലുംപാറയിലെ പത്തേക്കര്‍, ചൂരണി, കരങ്ങാട് എന്നിവിടങ്ങളിലെല്ലാം കാട്ടാനയുള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ രൂക്ഷമായ ആക്രമണം കാരണം കൃഷിയിടത്തില്‍ പ്രവേശിക്കാന്‍പോലും കഴിയാതെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. ഇതിനുപുറമെ കാട്ടുപന്നി, കാട്ട്കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയവയുടെ ആക്രമണവും മേഖലയില്‍ വ്യാപകമാണ്.
ഇടവിളയുള്‍പ്പെടെയുള്ള കാര്‍ഷികവിളകളാണ് കാട്ടുപന്നിയും, മുള്ളന്‍പന്നിയുമുള്‍പ്പെടെയുള്ളവ കൂട്ടമായി എത്തി നശിപ്പിക്കുന്നത്. ഇതിനെല്ലാം പുറമെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലതകര്‍ച്ചകൂടിയായതോടെ മലയോര കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന നാളികേര സംഭരണം നിലച്ചതോടെ നാളികേരത്തിന് മതിയായ വില ലഭിക്കാതായി. കൂടാതെ റബര്‍, ഗ്രാമ്പു, കൊക്കൊ, അടക്ക, ജാതിക്ക തുടങ്ങിയ കാര്‍ഷികവിളകള്‍ക്ക് വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ ആശങ്കയിലായിട്ടുണ്ട്. റബര്‍ ടാപ്പിങ്ങ് തുടങ്ങിയ സമയത്തുതന്നെ റബറിന് വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
മഴകനക്കുന്നതോടെ കാര്‍ഷിക വിളകളെ ബാധിക്കുന്ന പലതരം രോഗങ്ങളും പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുമുണ്ട്. പ്രകൃതിക്ഷോഭവും, കാട്ടുമൃഗ ശല്യവും കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് മതിയായ സഹായം നല്‍കാന്‍ അടിയന്തര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."