അപേക്ഷാ ഫോറത്തിലെ ജാതിക്കോളം ദേവസ്വംബോര്‍ഡിന് തിരിച്ചടിയാകുന്നു
പാലക്കാട്: വരുന്ന മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ വിശ്വാസികളായെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് താല്‍ക്കാലിക സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കാന്‍ നടപടികള്‍ തുടങ്ങി. അതേസമയം ഇക്കാര്യത്തിനായി ബോര്‍ഡ് തന്നെ പുറത്തിറക്കിയ അപേക്ഷാഫോറത്തിലെ ജാതി വ്യക്തമാക്കാനുള്ള കോളം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അപേക്ഷകര്‍ ഹിന്ദുമത വിശ്വാസികളായിരിക്കണമെന്ന നിബന്ധന ന്യായമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ മതം രേഖപ്പെടുത്താനുള്ള കോളത്തിനുശേഷം ജാതി ചോദിക്കുന്ന കോളമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ഹിന്ദു മതത്തിലെ ഏത് ജാതിയെയാണ് സുരക്ഷാ ചുമതല ഏല്‍പ്പിക്കാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് ഇത്തരത്തില്‍ ജാതീയ വേര്‍തിരിവുകള്‍ ഉണ്ടാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതിനെയാണ് വിമര്‍ശകര്‍ എതിര്‍ക്കുന്നത്.
കേരളത്തിനു പുറമേ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും ഭക്തര്‍ ശബരിമലയിലേക്ക് എത്തും. ഇതില്‍ സമ്പന്നരും ഉയര്‍ന്ന ജാതിക്കാരുമൊക്കെ ഉണ്ടാകുമ്പോള്‍ ഇവര്‍ക്കെല്ലാം ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ സവര്‍ണ വിഭാഗങ്ങളെ മാത്രം തെരഞ്ഞെടുക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് സമരകേന്ദ്രമായി മാറിയ ശബരിമല അതീവ സുരക്ഷാ മേഖലയാണിപ്പോള്‍. ക്യൂ കോംപ്ലക്‌സ് സംവിധാനം പൊലിസ് നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായിരിക്കും മണ്ഡലകാലത്ത് പ്രവര്‍ത്തിക്കുക. സി.സി.ടി.വി കാമറാ നിരീക്ഷണം 24 മണിക്കൂറും സന്നിധാനവും പമ്പയും നടപ്പാതയും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തും.
തിരക്ക് നിയന്ത്രിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനുമായി സെക്യൂരിറ്റി സ്‌ക്രീനിങ് കോംപ്ലക്‌സ് താല്‍ക്കാലിക സ്‌ട്രെക്ചറായി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സ്‌കാനറടക്കം അത്യാധുനിക സുരക്ഷാ ഉപകരണങ്ങളുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിന് ഓഫ് റോഡ് റെസ്‌ക്യൂ വെഹിക്കിള്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ പാതയില്‍ ഉപയോഗിക്കും.
നിലയ്ക്കലില്‍ ഹെലിപ്പാഡും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2,000 പൊലിസുകാരെ പമ്പയിലും സന്നിധാനത്തും നിയോഗിക്കും. കേന്ദ്രസേനയുടെ സജീവ സാന്നിധ്യവും ഉണ്ടാകും. ഈ പറഞ്ഞ സുരക്ഷാ സൗകര്യങ്ങള്‍ക്ക് പുറമേയാണ് താല്‍ക്കാലിക സെക്യൂരിറ്റി വിഭാഗത്തെ ബോര്‍ഡ് നേരിട്ട് നിയോഗിക്കാനുദ്ദേശിക്കുന്നത്. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയാണ് ഒരുക്കുന്നത്. പമ്പയിലും നിലയ്ക്കലിലും ഇപ്പോഴുള്ള ശൗചാലയങ്ങളില്‍ ഒരുവിഭാഗം സ്ത്രീകള്‍ക്കുവേണ്ടി മാറ്റിവയ്ക്കും.
സ്ത്രീകള്‍ക്കുവേണ്ടിയുള്ള ശൗചാലയങ്ങള്‍ക്ക് പിങ്ക് നിറം നല്‍കും. വനിതാ ജീവനക്കാരെ ആവശ്യമെങ്കില്‍ സന്നിധാനത്ത് നിയമിക്കും. പമ്പയില്‍ ഇപ്പോള്‍തന്നെ വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. 10നും 50നുമിടയിലുള്ള വനിതകള്‍ എത്തിയാല്‍ അവരെ സുരക്ഷിതമായി അവിടെതന്നെ നിലനിര്‍ത്തുന്നതിനാണ് അവരെ നിയോഗിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."