കെ.എസ്.ആര്‍.ടി.സി ഡ്യൂട്ടി പരിഷ്‌കരണം അവതാളത്തില്‍
മലപ്പുറം: സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം അവതാളത്തിലായതോടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ദുരിതത്തില്‍. പരിഷ്‌കാരം വന്നതോടെ പലപ്പോഴും നിശ്ചിത സമയത്തിന്റെ ഇരട്ടിയോളം സമയം ഡ്യൂട്ടിയെടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. എന്നാല്‍ ഇതിന് അധിക ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നുമില്ല.
എട്ടു മണിക്കൂര്‍ അല്ലെങ്കില്‍ 200 കി. മീറ്റര്‍ ഓട്ടം എന്നതാണ് വ്യവസ്ഥ പ്രകാരം ഒരു ഡ്യൂട്ടിയായി കണക്കാക്കുന്നത്. ഇതില്‍ ആറര മണിക്കൂറാണ് വണ്ടി ഓടുന്ന സമയം (സ്റ്റിയറിങ് അവര്‍). അര മണിക്കൂര്‍ വീതം വിശ്രമം, സൈന്‍ ഓഫ്, സൈന്‍ ഓണ്‍ എന്നിവയ്ക്കുള്ളതാണ്. എന്നാല്‍ പലപ്പോഴും ഡ്യൂട്ടി ഈ സമയപരിധിയില്‍ ഒതുങ്ങുന്നില്ല.
റോഡിലെ തടസങ്ങളും മറ്റും കാരണമായി ബസ് ഓട്ടം ആരംഭിച്ച് നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനോ തിരിച്ചെത്താനോ ആവാത്ത അവസ്ഥയാണിപ്പോള്‍. ഇങ്ങനെ വരുമ്പോള്‍ ഡ്യൂട്ടി സമയം നീളുന്നു.
ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാര്‍ക്ക് കൃത്യസമയത്ത് വണ്ടി ലഭിക്കാത്തതിനാല്‍ ജോലി തുടങ്ങാന്‍ വൈകുന്ന അവസ്ഥയുമുണ്ട്. വണ്ടിയുടെ ഷെഡ്യൂള്‍ സമയം കണക്കാക്കിയാണ് ജീവനക്കാര്‍ക്ക് ഡ്യൂട്ടി നിശ്ചയിക്കുന്നത്. അവര്‍ കൃത്യസമയത്ത് ജോലിക്കെത്തുമെങ്കിലും എവിടേക്കെങ്കിലും പോയവണ്ടി തിരിച്ചത്താന്‍ മൂന്നും നാലും മണിക്കൂറുകള്‍ വരെ വൈകുന്നതിനാല്‍ ജോലി തുടങ്ങാനും വൈകുന്നു.
ഈ കാത്തിരിപ്പു സമയം ഡ്യൂട്ടിയുടെ കണക്കില്‍ വരില്ല. ജോലി ആരംഭിക്കുന്ന സമയത്തുള്ള പഞ്ചിങ് മുതലാണ് ഡ്യൂട്ടി കണക്കാക്കുന്നത്. പല തടസങ്ങള്‍ കാരണം പലപ്പോഴും ഡ്യൂട്ടി എട്ടു മണിക്കൂര്‍ എന്നത് 15 മണിക്കൂര്‍ വരെ നീണ്ടുപോകുന്നതായി ജീവനക്കാര്‍ പറയുന്നു.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആഴ്ചയില്‍ 48 മണിക്കൂറാണ് ഡ്യൂട്ടി. എന്നാല്‍ ഇപ്പോള്‍ മിക്ക ജീവനക്കാര്‍ക്കും ആഴ്ചയില്‍ ശരാശരി 65 മണിക്കൂറെങ്കിലും ജോലി ചെയ്യേണ്ട അവസ്ഥയാണ്. കൂടുതല്‍ വരുന്ന മണിക്കൂറൊന്നിന് ഓരോ ജീവനക്കാരന്റെയും വേതനത്തിന് ആനുപാതികമായി ഇരട്ടി പ്രതിഫലം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതും നടപ്പിലാവുന്നില്ല.
ഡ്യൂട്ടി സമയത്തിലെ താളപ്പിഴ ജീവനക്കാരുടെ വിശ്രമത്തിനും തടസം സൃഷ്ടിക്കുന്നുണ്ട്. ഡ്യൂട്ടി സംബന്ധമായ അപാകതകള്‍ ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്കു ജീവനക്കാരുടെ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാര നടപടികളൊന്നും ആരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."