ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
തൃശൂര്‍ : അമ്മയെ ചികിത്സിക്കാന്‍ തന്റെ വൃക്ക വില്ക്കാന് തീരുമാനിച്ച മകനെ സഹായിക്കുന്നതിനു ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
തലയിലെ രക്തധമനി പൊട്ടി സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നെടുപുഴ വട്ടപ്പിന്നി ഉദയനഗറില്‍ പരേതനായ മുരളീധരന്റെ ഭാര്യ ഓമനയുടെ (65) ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണു കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.
തൃശൂര്‍ കലക്ടര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നോ ചികിത്സക്ക് ആവശ്യമുള്ള പണം ലഭ്യമാക്കണമെന്നു കമ്മിഷന് ആവശ്യപ്പെട്ടു.
അമ്മയെ ചികിത്സിക്കാന്‍ മകന് സുമേഷ് (40) തന്റെ വൃക്ക വില്ക്കാന് തീരുമാനിച്ച പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്. കൂലിവേല ചെയ്യുന്ന സുമേഷ് അവിവാഹിതനാണ്. അമ്മയുടെ ജീവന് തിരികെ വേണമെങ്കില്‍ പണം കൂടിയേ തീരൂ എന്ന അവസ്ഥ വന്നപ്പോഴാണ് വൃക്ക വില്ക്കാന് തീരുമാനിച്ചത്. മാതാപിതാക്കളെ നടതള്ളുന്ന ഇക്കാലത്ത് ഇതുപോലുള്ള മക്കള്‍ അപൂര്‍വമാണെന്ന് കമ്മിഷന് ഉത്തരവില്‍ പറഞ്ഞു.
കേസില്‍ നടപടി സ്വീകരിച്ച ശേഷം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കലക്ടറും റിപ്പോര്‍ട്ട് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."