വേതനമില്ല; തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍
പേരാമ്പ്ര: തൊഴിലെടുത്ത് അഞ്ചു മാസം കഴിഞ്ഞിട്ടും വേതനം ലഭിക്കാതെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങള്‍ പ്രയാസത്തില്‍. നാല് ഘട്ടങ്ങളിലായി 28 ഉം 30 ദിവസങ്ങളിലെ കൂലിയാണ് മലയോരത്തെ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിക്കാനുള്ളത്.
നിരവധി തവണ വിവിധ പഞ്ചായത്ത് ഓഫിസുകളില്‍ ചെന്ന് കാര്യം തിരക്കിയ അംഗംങ്ങള്‍ക്ക് തുക ഉടന്‍ ലഭ്യമാകുമെന്ന മറുപടി ലഭിക്കുന്നുണ്ടെങ്കിലും പരിഹരിക്കപ്പെട്ടില്ല.
സ്വര്‍ണം പണയം വച്ചും ബാങ്കില്‍ നിന്ന് ചെറുകിട ലോണെടുത്തും ദൈനംദിന ചെലവു നടത്തി ജോലിക്കു പോയ തൊഴിലാളികള്‍ മാസങ്ങളായി ബുദ്ധിമുട്ടിലാണ്. സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ക്കുള്ള പഠനച്ചെലവും വീട്ടുകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ചെലവും കണ്ടെത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കയാണ് പല കുടുംബങ്ങളും.
നിലവില്‍ തൊഴിലുറപ്പ് പദ്ധതിയും നടക്കുന്നില്ല. മഴവെളള സംഭരണത്തിന് മഴക്കുഴിയും കയ്യാലകളും വര്‍ഷങ്ങളായി തൊഴിലുറപ്പുകാര്‍ നിര്‍വഹിച്ച മേഖലകളില്‍ പലയിടത്തും മഴക്കുഴിയുള്‍പടെ നിര്‍മാണവും മുടങ്ങി. ഒരാഴ്ചയോളമായി പെയ്യുന്ന ശക്തമായ മഴയിലെ വെള്ളം സംഭരിക്കാന്‍ കഴിയാതെ പാഴാകുകയാണ്.
ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ചില പ്രദേശങ്ങളില്‍ മഴവെള്ള സംഭരണ പ്രവൃത്തികള്‍ നടന്നതല്ലാതെ ഉയര്‍ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ പ്രവൃത്തി നടന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന പാവപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ക്ക് ഉടന്‍ തൊഴിലുറപ്പ് വേതനം ലഭ്യമാക്കണമെന്നും തൊഴിലുറപ്പ് പ്രവൃത്തികള്‍ ത്വരിതപ്പെടുത്തി മഴവെള്ള സംഭരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."