സര്‍ക്കാര്‍ നിലനില്‍ക്കുന്നത് ബി.ജെ.പിയുടെ ദാക്ഷിണ്യത്തിലല്ല
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്നു പറഞ്ഞ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനെ വീഴ്ത്തുമെന്നു ഭീഷണിപ്പെടുത്തുന്ന അമിത്ഷാ ഈ സര്‍ക്കാര്‍ അധികാരത്തിലുള്ളത് ബി.ജെ.പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല, മറിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീര്‍പ്പിലൂടെയാണ് എന്നത് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനവിധിയെ അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത്ഷാ തന്റെ പ്രസ്താവനയിലൂടെ നല്‍കുന്നത്. ശബരിമല വിഷയത്തില്‍ അമിത്ഷായുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെതിരേ എന്നതിനേക്കാള്‍ സുപ്രിം കോടതിക്കും ഭരണഘടനക്കും നിയമവ്യവസ്ഥക്കും എതിരേയുള്ളതാണ്. നടപ്പാക്കാനാകുന്ന വിധി മാത്രം കോടതി പറഞ്ഞാല്‍ മതി എന്ന അമിത് ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. ആര്.എസ്.എസിന്റെയും സംഘ്പരിവാറിന്റെയും യഥാര്‍ഥ ഉള്ളിലിരിപ്പു തന്നെയാണ് അമിത്ഷായുടെ പ്രസ്താവനയിലൂടെ പുറത്തുവന്നിട്ടുള്ളത്. സ്ത്രീ,പുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടത് എന്നുള്ള വാദം, ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിര്‍ത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന പഴയ മനുസ്മൃതി വാദത്തില്‍ത്തന്നെയാണ് തങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നത് എന്നാണ് അമിത്ഷായുടെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."