അമ്പലമീത്തല്‍ റോഡ് കുളമായി; യാത്രക്കാര്‍ ദുരിതത്തില്‍
കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ അമ്പലമീത്തല്‍ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ജനത്തിന് ദുരിതമാകുന്നു. ഓവുചാലില്ലാത്തതിനാല്‍ മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കുന്നത് കാരണം ഇതുവഴി സഞ്ചരിക്കാന്‍ പ്രയാസപ്പെടുകയാണ് നാട്ടുകാര്‍.
പാലക്കുറ്റി പൂനൂര് പുഴയ്ക്ക് അക്കരെയുള്ള ഈ റോഡില്‍ നൂറുകണക്കിനാളുകളാണ് നിത്യവും സഞ്ചരിക്കുന്നത്. ഇരുചക്ര വാഹനങ്ങളും കാല്‍നട യാത്രക്കാരും ചളിവെള്ളത്തില്‍ വീഴുന്നത് പതിവുകാഴ്ചയാണ്. റോഡിന്റെ ഇരുവശങ്ങളിലും മതില് കെട്ടിയതിനാല്‍ യാത്രക്കാര്‍ക്ക് മറ്റുവഴികള്‍ തേടാനും കഴിയാത്ത അവസ്ഥയാണ്. അമ്പലമീത്തല്‍ പ്രദേശത്തുകാര്‍ക്ക് പാലക്കുറ്റി ടൗണിലേക്കും കൊടുവള്ളിയിലേക്കും എത്തിപ്പെടാനുള്ള ഏക റോഡാണിത്.
മഴ ശക്തിപ്പെടുന്നതോടെ റോഡിലൂടെയുള്ള യാത്ര കൂടുതല്‍ ദുരിതമാകും. യാത്രാദുരിതത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."