പുനത്തിലിന് അനുയോജ്യമായ സ്മാരകം പണിയണം: എം. മുകുന്ദന്‍
വടകര: പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മരണയ്ക്കായി നാളിതുവരെ കാണാത്ത സ്മാരകം പണിയണമെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കേരള സാഹിത്യ അക്കാദമി വടകരയില്‍ നടത്തിയ പുനത്തില്‍ സ്മൃതിയില്‍ 'പുനത്തില്‍ കാലവും ദേശവും' സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷിക അനുസ്മരണം മാത്രം പോര. മറ്റാര്‍ക്കും സൃഷ്ടിക്കാന്‍ കഴിയാത്ത സ്മാരകമാണ് വേണ്ടത്. കുഞ്ഞിക്കയെന്നാണ് പുനത്തിലിനെ വിളിക്കാറുള്ളത്.
കാലത്തിനു പുറത്ത് ജീവിച്ച എഴുത്തുകാരനാണു കുഞ്ഞിക്ക. സ്വയം ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും അറിയാമായിരുന്നു. എന്റെ മുന്‍പില്‍ ഏറ്റവും കൂടുതല്‍ ചിരിച്ചുകണ്ടത് കുഞ്ഞിക്കയെയാണ്. വടകരയ്ക്ക് തൊട്ടടുത്ത മാഹിയില്‍ ജീവിച്ചിട്ടും ഞാന്‍ ആദ്യമായി കണ്ടത് ഡല്‍ഹിയില്‍ നിന്നാണ്. ഇപ്പോഴും കുഞ്ഞിക്കയിവിടെയുണ്ടെന്നാണ് തോന്നുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. രാജേന്ദ്രന്‍ എടത്തുംകര അധ്യക്ഷനായി. ഡോ. ഖദീജ മുംതാസ്, കല്‍പറ്റ നാരായണന്‍, വീരാന്‍ കുട്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. പി. ഹരീന്ദ്രനാഥ് സ്വാഗതവും കെ.സി പവിത്രന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന പുനത്തില്‍ സൗഹൃദം, ഓര്‍മ പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷനായി. പ്രൊഫ. കടത്തനാട്ട് നാരായണന്‍, സി.പി അബൂബക്കര്‍, എ.കെ അബ്ദുല്‍ ഹക്കീം, താഹ മാടായി, എം.എം സോമശേഖരന്‍, എം. സുധാകരന്‍, കെ.വി സജയ്, ശിവദാസ് പുറമേരി, വി.കെ പ്രഭാകരന്‍ പങ്കെടുത്തു. ഞാന്‍കണ്ട പുനത്തില്‍ സ്മരണയില്‍ യു.എ ഖാദര്‍, യു.കെ കുമാരന്‍, അശോകന്‍ ചരുവില്‍, വി.ആര്‍ സുധീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."