പകര്‍ച്ചപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല
മുക്കം: മലയോര മേഖലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുമ്പോഴും അധികൃതര്‍ അനങ്ങാപാറ നയത്തില്‍.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ യോഗം ചേരുന്നതല്ലാതെ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് പകര്‍ച്ചപ്പനി വ്യാപകമാകുന്നത്. ഒന്നര മാസത്തിനിടെ മൂന്നു പേരാണ് ഇവിടെ പനി ബാധിച്ച് മരിച്ചത്.
തിരുവമ്പാടി പഞ്ചായത്തിലെ തമ്പലമണ്ണയില്‍ വ്യാപകമായി പകര്‍ച്ചപ്പനി പടര്‍ന്നിട്ടും ഫലപ്രദമായ നടപടികളൊന്നും തന്നെ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. കോടഞ്ചേരിയില്‍ ഡെങ്കിപ്പനി ബാധിച്ച് പത്തു പേരും വൈറല്‍ പനി ബാധിച്ച് പതിനെട്ടോളം പേരും ചികിത്സ തേടിയിട്ടുണ്ട്.
കൊടിയത്തൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് പത്തും മുക്കം നഗരസഭയില്‍ 16 പേരും ചികിത്സതേടി. കൊതുകു നശീകരണത്തിന് ഫലപ്രദമായ പദ്ധതികളൊന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതുവരെ ആവിഷ്‌കരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. വീടുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണവും നിലച്ചിരിക്കുകയാണ്.
മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും രോഗികള്‍ക്ക് ദുരിതമാകുന്നുണ്ട്. തിരുവമ്പാടി, കൊടിയത്തൂര്‍, കാരശ്ശേരി പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും മുക്കം, ചെറുവാടി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകളിലും നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി പനി ബാധിച്ചെത്തുന്നത്.
എന്നാല്‍ ഇവിടങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. മലയോര മേഖലയില്‍ പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."