യുവാവിനെ കൊലപ്പെടുത്തി പുഴയില്‍ തള്ളി: ഭാര്യയും സഹായിയും ആറ് വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
കാസര്‍കോട്: ആറു വര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവം കൊലപാതകമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഭാര്യയും മറ്റൊരാളും ചേര്‍ന്ന് യുവാവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയില്‍ തള്ളുകയായിരുന്നെന്ന് അന്വേഷണസംഘം പറഞ്ഞു.
മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ബോവിക്കാനം സ്റ്റാര്‍ നഗറില്‍ താമസിക്കുകയും ചെയ്തിരുന്ന മുഹമ്മദ് കുഞ്ഞി (37)യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂരിലെ എം. സക്കീന (35), ഇവരെ സഹായിച്ച സ്വത്ത് കച്ചവടക്കാരന് ബോവിക്കാനം ആലിനടുക്കത്തെ ഉമ്മര്‍ (41) എന്നിവരെ കാസര്‍കോട് ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസും സംഘവും അറസ്റ്റ് ചെയ്തത്. കൊലചെയ്യപ്പെട്ട യുവാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകനെതിരേ പ്രതികളെ സഹായിച്ചതിന് കേസെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: 2012 ഫെബ്രുവരിയില്‍ മുഹമ്മദ് കുഞ്ഞിയെ കാണാതായ ഉടന്‍ ആരും പരാതി നല്കിയില്ലെങ്കിലും ഓഗസ്റ്റില്‍ മുഹമ്മദ് കുഞ്ഞിയുടെ ബന്ധു മുഹമ്മദ് ശാഫി പൊലിസില്‍ പരാതി നല്കി. കേസില്‍ തുടര്‍നടപടികളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് മുഹമ്മദ് ശാഫി 2016ല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്കി.
തുടര്‍ന്ന് അന്വേഷണം ഊര്ജിതമാക്കണെമന്ന് ഹൈക്കോടതി പൊലിസിന് നിര്‍ദേശം നല്കി. ഇതേ തുടര്‍ന്ന് ഡി.സി.ആര്.ബി ഡിവൈ.എസ്.പി ആര് രഘുറാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇവരുടെ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
മാനസികാസ്വാസ്ഥ്യമുള്ള മുഹമ്മദ് കുഞ്ഞിയുടെ സ്വത്ത് കൈക്കലാക്കാന്‍ പ്രതിയായ ഉമ്മറിന്റെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്. ബോവിക്കാനത്തെ സ്റ്റാര്‍ നഗറിലെ വാടക വീട്ടിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.
കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഒരു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിക്കുകയും പിറ്റേദിവസം രാത്രിയില്‍ സമീപത്തുള്ള ചന്ദ്രഗിരി പുഴയില്‍ തള്ളുകയുമായിരുന്നുവെന്നാണ് പ്രതികള്‍ പൊലിസിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."