ഹാട്രിക് കെയ്ന്‍; യൂറോകപ്പ് യോഗ്യതാ മത്സരം: ഇംഗ്ലണ്ട് 4- ബള്‍ഗേറിയ 0
ലണ്ടന്‍: സ്വന്തം ആരാധകരുടെ മുന്‍പില്‍ നായകന്‍ ഹാരി കെയ്ന്‍ ഹാട്രിക് വിസ്മയം തീര്‍ത്തപ്പോള്‍ യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ ബള്‍ഗേറിയയെ തകര്‍ത്ത് ഇംഗ്ലണ്ട്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയഗാഥ തീര്‍ത്തത്. ഇതോടെ ഗ്രൂപ്പ് എയില്‍ നടന്ന മൂന്ന് മത്സരങ്ങളിലും ജയിച്ച ഇംഗ്ലണ്ട് ഒന്‍പത് പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. അതേസമയം, അഞ്ച് കളികളില്‍നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ബള്‍ഗേറിയയുടെ യൂറോകപ്പ് യോഗ്യത ഏതാണ്ട് അവസാനിച്ച മട്ടാണ്. രണ്ട് പെനാല്‍റ്റികള്‍ അടക്കം 24, 49, 73 മിനുട്ടുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. റഹീം സ്റ്റെര്‍ലിങ്ങിന്റെ വകയായിരുന്നു അവശേഷിച്ച ഗോള്‍ പിറന്നത്. ഈ ഗോളിനായി വഴിയൊരുക്കിയതും കെയിനായിരുന്നു.
മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ടിന് 24ാം മിനുട്ടിലാണ് നായകന്‍ ആദ്യ ഗോള്‍ സമ്മാനിച്ചത്. ബള്‍ഗേറിയയുടെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വച്ചുണ്ടായ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു കെയ്‌ന്റെ ഗോള്‍നേട്ടം. പകുതി സമയത്ത് ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡ് മാത്രമായിരുന്നു ഇംഗ്ലണ്ടിനുണ്ടായിരുന്നത്.
തുടര്‍ന്ന് രണ്ടാം പകുതി തുടങ്ങി നാല് മിനുട്ടിനകം ലഭിച്ച പെനാല്‍റ്റി ഗോളാക്കിമാറ്റി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ നിക്കോളായ് ബൊദുരോവ് ഫൗള്‍ ചെയ്തതിനാണ് ടീമിന് പെനാല്‍റ്റി വിധിച്ചത്. 55ാം മിനുട്ടില്‍ കെയ്‌ന്റെ മികച്ചൊരു പാസിലൂടെ റഹിം സ്റ്റെര്‍ലിങ്ങും ഗോള്‍ നേടിയതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് 73ാം മിനുട്ടില്‍ ഇംഗ്ലണ്ടിന് അനുകൂലമായി വീണ്ടും പെനാല്‍റ്റി ലഭിച്ചു. ഇത്തവണ കെയ്‌നിനെ ക്രിസ്റ്റ്യന്‍ ദിമിത്രോവ് ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി.
കിക്കെടുത്ത നായകന് ഇക്കുറിയും ലക്ഷ്യം തെറ്റിയില്ല. ഇതോടെ കെയിന്‍ തന്റെ കരിയറിലെ രണ്ടാം അന്താരാഷ്ട്ര ഹാട്രിക്കും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."