മാനാഞ്ചിറ എസ്.ബി.ഐ സി.ഡി.എമ്മിലെ മോഷണശ്രമം പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു
കോഴിക്കോട്: മാനാഞ്ചിറ എസ്.ബി.ഐയിലെ കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ മോഷണശ്രമം നടത്തിയ പ്രതി പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി ജോഗേഷ് മണ്ഡലിനെ (27) സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് ടൗണ്‍ എസ്.ഐ ഇ.കെ ഷിജുവിന്റെ നേതൃത്വത്തില്‍ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ശനിയാഴ്ച രാത്രി ജോഗേഷ് മണ്ഡലിനെ പൊലിസ് കല്ലായി റെയില്‍വേ സ്റ്റേഷനില്‍ വച്ചു പിടികൂടുകയായിരുന്നു. കവര്‍ച്ചക്ക് ഉപയോഗിച്ച കമ്പിപ്പാരയും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ പ്രതിയെ മാനാഞ്ചിറ എസ്.ബി.ഐ ശാഖയിലെത്തിച്ചത്.
പുലര്‍ച്ചെ ഗേറ്റ് കടന്നാണ് എത്തിയതെന്നും സി.സി.ടി.വി കമ്പി ഉപയോഗിച്ച് മറച്ചതും കാഷ് ഡെപ്പോസിറ്റ് മെഷീനും എ.ടി.എമ്മും തകര്‍ത്തത് എങ്ങനെയെന്നും പ്രതി വിശദീകരിച്ചു. പെരുമണ്ണയില്‍ താമസിച്ച് ജോലി ചെയ്തു വരികയായിരുന്ന ജോഗേഷ് സാമ്പത്തിക പ്രയാസം കാരണമാണ് മോഷണത്തിന് തുനിഞ്ഞത്.
നാട്ടിലേക്ക് പണമയക്കാന്‍ സ്ഥിരമായി മാനാഞ്ചിറ എസ്.ബി.ഐ എ.ടി.എമ്മില്‍ എത്താറുള്ള പ്രതി കഴിഞ്ഞ നാലു മുതല്‍ മോഷണത്തിന് ഒരുങ്ങിയിരുന്നതായി പൊലിസിന് മൊഴി നല്‍കി. പെരുമണ്ണയിലെ ജോലി സ്ഥലത്തുനിന്ന് മോഷ്ടിച്ച കമ്പിപ്പാരയും ഷവലുമായാണ് ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മോഷണത്തിനെത്തിയത്.
എന്നാല്‍ ഡെപ്പോസിറ്റ് മെഷീനും എ.ടി.എമ്മും തകര്‍ക്കാന്‍ കഴിയില്ലന്ന് മനസിലാക്കിയപ്പോള്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."