പുതുയുഗപ്പിറവി; യു.എസ് ഓപ്പണില്‍ സെറീനയെ ഞെട്ടിച്ച് 19കാരി ബിയാന്‍കയ്ക്ക് കിരീടം ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ കനേഡിയന്‍ താരം
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണിന്റെ ഫൈനലില്‍ വിജയിച്ച് 24 ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന ആസ്‌ത്രേലിയന്‍ ഇതിഹാസം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്താമെന്ന സെറീനയുടെ ശുഭ പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങലേറ്റു. ആ റെക്കോര്‍ഡിന് ഇന്നലെ ആര്‍തര്‍ ആഷെ കോര്‍ട്ടില്‍ പിറവിയെടുത്തില്ല. പക്ഷേ മറ്റൊരു യുഗപ്പിറവിക്കാണ് ടെന്നിസിനെ നെഞ്ചോട് ചേര്‍ക്കുന്ന അമേരിക്കക്കാര്‍ സാക്ഷ്യം വഹിച്ചത്.
കോര്‍ട്ടില്‍ ആദ്യമാദ്യം സെറീനയക്ക് കൈയടി കൊണ്ട് ആവേശം പകര്‍ന്ന ആരാധകര്‍ പിന്നീട് 19കാരിയുടെ സെര്‍വുകളും റിട്ടേണുകളും കണ്ട് കോരിത്തരിച്ചപ്പോള്‍ ഒടുവില്‍ സെറീനയ്ക്ക് മുട്ടുമടക്കേണ്ടി വന്നു. കാനഡയുടെ 19കാരി ബിയാന്‍ക ആന്ദ്രേസ്‌കു യു.എസ് ഓപ്പണില്‍ കിരീടം ചൂടി യുഗപ്പിറവിയെടുത്തിരിക്കുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിലവിലെ 15ാം നമ്പര്‍ താരം എട്ടാം നമ്പര്‍ താരമായ സെറീനയെ വീഴ്ത്തിയത്. സ്‌കോര്‍: 6-3, 7-5.
യു.എസ് ഓപ്പണിലെ സെറീനയുടെ ഏഴാം കിരീടനേട്ടത്തിനാണ് 19കാരി വില്ലനായെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീനയ്ക്ക് ഫൈനലില്‍ തോല്‍വി വഴങ്ങേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്റില്‍ ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് മുന്നില്‍ സെറീന കിരീടം അടിയറ വച്ചിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ എതിരാളികള്‍ക്കെതിരേ മികച്ച പ്രകടനം കാഴ്ചവച്ച സെറീന പക്ഷേ, അപ്രതീക്ഷിത തോല്‍വിയാണ് വഴങ്ങിയത്.
ആദ്യ സെറ്റില്‍ അടിതെറ്റിയ സെറീന രണ്ടാം സെറ്റില്‍ തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അവസാന സെറ്റില്‍ പിടിമുറുക്കി ബിയാന്‍ക ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു. ഇതുവരെ ഒരു ഗ്രാന്‍ഡ്സ്ലാമിന്റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ആന്ദ്രേസ്‌കു ഇതാദ്യമായാണ് യു.എസ് ഓപ്പണിന്റെ മെയിന്‍ ഡ്രോയില്‍ ഇടംപിടിക്കുന്നത്. രണ്ടാം സെറ്റില്‍ ഡബിള്‍ ബ്രേക്കിലൂടെയാണ് താരം കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്.
2014ലാണ് സെറീന ഫ്‌ളഷിങ് മെഡോസില്‍ അവസാനമായി കിരീടം സ്വന്തമാക്കിയത്. മറിയ ഷറപ്പോവയ്ക്കുശേഷം ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ കൗമാരതാരം കൂടിയാണ് ആന്ദ്രേസ്‌കു. 2004ല്‍ സെറീന വില്യംസിനെ വീഴ്ത്തി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുമ്പോള്‍ വെറും 17 വയസ് മാത്രമായിരുന്നു ഷറപ്പോവയ്ക്ക് പ്രായം.
ഈ വര്‍ഷം ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്- മത്സരശേഷം നേട്ടം വിശ്വസിക്കാനാവാതെ കോര്‍ട്ടില്‍ ഇരുന്നുപോയ ആന്ദ്രേസ്‌കു പറഞ്ഞു.
സെറീനയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം
ബിയാന്‍ക ജനിക്കും മുന്‍പെ
തന്റെ 18ാം വയസിലാണ് സെറീന ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയത്. 1999ലെ യു.എസ് ഓപ്പണ്‍ കിരീടത്തിന് വേണ്ടി മാര്‍ട്ടിന ഹിംഗിസിനെതിരേ പോരാടിയാണ് സെറീന ഈ കിരീടം ചൂടിയത്. ആ സമയം, ബിയാന്‍ക ആന്ദ്രേസ്‌കു ജനിച്ചിട്ടേ ഇല്ല എന്നതാണ് രസകരമായ കാര്യം. ബിയാന്‍ക ജനിച്ചതാവട്ടെ, 2000 ജൂണ്‍ 16ന്.
അതായത്, ബിയാന്‍ക ജനിക്കുന്നതിനും ഒരുകൊല്ലം മുന്‍പാണ് സെറീന തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയത്. ജനിച്ചതിന് ശേഷം ടെന്നിസ് അറിഞ്ഞത് മുതലേ സെറീനയെ ആരാധനാ പാത്രമാക്കിയ ബിയാന്‍കയ്ക്ക് ഇന്നലെ അവരെ പരാജയപ്പെടുത്തിയത് ഒരു ദിവാസ്വപ്നം പോലെയായിരുന്നു. സെറീനയെ ഒരു സെറ്റ് പോലും നേടാന്‍ സമ്മതിക്കാതെയായിരുന്നു ബിയാന്‍ക തന്റെ പേര് ചരിത്രത്തില്‍ തുന്നിച്ചേര്‍ത്തത്. അതേസമയം, അമ്മയായശേഷം നാലു ഗ്രാന്‍ഡ്സ്ലാമുകളുടെ ഫൈനലിലെത്തിയ സെറീന നാലിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് യു.എസ് ഓപ്പണിന് പുറമേ രണ്ട് വിംബിള്‍ഡണിലും ഫൈനലിലെത്തിയെങ്കിലും പരാജയപ്പെടാനായിരുന്നു സെറീനയുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."