വാഹന നിയമ ഭേദഗതി പഴി കേള്‍ക്കുമെന്ന് സി.പി.എം; കനത്ത പിഴ ഓണം കഴിഞ്ഞുമാത്രം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിരത്തിലെ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമഭേദഗതി സംസ്ഥാനത്ത് ധൃതിപ്പെട്ട് നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനം.
ഓണക്കാലം കഴിയുംവരെ ഇതിനായി കര്‍ശന വാഹനപരിശോധന വേണ്ടെന്നും തല്‍ക്കാലം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയാല്‍ മതിയെന്നും ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പൊലിസ്, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തീരുമാനിച്ചു. നിയമഭേദഗതി കേരളത്തില്‍ നടപ്പാക്കുന്നതിനെതിരേ സി.പി.എം രംഗത്തെത്തിയിരുന്നു. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നിയമഭേദഗതിക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.
നിയമഭേദഗതി അശാസ്ത്രീയമാണെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. ഉയര്‍ന്ന പിഴയീടാക്കുന്നത് വിപരീതഫലമുണ്ടാക്കും.
സംസ്ഥാനത്ത് നിയമം നടപ്പിലാക്കുന്നത് നീട്ടിവയ്ക്കാനാകുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പിഴ ഉയര്‍ത്തുന്നതിന് പകരം നിയമം കര്‍ശനമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു. നിയമഭേദഗതി അഴിമതിക്ക് കളമൊരുക്കുമെന്നും കോടിയേരി വിമര്‍ശിച്ചു.
നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് വിനയാകുമെന്ന വിലയിരുത്തലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. മിക്കയിടങ്ങളിലും ജനങ്ങളും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നുണ്ട്. നിയമഭേദഗതി തൊഴിലാളിവിരുദ്ധമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇതിനുപുറമേ ഇന്നലെ മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും നിയമലംഘനങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ മുഖ്യമന്ത്രി ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."