പള്ളിമേടയിലുണ്ടായ സംഭവം: സിസ്റ്റര്‍ അനുപമയോട് ക്ഷമ ചോദിച്ചു
പൂച്ചാക്കല്‍:പള്ളിപ്പുറം ജലന്തര്‍ രൂപതാ വൈദികനായിരുന്ന ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരത്തിനു ശേഷം പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിലുണ്ടായ അനിഷ്ഠ സംഭവങ്ങളില്‍ കൈക്കാരന്‍ ടോമി ഉലഹന്നാന്‍ സിസ്റ്റര്‍.
അനുപയോട് ക്ഷമ ചോദിച്ചു. ഇന്നലെ വികാരി ഫാ. ജോസ് ഒഴലക്കാട്ടിന്റെയും സിസ്റ്റര്‍ അനുപമയുടെ പിതാവ് വര്‍ഗീസിന്റെയും സാന്നിദ്ധ്യത്തില്‍ ഫോണിലാണ് ക്ഷമ ചോദിച്ചത്.വ്യാഴാഴ്ച്ച വൈകിട്ടു ഫാ.കുര്യാക്കോസിന്റെ സംസ്‌കാരത്തിനു ശേഷം പള്ളിമേടയില്‍ മാധ്യമങ്ങളെ കാണാനൊരുങ്ങിയ സിസ്റ്റര്‍ അനുപമയോടും ഒപ്പമുളളവരോടും ഇവിടെ നിന്നു സംസാരിക്കാന്‍ പറ്റില്ലെന്നു അറിയിച്ചു ടോമി ഉലഹന്നാന്റെ നേതൃത്വത്തില്‍ മേടയില്‍ നിന്നു ഇറക്കി വിട്ടിരുന്നു.കരഞ്ഞുകൊണ്ടിറങ്ങിയ സിസ്റ്റര്‍ മേടയ്ക്കു പുറത്തു നിന്നു മാധ്യമങ്ങളെ കണ്ടു.സംഭവത്തില്‍ സിസ്റ്ററിന്റെ പിതാവ് വര്‍ഗീസ് പള്ളി വികാരിയ്ക്കു പരാതിയും നല്‍കിയിരുന്നു.ഇന്നലെ കാര്യങ്ങള്‍ പരസ്പരം സംസാരിച്ച ശേഷം ഒന്നും മനപൂര്‍വമായിരുന്നില്ലെന്നും താന്‍ ആരുടെയും കക്ഷിയല്ലെന്നും സംഭവത്തില്‍ ദുഃഖമുണ്ടെന്നും ക്ഷമ ചോദിക്കുന്നെന്നും ടോമി പറഞ്ഞു.സിസ്റ്ററിന്റെ പിതാവ് വര്‍ഗീസിനോടും ഖേദം അറിയിച്ചു.ജലന്തര്‍ രൂപതാ ബിഷപ് ആയിരുന്ന ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിലെ സാക്ഷിയായിരുന്നു ഫാ.കുര്യാക്കോസ് കാട്ടുതറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."