ബി.ജെ.പിക്ക് ഗുജറാത്ത് നഷ്ടമാവുമെന്ന് ആര്‍.എസ്.എസ് സര്‍വേ
ന്യൂഡല്‍ഹി: ദലിത് പ്രക്ഷോഭം നടക്കുന്ന ഗുജറാത്തില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ സംസ്ഥാനം ബി.ജെ.പിയ്ക്ക് നഷ്ടമാവുമെന്ന് ആര്‍.എസ്.എസിന്റെ രഹസ്യസര്‍വേ ഫലം. സംസ്ഥാനത്ത് ആകെയുള്ള 182 സീറ്റുകളില്‍ 60നും 65നും ഇടയില്‍ സീറ്റുകള്‍ മാത്രമെ ബി.ജെ.പിക്കു നേടാനാവുകയുള്ളൂ. ഉനയില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്നാരോപിച്ച് ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തെതുടര്‍ന്നാണ് സംസ്ഥാനത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇതിനു പിന്നാലെ കഴിഞ്ഞദിവസം മുഖ്യമന്ത്രി ആനന്ദ്‌ബെന്‍ പട്ടേല്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ അഭിമാന സംസ്ഥാനമായി അവര്‍ അവകാശപ്പെടുന്ന ഗുജറാത്തിലെ രാഷ്ട്രീയകാലാവസ്ഥ വ്യക്തമാക്കുന്ന സര്‍വേ ആര്‍.എസ്.എസ് പുറത്തുവിട്ടത്. ശാഖാതലത്തില്‍ ആര്‍.എസ്.എസ് പ്രചാരകരാണ് സര്‍വേ നടത്തിയത്. സംസ്ഥാനത്തെ പ്രബലവിഭാഗമായ ദലിതുകള്‍ ബി.ജെ.പിയില്‍നിന്ന് അകന്നതായും അതു തെരഞ്ഞെടുപ്പുഫലത്തെ ബാധിക്കുമെന്നുമാണ് സര്‍വേയുടെ കണ്ടെത്തല്‍. ഗുജറാത്തില്‍ അടുത്തവര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
ആനന്ദിബെന്‍ പട്ടേലിന്റെ രാജിയ്ക്കു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനു തയാറാണെന്ന് പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍സിങ് വഗേല പറഞ്ഞിരുന്നു.
കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്‍പ് സംസ്ഥാനത്തെ അറിയപ്പെട്ട ആര്‍.എസ്.എസ് പ്രചാരകനായിരുന്നു വഗേല. പിന്നോക്കവിഭാഗം ബി.ജെ.പിയെ കൈയൊഴിയുന്നതിനാലാണ് വഗേല ഇങ്ങനെ പറഞ്ഞതെന്ന് ആര്‍.എസ്.എസ് കരുതുന്നു. ദലിത് പ്രക്ഷോഭത്തിനു പുറമെ, പതിതര്‍ വിഭാഗം സംവരണം ആവശ്യപ്പെട്ട് സമരം നടത്തിയതിനാല്‍ ബി.ജെ.പി സര്‍ക്കാരില്‍ അവരും അസംതൃപ്തരാണ്.
പതിതരുടെ പ്രക്ഷോഭംമൂലം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 105 സീറ്റുകള്‍ നഷ്ടമായതായി ആര്‍.എസ്.എസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പം, സര്‍ക്കാര്‍ ജോലിയും ഭൂമിയും ആവശ്യപ്പെട്ട് ആദിവാസികളും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ബി.ജെ.പിയുമായുള്ള ദലിതുകളുടെ നിസഹകരണംമൂലം രണ്ടുദിവസം മുന്‍പ് ഉത്തര്‍പ്രദേശില്‍ നടത്താനിരുന്ന പാര്‍ട്ടിയുടെ റാലി മാറ്റിവച്ചിരുന്നു. 40,000ത്തോളം ദലിതരെ പങ്കെടുപ്പിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ അഭിസംബോധനചെയ്യുമെന്ന് അറിയിച്ച റാലിയാണ് മാറ്റിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."