കാളികാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് ഭാഷാസമര സ്മരണ പുതുക്കും ശിഹാബ് ഫൈസി കല്ലാമൂല
കാളികാവ്: മൂന്ന് രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ അന്തിയുറങ്ങുന്ന കാളികാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് ഭാഷാ സമരസ്മരണ പുതുക്കും. അറബി ഭാഷയുടെ നിലനില്‍പിന് അധികാരികള്‍ക്കെതിരെ സമരം നടത്തി പൊലിസ് വെടിയേറ്റ് മരണപ്പെട്ട കുഞ്ഞിപ്പയും, പിറന്ന നാടിന്റെ സംരക്ഷണത്തിനായി അഭിമാനത്തോടെ ധീര രക്തസാക്ഷിത്വം വഹിച്ച വീര ജവാന്‍ അബ്ദുല്‍ നാസറും, കാളികാവിന്റെ പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് കുഞ്ഞാലിയുടെയും കണ്ണീരിന്റെ ജ്വലിക്കുന്ന ഓര്‍മകളാണ് കഥ പറയുന്നത്.
കാളികാവുകാരുടെ അഭിമാന ബോധമുയര്‍ത്തിയ രക്തസാക്ഷിത്വമായിരുന്നു ജവാന്‍ നാസറിന്റേത്. 1999ല്‍ കാര്‍ഗില്‍ മലനിരകളില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു കാളികാവ് ചെങ്കോടിലെ പൂതംകോട്ടില്‍ അബ്ദുല്‍ നാസര്‍ എന്ന ജവാന്‍ നാസര്‍. കാര്‍ഗില്‍ യുദ്ധ വിജയത്തിന് രണ്ട് ദിവസം മുന്‍പാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ ഈ സംഭവം. എസ്.കെ.എസ്.എസ്.എഫിന്റെയും സമസ്തയുടേയും നാട്ടിലെ സജീവ പ്രവര്‍ത്തകനായിരുന്നു നാസര്‍. 1976ല്‍ പൂതംകോട്ടില്‍ മുഹമ്മദിന്റെയും ഫാത്തിമ സുഹ്‌റയുടെയും മകനാണ്. കാളികാവ് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് സഖാവ് കുഞ്ഞാലിയുടെ ഓര്‍മകള്‍ക്ക് 47 തികഞ്ഞു. 1969 ജൂലൈ 26 നായിരുന്നു നിലമ്പൂര്‍ എം.എല്‍.എ ആയിരുന്ന കുഞ്ഞാലി രാഷട്രീയ എതിരാളികളുടെ വെടിയേറ്റത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹം 28 നാണ് വിട പറഞ്ഞത്. നായനാര്‍ സര്‍ക്കാരിന്റെ അറബി ഭാഷാ വിരുദ്ധ ഇടപെടലുകള്‍ക്കെതിരേ 1980 ജൂലൈ 30ന് കലക്ട്രേറ്റുകള്‍ പിക്കറ്റിങ് ചെയ്യുകയായിരുന്ന മുസ്‌ലിംയൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍. മലപ്പുറത്തു നടന്ന പിക്കറ്റിങില്‍ ഒരു പ്രകോപനവും കൂടാതെയാണ് പൊലിസ് വെടിവച്ചത്. വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ലീഗ് പ്രവര്‍ത്തകരായ മജീദ്, റഹ്മാന്‍ എന്നിവരോടൊപ്പം കാളികാവുകാരുടെ പ്രിയ കുഞ്ഞിപ്പയുമുണ്ടായിരുന്നു.
ഭാഷാസമര സ്മരണ പുതുക്കി ഇന്ന് ളുഹര്‍ നമസ്‌കാരത്തിന് ശേഷം കാളികാവ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ കുഞ്ഞിപ്പയുടെ ഖബര്‍ സിയാറത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. അനുസ്മരണ സമ്മേളനം യൂത്ത്‌ലീഗ് ദിനമായ ജൂലൈ 30ന് കാളികാവില്‍ വിപുലമായി സംഘടിപ്പിക്കാന്‍ സംഘടക സമിതി തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."