മൂന്നാറ്റിന്‍മുക്കില്‍ റോഡിന് കുറുകെ ആനകള്‍; പ്രദേശവാസികള്‍ ഭീതിയില്‍
കാട്ടാക്കട: മൂന്നാറ്റിന്‍മുക്ക് നാടുമായി അടുത്തു കിടക്കുന്ന വന ഭാഗമാണ്. മൂന്ന് ചെറു നദികള്‍ സംഗമിക്കുന്ന പ്രദേശം. ഇവിടെ കാട്ടാനകളുടെ ഒത്തുചേരല്‍ നടക്കുന്ന പ്രദേശവുമാണ്. കൂട്ടത്തോടെ എത്തുന്ന കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതും ഇവിടെ നിന്നാണ്. കഴിഞ്ഞ രണ്ടു ദിവസമായി മൂന്നാറ്റിന്‍മുക്ക് ആനകളുടെ താവളമായി മാറി. അവരുടെ ലക്ഷ്യം ഇനി നാടാണ്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കാട്ടാനകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന നിവാസികള്‍ക്ക് മുന്നിലാണ് വീണ്ടും ആനകള്‍ എത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി വന താഴ്‌വാരത്ത് എത്തി വിക്രിയകള്‍ കാട്ടി ആനകള്‍ തമിര്‍ക്കുകയാണ്.
ഇവിടുത്തെ ഈറക്കാടുകള്‍ ആകെ നശിപ്പിച്ചാണ് ഇവര്‍ വിഹരിക്കുന്നത്. ചോനംപാറയിലെ ഈറ്റക്കാടുകള്‍ താണ്ടി പാലമൂട്, അഞ്ചുനാഴിത്തോട് എന്നിവ വഴി എത്തിയ കാട്ടാനകള്‍ വനം കടന്ന് അടുത്തുള്ള ഭാഗങ്ങളില്‍ തലകാണിച്ച് മടങ്ങി. ഇനി കൂട്ടമായി എത്തുന്നതിനുള്ള അടയാളമാണ് ഈ വരവ്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവ വനത്തില്‍ നിന്നും ഇറങ്ങി തുടങ്ങിയിട്ട്. പുലര്‍ച്ചെയാണ് എത്തുന്നത്. കൂട്ടമായി എത്തുന്ന ഇവറ്റകള്‍ ആദ്യം കണ്ണുവയ്ക്കുന്നത് കൃഷി ഭൂമിയിലാണ്. കപ്പ, വാഴ, തുടങ്ങി എന്തിലും ആക്രമണം നടത്തുന്ന കാട്ടുമൃഗങ്ങള്‍ വന്‍ നാശമാണ് വരുത്തി വയ്ക്കുന്നത്. മണിക്കൂറുകളോളം തമ്പടിക്കുന്ന മൃഗങ്ങള്‍ നിവാസികളുടെ ജീവനു വരെ ഭീഷണിയായിട്ടുണ്ട്. റബര്‍ ചെടികള്‍ ഇവറ്റകള്‍ക്ക് ഇപ്പോള്‍ പ്രിയമായി മാറിയിട്ടുണ്ട്.
കാട്ടാനകളെ മുന്‍പ് പടക്കം പൊട്ടിച്ച് വിരട്ടി ഓടിക്കുമായിരുന്നു. എന്നാല്‍ അത് വനം വകുപ്പ് കേസ് ആക്കിയതോടെ അതും നിലച്ചു. ഇപ്പോള്‍ ആനകള്‍ വന്നാല്‍ മാറി നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് നാട്ടുകാര്‍ക്ക്. കാടിറങ്ങുന്ന കാട്ടാനകള്‍ നിരവധി പേരെയാണ് കൊന്നിട്ടുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 12 പേരെ കാട്ടാനകള്‍ കൊന്നു. നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. അടുത്തിടെ പാലമൂട്ടില്‍ കാട്ടാനകള്‍ കൂട്ടത്തോടെ എത്തിയതില്‍ ഒരു കൊമ്പന്‍ കുഴിയില്‍ വീണിരുന്നു. ഈ കൊമ്പനെ രക്ഷിക്കാന്‍ ആനകൂട്ടം ഒരു ദിവസമാണ് ഇവിടെ നിന്നത്. പിന്നീട് വനം വകുപ്പ് കൊമ്പനെ കുഴിയില്‍ നിന്നും എടുത്ത് ആനപുനരധിവാസകേന്ദ്രത്തില്‍ ആക്കുകയായിരുന്നു. ആ ദിവസം അക്രമാസക്തനായി നിന്ന കാട്ടാനകൂട്ടത്തെ ഓടിക്കാന്‍ വനം വകുപ്പ് നന്നേ പാടുപെട്ടു. അതേ നില തന്നെയാണ് ഇപ്പോഴും.
കൊമ്പനെ രക്ഷിക്കാന്‍ അന്ന് വനംവകുപ്പ് എത്തി. എന്നാല്‍ കാട്ടാനകൂട്ടം എത്തിയാല്‍ വനംവകുപ്പ് തിരിഞ്ഞുനോക്കില്ല. ഇതു വഴിയാണ് കാട്ടിലേക്ക് റോഡുള്ളത്. റോഡിലാണ് അക്രമാസക്തരായി ആനകള്‍ നില്‍ക്കാറ്. അതിനാല്‍ ഇവരുടെ ജീവന് പോലും ഭീഷണിയാണ്. വനത്തിനകത്ത് ആഹാരം കുറഞ്ഞതാണ് മൃഗങ്ങള്‍ നാട്ടിലേയ്ക്ക് എത്താന്‍ കാരണമെന്ന് ചൂണ്ടികാട്ടപ്പെടുന്നു. ഇവറ്റകള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ ഇപ്പോള്‍ ലഭ്യമാകാറില്ലെന്ന് വനപാലകരും സമ്മതിക്കുന്നു. ആനകള്‍ക്ക് പ്രിയപ്പെട്ട മുള വനത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. മുള നട്ടുപിടിപ്പിക്കാനുള്ള ശ്രമങ്ങളാകട്ടെ എങ്ങും എത്തിയിട്ടില്ല.
കാട്ടുമൃഗങ്ങളുടെ വരവ് വന്‍ ഭീഷണിയായി മാറിയിട്ടും വനം വകുപ്പ് തടയാന്‍ ഒരു നടപടിയും എടുത്തിട്ടില്ല. കുറ്റിച്ചല്‍, കള്ളിക്കാട്, അമ്പൂരി, ആര്യനാട്, വിതുര പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് കപ്പ കൃഷി പേരിന് പോലും ചെയ്യാന്‍ കഴിയുന്നില്ല. റബര്‍ കൃഷി എവിടെ തുടങ്ങിയോ അവിടെ മൃഗങ്ങള്‍ എത്തും. കാട്ടുമൃഗങ്ങളെ തുരത്താന്‍ കര്‍ഷകര്‍കരേ വനനിയമങ്ങള്‍ അനുവദിക്കുന്നില്ല. ഈ പ്രശ്‌നത്തില്‍ വനം വകുപ്പ് ചില പദ്ധതികള്‍ നടപ്പിലാക്കുമെന്നും ആഹാരത്തിനായുള്ളവ നട്ടുപിടിപ്പിക്കാനും വനം വകുപ്പ് എന്തെങ്കിലും ചെയ്യുമോ എന്ന പ്രതീക്ഷയും നാട്ടുകാര്‍ക്ക് ഇപ്പോഴില്ലാത്ത നിലയാണ്. മാത്രമല്ല ആനകള്‍ നാട്ടില്‍ ഇറങ്ങുന്നത് കണ്ടെത്താനും അത് തടയാനും വേണ്ടി വനം വകുപ്പ് നിര്‍മിച്ചതാണ് വാച്ചേഴ്‌സ് ടവര്‍. എന്നാല്‍ ആ ടവറില്‍ ആളനക്കമില്ല. അഥവാ ആനവേട്ടക്കാര്‍ വന്നാല്‍പോലും സഖമായി ഈ ടവര്‍ വഴി കടന്നുപോകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."