എം.എല്‍.എ ഫണ്ട്: പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ പ്രത്യേക യോഗം ചേരും
കൊല്ലം: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന വികസന പദ്ധതികളില്‍ കാലതാമസം നേരിടുന്നവയുടെ സുഗമമായ നിര്‍വഹണത്തിന് പ്രത്യേക യോഗം വിളിക്കണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി നിര്‍ദേശിച്ചു. വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികളെക്കുറിച്ച് ബന്ധപ്പെട്ട എം.എല്‍.എയും കലക്ടറും നിര്‍വഹണ ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ മേഖലകളില്‍ റോഡുകള്‍ക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിന് സമയബന്ധതമായി നടപടികള്‍ സ്വീകരിക്കണമെന്നും കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍ നിര്‍മിക്കുമ്പോള്‍ പൈപ്പിടുന്നതിന് പിന്നീട് വെട്ടിപ്പൊളിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ധാരണയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാതാ വികസനത്തിന് കരുനാഗപ്പള്ളി ടൗണില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യാപകമായ പരാതി ഉണ്ടെന്നും നിലവിലെ അലൈമെന്റ് പ്രകാരം ഏറ്റെടുക്കല്‍ നടത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതുള്‍പ്പടെ സ്ഥലം നഷ്ടപ്പെടുമെന്നും ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.
കല്ലടപൊഴീക്കല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും ചീക്കല്‍കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മണ്‍റോ തുരുത്ത് ശങ്കുരത്തില്‍ പാലം ഗതാഗത യോഗ്യമാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.
പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ വികസന സമിതി യോഗത്തിനോടനുബന്ധിച്ച് അവലോകനം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു.
ജില്ലയിലെ കുളങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. റോഡരികിലെ ജലാശയങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ടായി.
ഗ്രാമീണ മേഖലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ കാര്യക്ഷമമാക്കണമെന്നും നോട്ടിഫൈ ചെയ്ത റൂട്ടുകളില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. എല്ലാ സ്‌കൂള്‍ ബസുകളിലും ജി.പി.എസ് സംവിധാനം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."