ജെ.ഇ.ഇ മെയിന്‍ 30 വരെ അപേക്ഷിക്കാം
കോഴിക്കോട് ഉള്‍പ്പെടെയുള്ള എന്‍.ഐ.ടികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികള്‍, കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ ബി. ടെക്, ബി ആര്‍ക്, ബി പ്ലാന്‍ അഡ്മിഷനും വിവിധ സംസ്ഥാന എന്‍ജിനീയറിങ് കോളജുകളിലെ കേന്ദ്ര ക്വാട്ടയില്‍ പ്രവേശനത്തിനുമുള്ള പൊതുപ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍- മെയിന്‍ (ജെ.ഇ.ഇ- മെയിന്‍) പരീക്ഷയ്ക്കു സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. പരീക്ഷ ജനുവരി ആറു മുതല്‍ 11 വരെ നടത്തും. ജനുവരി 31ന് ഫലം പ്രഖ്യാപിക്കും.
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് പരീക്ഷ നടത്തുന്നത്. ഇതില്‍ ആദ്യ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം ലഭിക്കുന്ന അപേക്ഷാ നമ്പര്‍ കുറിച്ചുവയ്ക്കണം. ഫോട്ടോ ഗ്രാഫ് (10 കെ.ബി-100 കെ.ബി), കൈയൊപ്പ് (4 കെ.ബി-30 കെ.ബി) എന്നിവ ജെ.പി.ജി ഫോര്‍മാറ്റില്‍ അപ്‌ലോഡ് ചെയ്യണം. തുടര്‍ന്നു പരീക്ഷാ ഫീസ് അടയ്ക്കണം. അതിനു ശേഷം കണ്‍ഫര്‍മേഷന്‍ പേജിന്റെ നാല് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. യാതൊരു രേഖകളും എന്‍.ടി.എയ്ക്ക് അയക്കേണ്ടതില്ല.
ഒരു പേപ്പറിന് 650 രൂപയാണ് പരീക്ഷാ ഫീസ്. പെണ്‍കുട്ടികള്‍ക്കും പട്ടിക ജാതി, പട്ടികവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇതു യഥാക്രമം 325, 650 രൂപ. രാജ്യത്തിനു പുറത്തു സെന്റര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പരീക്ഷാ ഫീസ് ഒരു പേപ്പറിന് 3000 രൂപ. രണ്ടു പേപ്പറിനും കൂടി 6000 രൂപ.
കേരളത്തില്‍ ആലപ്പുഴ, അങ്കമാലി, ചെങ്ങന്നൂര്‍, എറണാകുളം, ഇടുക്കി, കാഞ്ഞിരപ്പള്ളി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോതമംഗലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, മൂവാറ്റുപുഴ, പാലക്കാട്, പത്തനംതിട്ട. തിരുവനന്തപുരം, തൃശൂര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
പ്ലസ്ടുവിന് 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് 65 ശതമാനം മാര്‍ക്ക് മതി. പ്രായപരിധി ഇല്ല. 2018, 2019 വര്‍ഷങ്ങളില്‍ പ്ലസ്ടു പാസായവര്‍ക്കും 2020 ല്‍ അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടുതലത്തില്‍ അഞ്ചു വിഷയങ്ങള്‍ പഠിച്ചവരായിരിക്കണം അപേക്ഷകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: www.nta.ac.in , www.jeemain.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."