ദലിതര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ: എ.പി ഉണ്ണികൃഷ്ണന്‍
മങ്കട: ദലിത് സമൂഹത്തിന് രാജ്യത്തു ജീവിക്കാന്‍പോലും പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നത് അപകടകരമാണെന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റും ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി ഉണ്ണികൃഷ്ണന്‍. ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റു പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്ഷേത്ര പൂജാരി ബിജു നാരായണ ശര്‍മയെ സന്ദദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലിത് സമൂഹത്തിന്റെ സംരക്ഷണത്തിനു നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും അവ കാറ്റില്‍പറത്തുന്ന അവസ്ഥയാണുള്ളത്. ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ ക്ഷേത്ര പൂജാരി ദലിത് വിഭാത്തില്‍പ്പെട്ടയാളായതുകൊണ്ടു സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം.
ഇതില്‍ ഗൂഢാലോചനയുണ്ടോയെന്ന കാര്യം പരിശോധിക്കണം. ആക്രമണം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും അക്രമിയെ കണ്ടെത്താനോ അന്വേഷണം നേരായ വഴിയില്‍ നടത്താനോ പൊലിസ് തയാറാകാത്തത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. എസ്. അബ്ദുസ്സലാം, നാലകത്ത് ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പെട്ടമണ്ണ റീന, സി.പി ശശിധരന്‍, വിജയന്‍ ഏലംകുളം, കുഞ്ഞുട്ടി മങ്കട എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."