അധ്യാപകരില്ലാത്തതിനാല്‍ പഠനം താളം തെറ്റുന്നു; അപ്രഖ്യാപിത നിയമന നിരോധനമെന്ന് ആക്ഷേപം
ചീമേനി: അധ്യാപക നിയമനത്തില്‍ അപ്രഖ്യാപിത നിയമന നിരോധനമെന്ന് ആക്ഷേപം. അധ്യാപകരില്ലാതെ വിദ്യാലയങ്ങളില്‍ പഠനം താളം തെറ്റുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല. എല്‍.പി, യു.പി സ്‌കൂളുകളില്‍ അധ്യാപകനിയമനത്തിനുള്ള നടപടികള്‍ തുടങ്ങി നാലുവര്‍ഷമായെങ്കിലും റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നത് അനന്തമായി നീളുകയാണ്. ഇതിനിടയില്‍ അധ്യയന വര്‍ഷം ആരംഭിച്ചു അഞ്ചുമാസം പിന്നിടുമ്പോള്‍ നടന്ന അധ്യാപക സ്ഥലം മാറ്റവും നിരവധി വിദ്യാലയങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. മൂന്നും നാലും അധ്യാപകര്‍ സ്ഥലംമാറ്റം വാങ്ങി പോയെങ്കിലും പകരം ഒരാള്‍ പോലും സ്ഥലം മാറ്റംവാങ്ങി എത്താത്ത നിരവധി വിദ്യാലയങ്ങള്‍ ജില്ലയുടെ വടക്കന്‍ മേഖകളിലുണ്ട്.
പഠനം മുടങ്ങാതിരിക്കാന്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന് അഭിമുഖം നടത്താന്‍ ഒരുങ്ങുകയാണ് ഇത്തരം വിദ്യാലയങ്ങള്‍. എല്‍.പി വിഭാഗത്തില്‍ 354 ഒഴിവുകളാണ് പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ആറായിരം അധ്യാപകരെ ഈ അധ്യയനവര്‍ഷം നിയമിക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ മൂന്നുമാസം മുന്‍പു പ്രഖ്യാപിച്ചിരുന്നു. അതിനായി ദ്രുതഗതിയില്‍ അഭിമുഖവും നടത്തി.
എന്നാല്‍ റാങ്ക് ലിസ്റ്റ് ഇറക്കുന്നതില്‍ അനാവശ്യ കാലതാമസം വരുത്തുകയാണെന്നാണ് ആക്ഷേപം. ഇതേതുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തുകളയച്ചു പ്രതിഷേധമറിയിച്ചു.
യു.പി അധ്യാപക നിയമനത്തിലും സാവധാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെയുള്ള വിദ്യാലയ വികസന പദ്ധതികള്‍ നടപ്പാക്കുന്ന വേളയിലാണ് വിദ്യാലയങ്ങളില്‍ അധ്യാപകരില്ലാത്ത ദുരവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."