ജോസ്ഗിരിയിലെ കര്‍ഷക കുടിയിറക്ക്; വന്‍ അഴിമതിയെന്ന് ആരോപണം
കാര്‍ത്തികപുരം: ജോസ് ഗിരിയിലെ 118 ഏക്കറിലെ കുടിയിറക്ക് പ്രശ്‌നത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം.
നിലവിലെ കൈവശക്കാര്‍ക്ക് നല്‍കുന്ന പണത്തിലാണ് ആശയക്കുഴപ്പമുള്ളത്. പലര്‍ക്കും മുമ്പ് പറഞ്ഞതരത്തിലുള്ള പണം നല്‍കാതെ കബളിപ്പിച്ചതായി കൈവശക്കാര്‍ പരാതിപ്പെട്ടു. മുന്‍ താമസക്കാരെ പാടെ അവഗണിക്കുന്ന രീതിയിലാണ് പണം വീതം വയ്ക്കുന്നതെന്നും ആരോപണമുയര്‍ന്നു. തരുന്ന പണം വാങ്ങി ഒഴിഞ്ഞുപോയില്ലെങ്കില്‍ ഒരു രൂപ പോലും തരാതെ ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. ആദ്യഘട്ട വിതരണത്തിനായി പുളിങ്ങോം സഹകരണ ബാങ്കില്‍ ഷൈജു അഴകത്തിന്റെയും മാത്യു ചിറക്കലിന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങുകയും അതില്‍ എഴുപത്തഞ്ച് ലക്ഷം എത്തിയതായും സൂചനയുണ്ട്. ഇതില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് പണം കൈമാറുന്നത്.
എന്നാല്‍ അത് കൈമാറുന്നത് ഒന്നോ രണ്ടോ വ്യക്തികളുടെ ഇഷ്ടത്തിനു സ്ഥലത്തിനു വില നിര്‍ണയിച്ചാണ്. ഇത് ശരിയല്ലയെന്നും ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ഭൂമിയുടെ വില കണക്കാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇതിനെതിരേ ഉടന്‍ പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."